SignIn
Kerala Kaumudi Online
Friday, 26 April 2024 7.12 PM IST

മൂന്നു ലക്ഷ്യങ്ങൾ

guru-o6

കേരളത്തിന്റെ ഉദിച്ചുയരുന്ന വികസന വഴിയിൽ നായകസ്ഥാനത്ത് അണിനിരത്തേണ്ടത് അറിവിൽ അധിഷ്ഠിതമായ തുറകളെയാണെന്ന ബോധ്യത്തിനും പ്രയോഗത്തിനും അംഗീകാരമേറിവരുന്ന സമയമാണിത്. ഈ അവസരത്തിൽ ഒരു നൂറ്റാണ്ട് മുൻപ് തന്നെ നേരാം വഴി ചൊല്ലിത്തന്ന ശ്രീനാരായണഗുരുവിന്റെ സ്മരണ ദീപ്തമാകുന്നു.

മനുഷ്യൻ നന്നായാൽ മതിയെന്ന മഹത് വചനം നൽകിയ ഗുരു അസ്വാതന്ത്ര്യങ്ങളുടെയും അസമത്വങ്ങളുടെയും അനാചാരങ്ങളുടെയും മൂലകാരണം അറിവില്ലായ്മയാണെന്നും മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെയാണ് വിദ്യകൊണ്ട് സ്വതന്ത്രരാകുകയെന്ന പ്രബോധനം നടത്തിയത്. ജീവിതത്തെക്കുറിച്ചുള്ള ഗുരുവിന്റെ സമ്പൂർണമായ ദർശനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസദർശനം. ശിവഗിരി മഠം സ്ഥാപിച്ച അവസരത്തിൽ (1904) അദ്ദേഹം 'അദ്വൈത ജീവിതം' എന്നപേരിൽ ഒരു സന്ദേശം നൽകിയിരുന്നു. ' മനുഷ്യരെല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നത് സുഖത്തെയാണ്. ലൗകികമായും വൈദികമായും നടത്തപ്പെട്ടുവരുന്ന എല്ലാ ശ്രമങ്ങളുടെയും പരമാവധിയും ഇതു തന്നെ. ലൗകികതയും ആത്മീയതയും രണ്ടല്ല; അവരണ്ടും, ഒരേ ഉദ്ദേശത്തോടെ പ്രവർത്തിക്കുന്നു. മനുഷ്യ സമുദായത്തിന്റെ പരമമായ ലക്ഷ്യമായ സുഖപദത്തെ പ്രാപിക്കുവാൻ ആത്മീയവും ലൗകികവുമായ സർവ്വവിധ ഏർപ്പാടുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തി ആവശ്യമാണ് ".

ഭൗതിക ജീവിതത്തിന്റെ അർത്ഥ പൂർണമായ വികസനത്തിനാവശ്യമായ ഉപാധികൾ എന്തെല്ലാം ആയിരിക്കണമെന്നത് സംബന്ധിച്ച് ഗുരുവിന് വ്യക്തമായ സങ്കല്പങ്ങളുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനമായി അദ്ദേഹം ഗണിച്ചത് വിദ്യാഭ്യാസത്തെയായിരുന്നു.

. ഗുരുദേവന്റെ ജീവിതദർശനവും അതിനോടൊപ്പം വിദ്യാഭ്യാസ വീക്ഷണവും വെളിവാക്കുന്ന മറ്റൊരു ചൊല്ലി കൊടുക്കലും ശ്രദ്ധേയമാണ്. ഉൾനാട്ടിലെ ഒരു ക്ഷേത്രപ്രതിഷ്ഠ യ്ക്കായി ശിഷ്യന്മാരോടൊപ്പം ഗുരു പോകുന്ന അവസരത്തിൽ ശിഷ്യനായ കോട്ടായി കുമാരനോട് പ്രതിഷ്ഠയുടെ സമയത്ത് വന്നുകൂടുന്നവരോട് ഒരു പ്രസംഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്ത് വിഷയത്തെക്കുറിച്ചാണ് പ്രസംഗിക്കേണ്ടതെന്ന് ചോദിച്ച ശിഷ്യനോട് സംസാരിക്കാൻ ഉള്ള കാര്യങ്ങളും സ്വാമി പറഞ്ഞു കൊടുത്തു.'അവരോട് ഒന്നാമതായി വയറിനെ നല്ലവണ്ണം രക്ഷിക്കാൻ പറയണം . അദ്ധ്വാനിച്ച് പ്രവർത്തി എടുത്താലല്ലാതെ അത് സാധിക്കുകയില്ല. സായിപ്പന്മാരെ കാണുന്നില്ലേ? അവർ എത്ര അദ്ധ്വാനിച്ച് പ്രവർത്തി എടുത്ത് പണം സമ്പാദിക്കുന്നു. രണ്ടാമതായി ഹൃദയം സൂക്ഷിക്കുവാൻ പറയണം. ഹൃദയത്തെ നല്ലവണ്ണം സൂക്ഷിച്ചില്ലെങ്കിൽ അവരവരോടും മറ്റുള്ളവരോടും അനുകമ്പ ഉണ്ടാകില്ല . പിന്നെ തലയെയാണ് നല്ലവണ്ണം പാലിക്കേണ്ടത്. എന്ത് വിചാരിക്കുന്നതും ചെയ്യുന്നതും ബുദ്ധി ശരിയായി ഉപയോഗിച്ച് ചെയ്യണം. ഈ വിഷയം കുറേക്കൂടി വിശദമാക്കി കുമാരൻ പ്രസംഗിച്ചാൽ മതി'. ഇവിടെ, ആദ്യത്തെ ശ്രദ്ധ ആവശ്യമായ 'വയർ' ജനങ്ങളുടെ ഭൗതിക ആവശ്യങ്ങളുടെ അടയാളമാകുന്നു. രണ്ടാമത്തേത് നാം ഹൃദയാലുവാകണമെന്നതാണ് . മൂന്നാമത്തേത് നാം ബൗദ്ധിക ഉന്നതി നേടണമെന്നതാണ്. യഥാർത്ഥത്തിൽ ഈ മൂന്നു ലക്ഷ്യങ്ങൾ ജീവിതത്തോടൊപ്പം തന്നെ വിദ്യാഭ്യാസത്തിന്റേതുകൂടിയാകുന്നു. ജനത്തിന്റെ ജീവസന്ധാരണത്തിന് ഉതകുന്നതും അവരെ നന്മയുടെ ഭാഗത്ത് നിൽക്കാൻ പ്രാപ്തമാക്കുന്നതും,ധിഷണപരമായ ഉയർച്ച നേടാൻ സഹായിക്കുന്നതുമാ യിരിക്കണം വിദ്യാഭ്യാസം എന്ന സന്ദേശമാണ് ഗുരു നൽകുന്നത്. ഇതിനു സമാനമായ നിരീക്ഷണമാണ് നടരാജഗുരുവും നടത്തിയിട്ടുള്ളത്:'

ധ്യാനത്തിന്റെയും തപസ്സിന്റെയും മനനത്തിന്റെയും ഫലമായി വന്നുചേർന്ന സച്ചിദാനന്ദത്തിൽ അദ്ദേഹത്തിന് അമരാമായിരുന്നു. പക്ഷേ, ആ ഉത്തുംഗശൃംഗത്തിൽ നിന്ന് ഇങ്ങ് താഴേക്കു പാവങ്ങളുടെ തുരുത്തിലേക്ക് അദ്ദേഹം ഇറങ്ങിവന്നു.നിസ്വരെ കണ്ടു, അവരുമായി സംവദിച്ചു, മോചന മാർഗ്ഗങ്ങൾ ചൊല്ലിക്കൊടുത്തു, അവയുടെ പ്രയോഗത്തിലൂടെ അദ്ദേഹം തന്നെ മാതൃക കാട്ടുകയും ചെയ്തു. താഴെത്തട്ടിലുള്ളവരോട് അദ്ദേഹം വലിയ മമത കാട്ടി. മുട്ടത്തറയിൽ പുലയരുടെ യോഗത്തിൽ പങ്കെടുക്കുകയും ഇങ്ങനെ പറയുകയും ചെയ്തു: നിങ്ങൾക്കിപ്പോൾ ധനവും വിദ്യയുമില്ലാത്ത കുറവ് വളരെയുണ്ട്; ഇതുരണ്ടും ഉണ്ടാക്കുകയാണ് വേണ്ടത് ; പ്രധാനമായും വിദ്യാഭ്യാസം വേണം ; അതുണ്ടായാൽ ധനവും ശുചിയുമു ണ്ടാകും. ശിവഗിരി ആസ്ഥാനമാക്കിയപ്പോൾ ഗുരു ആദ്യം സ്ഥാപിച്ചത് ഒരു നിശാപാഠശാലയായിരുന്നു.

സമീപപ്രദേശങ്ങളിൽ കുറവ സമുദായത്തിൽപ്പെട്ട നിരക്ഷരരായ ധാരാളംപേർ താമസിച്ചിരുന്നു. അവരൊക്കെ വിവിധ തൊഴിലുകളിൽ പെട്ട് ജീവിതം കഴിച്ചു കൂട്ടുന്നവരായിരുന്നു. അവർക്ക് വിദ്യ അഭ്യാസിക്കുവാൻ രാത്രിയിൽ മാത്രമേ സമയം കിട്ടുമായിരുന്നുള്ളു. അതിനാലാണ് നിശാ പാഠശാല ആരംഭിച്ചത്. ഗുരു തന്നെ ശിഷ്യന്മാരുമായി അവിടെയെത്തി ആ സാധുക്കളെ പഠിപ്പിക്കുമായിരുന്നു. ഒട്ടേറെ ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയ ഗുരു 1917 -ൽ ഒരു സന്ദേശം പുറപ്പെടുവിച്ചു.' പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പിരിച്ച് വിദ്യാലയങ്ങൾ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്. ക്ഷേത്രം ജാതി വ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുപ്പാൻ ശ്രമിക്കണം . ജനങ്ങൾക്ക് അറിവ് ഉണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കുവാനുള്ള മരുന്ന്'. നിലവിലുള്ള ക്ഷേത്രങ്ങളോടനുബന്ധിച്ച് വായനശാലകളും ഗ്രന്ഥശാലകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തെയും സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു ശിവഗിരിയിൽസംസ്കൃതപാഠശാല സ്ഥാപിച്ച ഗുരു അവിടെത്തന്നെ നെയ്ത്തും വൈദ്യവും പഠിപ്പിച്ചിരുന്നു. 'സംസ്കൃതം പഠിച്ചാൽ അർത്ഥം പറയാം. നെയ്ത്തും വൈദ്യവും പഠിച്ചാൽ അർത്ഥം നേടാം' എന്ന് അദ്ദേഹം വിദ്യാർഥികൾക്ക് ഉപദേശവും നൽകി. ശിവഗിരിയിൽ രണ്ട് വിദഗ്ധരെ തമിഴ്നാട്ടിൽനിന്നും വരുത്തി മെക്കാനിക്സും കൃഷി ശാസ്ത്രവും വിദ്യാർത്ഥകളെ അഭ്യസിപ്പിച്ചു ശിവഗിരി തീർത്ഥാടനത്തിൽ ഗുരു പ്രഖ്യാപിച്ച അഷ്ട ലക്ഷ്യങ്ങളിലൊന്ന് സാങ്കേതിക പരിശീലനമായിരുന്നു. പുത്തൻ സങ്കേതങ്ങളുടെ ചിറകിലേറി ഉയർന്നുപൊങ്ങുന്ന വർത്തമാനകാലത്ത്, ഒരു നൂറ്റാണ്ട് മുമ്പേ ഗുരുദേവൻ നടത്തിയ മുന്നേറ്റങ്ങളെ ആദരവോടെ മാത്രമേ കാണാനാവൂ. അതുകൊണ്ടുതന്നെ നമുക്കായി വിദ്യാഭ്യാസ ദർശനവും പ്രയോഗവും കാഴ്ചവെച്ച ഗുരുവിന്റെ നാമധേയത്തിൽ വൈകിയാണെങ്കിലും ഒരു സർവ്വകലാശാല സ്ഥാപിക്കപ്പെട്ടതിൽ അഭിമാനിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREE NARAYANA GURU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.