ന്യൂഡൽഹി: ഹോളി ആഘോഷിക്കുന്നതിനിടെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനോടാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് തേടിയത്. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുള്ളതെന്ന് സുഷമ സ്വരാജ് ട്വീറ്റ് ചെയ്‌തു.
സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലുള്ള ധാർകിയിലാണ് സംഭവം. റീന (15), രവീണ (13) പെൺകുട്ടികളെയാണ് ഹോളി ആഘോഷത്തിനിടെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതംമാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെ പ്രദേശത്തെ ഹിന്ദുമത വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ, പെൺകുട്ടികളെ ഉടൻ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പഞ്ചാബ് മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകി.
സംഭവത്തിൽ അന്വേഷണം നടത്തുന്നതിനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. തട്ടിക്കൊണ്ടുപോയതിന് പിന്നാലെ രണ്ട് പെൺകുട്ടികളെയും വിവാഹം കഴിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇരുവരും അവകാശപ്പെടുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |