SignIn
Kerala Kaumudi Online
Saturday, 27 April 2024 1.17 AM IST

മഹാരാഷ്ട്രയിലെ അറസ്റ്റ് നാടകം

kk

അവശ്യം പാലിക്കപ്പെടേണ്ട രാഷ്ട്രീയ മര്യാദയും ഔചിത്യബോധവുമൊക്കെ മറന്നാൽ ഉണ്ടാകാവുന്ന വിപത്തിന്റെ ചെറുതല്ലാത്ത ഉദാഹരണങ്ങളിലൊന്നു മാത്രമാണ് മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ രാഷ്ട്രീയപ്പോര്. ബാന്ധവം തകർന്നതോടെ പരസ്പരം കടിച്ചുകീറാൻ നിൽക്കുന്ന ശിവസേനയ്ക്കും ബി.ജെ.പിക്കും തെരുവിൽ പരസ്യമായി പോരാടാൻ ലഭിച്ച ഒരവസരം ഇരുകൂട്ടരും പാഴാക്കിയില്ലെന്ന സവിശേഷതയുമുണ്ട്. സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വേദിയിലിരുന്ന സഹപ്രവർത്തകനോട് ഇത് എത്രാമത്തെ സ്വാതന്ത്ര്യദിന വാർഷികമാണെന്ന് ആരാഞ്ഞതിനെച്ചൊല്ലി ഉയർന്ന വിവാദമാണ് കേന്ദ്രമന്ത്രി നാരായൺ റാണെയുടെ അറസ്റ്റിലേക്കും തുടർന്ന് തെരുവുയുദ്ധത്തിലേക്കും നയിച്ചത്. ജനസമ്പർക്ക യാത്രയ്ക്കിടെ കേന്ദ്രമന്ത്രി മുഖ്യമന്ത്രിയുടെ അജ്ഞതയെ പരിഹസിക്കുക മാത്രമല്ല താൻ വേദിയിലുണ്ടായിരുന്നുവെങ്കിൽ കരണത്ത് നന്നായൊന്ന് പൊട്ടിച്ചേനെ എന്നുകൂടി പറഞ്ഞിരുന്നു. ആ പരാമർശമാണ് പ്രശ്നമായത്. മുഖ്യമന്ത്രിയെ കരണത്തടിക്കുമെന്ന് പരസ്യമായി പറഞ്ഞതിന് കേന്ദ്രമന്ത്രി റാണെക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുകയാണ്. ഉച്ചയൂണു കഴിച്ചുകൊണ്ടിരിക്കെയാണ് എസ്.പിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സാധാരണഗതിയിൽ കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽത്തന്നെ വിട്ടയയ്ക്കാൻ കഴിയുമായിരുന്നു. എന്നാൽ അതു ചെയ്യാതെ പകൽ മുഴുവൻ അറസ്റ്റിൽ പാർപ്പിച്ച് രാത്രിയോടെ കോടതി ഇടപെട്ടാണ് മോചിപ്പിക്കുന്നത്. അതിരുകടന്ന അധികാര ദുർവിനിയോഗമാണ് ഈ സംഭവത്തിലുടനീളം കാണാനാവുന്നത്. പ്രസംഗത്തിനിടെ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ നിയമപുസ്തകം പരതിയാൽ കേസെടുക്കാനുള്ള വകുപ്പുകളുണ്ടാകും. എന്നാൽ കൊടിയ ക്രിമിനൽ കുറ്റവാളികളോടെന്ന പോലെ ഒരു കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്ത് മണിക്കൂറുകളോളം കസ്റ്റഡിയിൽ വച്ചുകൊണ്ടിരുന്നതിന് ന്യായീകരണമൊന്നുമില്ല. രാഷ്ട്രീയ വൈരം തീർക്കാൻ വഴി ഇതല്ലെന്നു വ്യക്തം. മാത്രമല്ല റാണെയെപ്പോലെ സമുന്നതനായൊരു നേതാവിനെ കേവലം ഒരു പരാമർശത്തിന്റെ പേരിൽ അറസ്റ്റ് ചെയ്താലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മഹാരാഷ്ട്ര സർക്കാർ തീർച്ചയായും ഓർക്കേണ്ടതായിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ റാണെ നടത്തിയ പരാമർശം സമാധാന ഭംഗമുണ്ടാക്കാൻ പോന്നതാണെന്നുകൂടി പറഞ്ഞുകൊണ്ടാണ് കേസെടുത്തത്. അതേസമയം ഇത്തരത്തിലൊരു അറസ്റ്റ് വലിയതോതിൽ സംഘർഷത്തിനും ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിനും കാരണമായേക്കാമെന്ന വസ്തുത ഉത്തരവാദപ്പെട്ടവരാരും ഓർത്തതുമില്ല. തങ്ങൾ പറയുന്നതും ചെയ്യുന്നതുമാണ് നിയമമെന്നു പറഞ്ഞ് ഒരുകാലത്ത് നിയമം കൈയിലെടുത്തവരുടെ പിൻമുറക്കാരാണ് ഇപ്പോൾ അധികാരം കൈയാളുന്നതെന്ന കാര്യവും മറക്കരുത്. വാവിട്ട വാക്കുകളിലൂടെ കേസിൽ കുടുങ്ങിയ കേന്ദ്രമന്ത്രി റാണെയും ഒരുനാൾ ശിവസേനയുടെ ഭാഗമായിരുന്നു എന്നു മാത്രമല്ല മുഖ്യമന്ത്രി പദത്തിലിരുന്ന ആൾ കൂടിയാണ്. അതുകൊണ്ട് ഈ അറസ്റ്റും കേസുമൊന്നും അദ്ദേഹത്തെ സംബന്ധിച്ച് വലിയ കാര്യമൊന്നുമല്ല.

പ്രശ്നം ഇതൊന്നുമല്ല. വീണ്ടുവിചാരമില്ലാതെ കൈക്കൊള്ളുന്ന ഇത്തരം നടപടികൾ സമാധാനാന്തരീക്ഷത്തിനും പൊതുസമൂഹത്തിനും എത്രമാത്രം ഭീഷണി സൃഷ്ടിക്കുന്നു എന്നാണ് ഓർക്കേണ്ടത്. റാണെയുടെ അറസ്റ്റിനെത്തുടർന്ന് വിവിധ ഭാഗങ്ങളിൽ ബി.ജെ.പിയുടെയും ശിവസേനയുടെയും പ്രവർത്തകർ തമ്മിൽ നടന്ന ഏറ്റുമുട്ടലുകളും സംഘർഷവും അതിനു തെളിവാണ്. മുംബയ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് അതു വ്യാപിച്ചാലുണ്ടാകാവുന്ന അപകടം വളരെ വലുതായിരിക്കും. അതിനിടവരാതിരിക്കട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.