കാസർകോട്: മംഗളൂരുവിൽ റെയിൽപാളത്തിൽ വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് ഒരു ട്രെയിൻ റദ്ദാക്കുകയും ആറ് ട്രെയിനുകളുടെ സർവീസുകൾ മണിക്കൂറുകളോളം നിർത്തിവെക്കുകയും ചെയ്തു. മംഗളൂരു കുലശേഖറിനും പാടിലിനും ഇടയിലാണ് റെയിൽ പാളത്തിൽ അങ്ങിങ്ങായി വിള്ളലുകൾ കണ്ടെത്തിയത്.
കുലശേഖറിനും പാടിലിനുമിടയിൽ റെയിൽവേ പാളത്തിലെ ഏതാനും ക്ലിപ്പുകൾ തകർന്നത് ട്രാക്കിന്റെ ചുമതലയുള്ള റെയിൽവെ ജീവനക്കാരൻ ചന്ദൻ കുമാറിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ അപകടം ഒഴിവായി. ഈ സമയം യോഗ നഗരി ഋഷികേശ് കൊച്ചുവേളി ട്രെയിൻ ഇതുവഴി വരുന്നുണ്ടായിരുന്നു. വിവരം നൽകിയതോടെ ഈ ട്രെയിൻ നിർത്തിയിട്ടു. ആറുമണിക്കൂറിന് ശേഷമാണ് ഈ ട്രെയിൻ യാത്ര തുടർന്നത്.
മംഗളൂരു സെൻട്രൽ- മർഗാവോ ഇന്റർസിറ്റി സ്പെഷ്യൽ ട്രെയിൻ റദ്ദാക്കേണ്ടിവന്നു. തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്, ബംഗളൂരു-കാർവാർ എക്സ്പ്രസ്, നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ്, മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, എറണാകുളം ജംഗ്ഷൻ ഹസാറത്ത് നിസാമുദ്ദീൻ തുരന്തോ പ്രതിവാര എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |