SignIn
Kerala Kaumudi Online
Friday, 26 April 2024 11.26 PM IST

സ്വാതന്ത്ര്യത്തിന്റെ നിലാവിൽ ഇന്ത്യയുടെ പൊന്നോണം

gandhiji

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദം നുകർന്ന ഓർമ്മയ്ക്ക് മുക്കാൽ നൂറ്റാണ്ട് പ്രായമായപ്പോഴാണ് അത് ആഘോഷിക്കപ്പെടേണ്ടതാണെന്ന് സി.പി.എം തിരിച്ചറിഞ്ഞത്. വൈകിവന്നതെങ്കിലും വിവേകത്തിന് നല്ല നമസ്കാരം. സ്വതന്ത്ര ഇന്ത്യയിലെ എല്ലാ ജനങ്ങളും ഒരേമനസോടെ ആഘോഷിക്കുന്ന ഒരുത്സവവും നിലവിലില്ലാതിരിക്കെ അങ്ങനെയൊന്നു വേണമെന്ന് രാജ്യാഭിമാനം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയും ചിന്തിക്കുന്നില്ല. പിന്നെങ്ങനെ അഖണ്ഡഭാരതമെന്ന സങ്കല്പം യാഥാർത്ഥ്യമാക്കും? ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യരാജ്യമെന്ന് കീർത്തി നേടുമ്പോഴും പതിനായിരക്കണക്കിന് മനുഷ്യർ ആത്മാർപ്പണം ചെയ്തും ത്യാഗത്തിന്റെ പാരമ്യതയെ പുൽകിയും നേടിയ സ്വാതന്ത്ര്യം ദേശീയ ഉത്സവമാകാത്തത് എന്തുകൊണ്ടാണ്? ദേശീയപതാക പാറിച്ച്,​ എല്ലാവർക്കും ഒരേമനസോടെ 'ദേശീയഗാനം' ആലപിക്കാൻ പോലും ഇന്നും കഴിയുന്നില്ല. ദേശീയഗീതത്തെ നിന്ദിക്കുന്നവർ പോലുമുണ്ട് ഇന്ത്യയിൽ. അതിന് അവസരം നൽകുന്ന മറ്റൊരു രാജ്യവും ഉണ്ടാകാനിടയില്ല.

പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകമെന്നും ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗമെന്നും മലയാളികൾക്കെങ്കിലും അറിയാം. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ദേശാഭിമാനം തുടിക്കുന്ന ഇത്തരം ചിന്താധാരകൾ രൂപപ്പെട്ടിരുന്നു. അന്നും കുത്തിത്തിരിപ്പിന്റെയും കുതികാൽവെട്ടിന്റെയും വിഭാഗീയസംഘങ്ങൾ ഭാരതത്തിലുണ്ടായിരുന്നു. ഏത് നാട്ടിലും ഏത് പരിതോവസ്ഥയിലും അത്തരം പ്രതിലോമശക്തികൾ ഉണ്ടാവും. കാലം അവരെയും തിരുത്തുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്തേക്കാം. അതാണ് ഭൂലോകചരിത്രം.

കള്ളവും ചതിയുമില്ലാത്ത, സമ്പൂർണ സോഷ്യലിസം നടപ്പിലാക്കിയ ഒരു ഭരണാധികാരിയുടെ ജീവത്യാഗത്തിന്റെ ഓർമ്മയാണ് മലയാളികളുടെ പൊന്നോണം. ഭൂമിയിൽ സ്വർഗം സൃഷ്ടിച്ചു എന്നതാണ് മഹാബലി ചെയ്ത അപരാധം! സത്യത്തിന്റെ നിതാന്തജാഗ്രത വിളംബരം ചെയ്ത മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനമൂർത്തിയെയും നമ്മൾ ഇകഴ്ത്തുന്നില്ല. എല്ലാം ഈശ്വരനിശ്ചയമായി കാണാനും പൊറുക്കാനുമുള്ള മനസുകൂടി നമുക്കുണ്ടായതാകാം കാരണം.

സ്വാതന്ത്ര്യസമരത്തിന്റെ കഥ നേരെ തിരിച്ചാണ്. ഭാരതത്തെ പാരതന്ത്ര്യത്തിന്റെയും ചതിയുടെയും കൂത്തരങ്ങാക്കിയ ബ്രിട്ടീഷ് അധിപത്യത്തെ വീറുറ്റ പോരാട്ടങ്ങളുടെയും സമാനതകളില്ലാത്ത സഹനത്തിന്റെയും ശക്തിയാലാണ് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത്. ആത്മാഭിമാനം മാനംമുട്ടെ പ്രോജ്വലിക്കേണ്ട ഈ ദിനം ഔപചാരികമായ ചടങ്ങുകൾ നടത്തി സായൂജ്യമടയുന്ന ഏകദിനസ്മരണയാണിന്നും.

സ്വാതന്ത്ര്യമെന്നാൽ എന്താണെന്നു പോലും നമ്മൾ മറന്നുപോകുന്നു.​ നോബൽ പ്രൈസ് നേടുന്ന മഹത്വമോ പാണ്ഡിത്യമോ ഭരണതന്ത്രജ്ഞതയോ അല്ല സ്വാതന്ത്ര്യത്തെ നിർവചിക്കാനുള്ള അളവും യോഗ്യതയും. ബ്രിട്ടനോടുള്ള വിധേയത്വം പലരൂപത്തിലും ഭാവത്തിലും ഇന്നും നമ്മൾ പേറുന്നുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നത് ചിന്തിക്കാനേ ആവാത്ത കാര്യമാണെന്ന് കരുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിനെയും നമ്മൾ വാഴ്ത്തുകയും അദ്ദേഹത്തിന്റെ രചനകൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ പട്ടിണിയുണ്ടാകാൻ കാരണം ഇന്ത്യക്കാർ മുയലുകളെപ്പോലെ തിന്നുമുടിക്കുന്നതുകൊണ്ടാണെന്ന് അധിക്ഷേപിച്ചയാളാണ് ചർച്ചിൽ.​ സ്വാതന്ത്ര്യത്തിനായി സഹനസമരം നടത്തുന്ന ഗാന്ധിജിയെ കൈയുംകാലും കൂട്ടിക്കെട്ടി വൈസ്രോയി കയറിയ ആനയെക്കൊണ്ട് ചവിട്ടിക്കൂട്ടണമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചർച്ചിൽ പ്രധാനമന്ത്രി അല്ലാതിരുന്ന ഇടവേളയിലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും മറക്കാതിരിക്കാം. പക്ഷേ,​ ഓരോ വർഷം പിന്നിടുമ്പോഴും അതിന്റെ പ്രഭ മങ്ങുന്നതുപോലും നമ്മൾ അറിയുന്നില്ല.

ഇന്ന് പാർലമെന്റ് മന്ദിരമായി കാണുന്ന ഡൽഹിയിലെ കൗൺസിൽ മന്ദിരത്തിൽ സ്വാതന്ത്ര്യം ഏറ്റുവാങ്ങുന്നതിനുള്ള യോഗം നടക്കുമ്പോൾ ഗാന്ധിജി കൽക്കത്തയുടെ തെരുവിലൂടെ തലയിൽ മുണ്ടുമൂടി സഞ്ചരിക്കുകയായിരുന്നു. കൽക്കത്തയിലെ ഒരു വീട്ടിൽ വരണ്ടുപോയ മനസുമായി ഉറങ്ങാതിരുന്ന സ്വാതന്ത്ര്യത്തിന്റെ ദേവശില്പി, ആ രാത്രിയിൽ സ്വാതന്ത്ര്യദിന സന്ദേശത്തിനായി സമീപിച്ച റേഡിയോ റിപ്പോർട്ടറോട് പറഞ്ഞു: എന്നിലെ ആർദ്രത വറ്റിപ്പോയി. I have gone dry. വർഗീയ അടിസ്ഥാനത്തിലുള്ള വിഭജനവും ലഹളയും കൂട്ടക്കുരുതിയുമെല്ലാം ഗാന്ധിജിയെ അത്രയധികം നിരാശനും ദുഃഖിതനുമാക്കിയിരുന്നു. 1947 ആഗസ്റ്റ് 14 പിന്നിടാൻ അപ്പോൾ ഒരു മണിക്കൂർ മാത്രമാണുണ്ടായിരുന്നത്. വർഗീയ ലഹളക്കാരെ പിന്തിരിപ്പിക്കാൻ ഉപവസം നടത്തിപ്പോന്ന ഗാന്ധിജി തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന യു.പി.ഐ ലേഖകൻ ശൈലേൻ ചാറ്റർജിയുമായി ആ 11 മണിക്ക് കൽക്കത്താനഗരം ചുറ്റാനിറങ്ങി. തന്റെ ഉപവാസത്തിന് ഫലമുണ്ടായോ എന്ന് നേരിൽക്കണ്ട് സമാധാനിക്കാനുള്ള ആ കാർ യാത്രയിൽ ആരും തന്നെ തിരിച്ചറിയാതിരിക്കാൻ മുഖംമറയും വിധമാണ് തലയിലൂടെ തുണിമൂടിയിരുന്നത്. അർദ്ധരാത്രിയിൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ തെരുവിലിറങ്ങിയ ജനക്കൂട്ടം എന്നിട്ടും ഗാന്ധിജിയെ തിരിച്ചറിഞ്ഞു. അവരുടെ നിർബന്ധത്താൽ ബാപ്പുജി പുറത്തിറങ്ങി. ആ ജനക്കൂട്ടത്തിനിടയിലായിരിക്കെ എവിടെയോ വച്ചായിരുന്നു ഗാന്ധിജിയുടെ സ്വാതന്ത്ര്യനിമിഷം. അന്ന് ഇന്ത്യയിലെ ജനസംഖ്യ 34 കോടിയായിരുന്നു. ഇപ്പോൾ 139.9 കോടി ജനങ്ങളുണ്ട്. ജനസമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല ശാസ്ത്രസാങ്കേതിക രംഗത്തും കാർഷികോത്പാദനമേഖലയിലും സൈനികശക്തിയിലുമെല്ലാം മുൻപന്തിയിലാണ് ഇന്ത്യ. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയുമാണ് ഇന്ന് ഇന്ത്യ.

മൗലികാവകാശങ്ങളെക്കുറിച്ചും സ്വന്തം ആവശ്യങ്ങളെക്കുറിച്ചും അറിവുള്ളവരാണ് ഇന്ത്യയിലെ ജനങ്ങൾ. അത് പലപ്പോഴും അതിരുകടന്നതും ഏറെ സ്വാർത്ഥവും ആയിപ്പോകുന്നു എന്നതാണ് പോരായ്മ. സ്വന്തം അവകാശങ്ങൾക്കൊപ്പം പാലിക്കപ്പെടേണ്ടതാണ് പൗരൻ എന്ന നിലയിലുള്ള ഉത്തരവാദിത്വവും കടമയും. അത് മറക്കുകയും സ്വന്തം താത്പര്യങ്ങൾക്കായി മാത്രം പൗരബോധം ഉണരുകയും ചെയ്യുന്ന സ്ഥിതിയാണ് വർദ്ധിച്ചുവരുന്നത്. ഒരു ജനാധിപത്യ രാജ്യത്തിനും താങ്ങാനാവുന്നതല്ല ഈ സമീപനം. ഇന്ത്യ വീണ്ടെടുത്ത സ്വാതന്ത്ര്യത്തിന്റെ കാറ്റും വെളിച്ചവും നുകർന്ന് ഇവിടെ ജീവിക്കുന്ന എല്ലാവർക്കും ഈ മണ്ണിനോടും വിണ്ണിനോടും കാടിനോടും കടലിനോടും ചില കടമകളുണ്ട്. അത് മറന്നുകൊണ്ടുള്ള വളർച്ച പുരോഗതിയല്ല. അധോഗതിയാണ്. അത് തിരിച്ചറിയാൻ അഫ്ഗാനിസ്ഥാനിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാൽ മതി. പൗരബോധം നഷ്ടപ്പെടുമ്പോഴാണ് നാട് അന്യാധീനമാകുന്നത്. പരദേശികൾ അധിനിവേശിക്കുന്നത്. സ്വാതന്ത്ര്യം ചങ്ങലയ്ക്കുള്ളിലാവുന്നത്. ലോകമാനവൻ എന്ന ബോധം തെളിയണമെങ്കിലും പ്രാഥമികമായി ഉണരേണ്ടത് പൗരബോധമാണ്.

''ഒരു തീരുമാനമെടുക്കുമ്പോൾ അവർ കണ്ടിട്ടുള്ള ഏറ്റവും ദരിദ്രനും ദുർബലനുമായവന് ആ നടപടികൊണ്ട് എന്ത് പ്രയോജനമെന്ന് ആത്മവിശകലനം ചെയ്യണ''മെന്ന് ഗാന്ധിജി ഓർമ്മപ്പെടുത്തിയിരുന്നു. അക്കാര്യത്തിൽ ഇന്ത്യയിലെ ഭരണാധികാരികൾ എത്രമാത്രം നീതി പുലർത്തി എന്നാലോചിച്ചാൽ നിരാശയാകും ഫലം. എങ്കിലും ഇന്ത്യയുടെ ആത്മാവിൽ ഗാന്ധിജിയുടെ ത്യാഗത്തിന്റെയും ജീവിതസന്ദേശങ്ങളുടെയും മുദ്ര കെടാവിളക്കായി പതിഞ്ഞുനില്പുണ്ട്. അർദ്ധരാത്രിയിൽ നിലാവു ചൊരിഞ്ഞ ആ കെടാവിളക്കിന്റെ പ്രഭയിൽ, ഇന്ത്യയിൽ പുലരണം ദേശീയോത്സവമായി സ്വാതന്ത്ര്യത്തിന്റെ പൊന്നോണം. സ്വാതന്ത്ര്യം നൽകിമടങ്ങാൻ ബ്രിട്ടീഷ് ഭരണകൂടത്തെ നിർബന്ധിതമാക്കിയ സുഭാഷ്‌ചന്ദ്രബോസിന്റെയും അദ്ദേഹം രൂപംനൽകിയ ഐ.എൻ.എയുടെയും ധീരോദാത്തമായ പോരാട്ടങ്ങളും അതിന് ഇന്ത്യയിലെ ജനങ്ങൾ നൽകിയ പിന്തുണയും മറക്കാതിരിക്കാം. നൂറ്റാണ്ടു തികയുവോളം അതിനായി കാത്തിരിക്കേണ്ടതില്ല. 75 വയസെന്നാൽ ഒരു മനുഷ്യായുസിന്റെ സായംസന്ധ്യയാണ്. എന്നാൽ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നവും ബോധവും അതിനൊപ്പം അസ്തമിച്ചു പോകരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALLUM NELLUM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.