SignIn
Kerala Kaumudi Online
Friday, 26 April 2024 7.00 PM IST

പെട്ടെന്നൊരു ആക്രോശം, "ഉടുപ്പെടുത്തിടെടാ..."

kk

കെ. പങ്കജാക്ഷൻ ഓർമ്മയായിട്ട് നാളെ ഒമ്പതു വർഷം

...................

വിപ്ലവ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വീറുറ്റ പോരാളി കെ. പങ്കജാക്ഷൻ 1943 കാലത്ത് വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. കേരളത്തെ രാജാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് നയിച്ച പോരാട്ടങ്ങളിൽ അദ്ദേഹം മുന്നണിപ്പടയാളിയായിരുന്നു.

ആർ.എസ്.പിയുടെ ആരംഭം മുതൽ ഇതുവരെയുള്ള സമരചരിത്രത്തിന്റെ ഭാഗമായി മാറിയ പങ്കജാക്ഷൻ പേട്ട വെടിവയ്പ്, സർ സി.പിയെ വെട്ടൽ തുടങ്ങിയ സമരചരിത്രങ്ങളിൽ നിന്നാണ് രാഷ്ട്രീയപാഠം ഹൃദിസ്ഥമാക്കിയത്. ഏഴ് ദശകക്കാലം പാർട്ടിയുടെ അരങ്ങത്തും അണിയറയിലും മുഴങ്ങിയ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. അഞ്ച് തവണ കേരളത്തിൽ മന്ത്രിയായിരുന്നിട്ടുള്ള അദ്ദേഹം ഉദ്യോഗസ്ഥയായ ഭാര്യ വായ്പയെടുത്ത് സ്ഥലം വാങ്ങി വീട് വച്ചില്ലായിരുന്നുവെങ്കിൽ വീടില്ലാതെ വിഷമിക്കുമായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരിക്കെ പോലും സ്വന്തം കാര്യത്തിന് ഓഫീസ് ഫോണുപയോഗിക്കാത്ത ആദർശനിഷ്ഠയുള്ള സത്യസന്ധനായ രാഷ്ട്രീയനേതാവായിരുന്നു.

സ്വന്തം പ്രസ്ഥാനത്തിലെ അതികായന്മാരെ പോലെ ട്രേഡ് യൂണിയൻ രംഗത്ത് വരും തലമുറയ്ക്ക് പഠിക്കാനും അനുകരിക്കാനുമുള്ള ഒട്ടേറെ അനുഭവങ്ങൾ സമ്മാനിച്ച നേതാവായിരുന്നു പങ്കജാക്ഷൻ. പേട്ടയിൽ അല്പസ്വല്പം തടിമിടുക്ക് കാട്ടിയും ഗുസ്തി അഭ്യസിച്ചുമൊക്കെ കഴിഞ്ഞുകൂടിയ പങ്കജാക്ഷൻ ജ്യേഷ്ഠസഹോദരനും ആദ്യകാല കോൺഗ്രസ്- കെ.എസ്.പി നേതാവുമൊക്കെയായിരുന്ന സദാനന്ദ ശാസ്ത്രിയുടെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിലെത്തുന്നത്. തിരുവനന്തപുരത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പഠിക്കാനെത്തിയതോടെ വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചു. കെ.എസി.എസ്. മണി സർ സി.പി. രാമസ്വാമി അയ്യരെ വെട്ടിയ ഐതിഹാസികസംഭവം പങ്കജാക്ഷനിലെ രാഷ്ട്രീയപ്രവർത്തകനെ കുറച്ചൊന്നുമല്ല ആവേശം കൊള്ളിച്ചത്. ദിവാൻ ഡൽഹിയിൽ നിന്നെത്തിയോ എന്നറിയാനുള്ള രഹസ്യദൗത്യം അന്ന് കെ.സി.എസ്.മണി ഏല്പിച്ചത് പങ്കജാക്ഷനെയായിരുന്നു.

സ്വതന്ത്ര തിരുവിതാംകൂർ പ്രക്ഷോഭകാലത്ത് സ്വതന്ത്ര തിരുവിതാംകൂർ വിരുദ്ധയോഗങ്ങളെ അന്നത്തെ അഞ്ചുരൂപാ പൊലീസിനെയും വാടക ഗുണ്ടകളെയും വിട്ട് ദിവാൻ കലക്കുക പതിവായിരുന്നു. വി.ജെ.ടി. ഹാളിൽ ദിവാൻ മുൻകൈയെടുത്ത് നടത്തിയ യോഗം അലങ്കോലപ്പെടുത്തിയാണ് ദിവാനോട് വിദ്യാർത്ഥിപ്രക്ഷോഭകർ കണക്കുതീർത്തത്. ഇതിന് മുൻപന്തിയിൽ പങ്കജാക്ഷനും ജ്യേഷ്ഠൻ സദാനന്ദശാസ്ത്രിയുമൊക്കെയായിരുന്നു.

കൊല്ലം ചവറ സംഭവമെന്നറിയപ്പെട്ട 1955 ഒക്ടോബർ അഞ്ചിലെ തൊഴിലാളിസമരത്തോടനുബന്ധിച്ച് ആർ.എസ്.പിയിലെ തിരഞ്ഞെടുക്കപ്പെട്ട 350ലധികം പ്രവർത്തകരുമായി സെക്രട്ടേറിയറ്റിനകത്ത് കയറി നിയമസഭാമന്ദിരം പിക്കറ്റ് ചെയ്ത പങ്കജാക്ഷൻ ഏറ്റുവാങ്ങിയതുപോലുള്ള പൊലീസ് മർദ്ദനം മറ്റൊരു രാഷ്ട്രീയനേതാവും ഏറ്റുവാങ്ങിയിരിക്കില്ല.

കാരിരുമ്പിന്റെ മനക്കട്ടിയാണെങ്കിലും ശ്രീകണ്ഠൻ ചേട്ടന്റെയും ടി.കെ. ദിവാകരന്റെയും ബേബിജോണിന്റെയും ഓർമ്മകളിൽ വിങ്ങിപ്പൊട്ടുമായിരുന്നു പങ്കജാക്ഷൻ.

1970ലെനിയമസഭാ തിരഞ്ഞെടുപ്പ് സമയം. പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കാനായി പാർട്ടി സംസ്ഥാനകമ്മിറ്റി ചേർന്ന് തിരുവനന്തപുരം-രണ്ട് സീറ്റിൽ കെ. പങ്കജാക്ഷനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. തീരുമാനമെടുത്തശേഷം നോക്കിയപ്പോൾ പങ്കജാക്ഷനൊഴിച്ച് എല്ലാ സ്ഥാനാർത്ഥികളുമുണ്ട്. ഉടൻ തന്നെ ശ്രീകണ്ഠൻ ചേട്ടനും ടി.കെയും ചേർന്ന് പേട്ട കേരളകൗമുദിക്ക് സമീപത്തെ പങ്കജാക്ഷൻസാറിന്റെ കുടുംബവീട്ടിലെത്തി. ഭാര്യയാണ് ഇറങ്ങിവന്നത്. അവരപ്പോൾ ഗർഭിണിയാണ്. ടി.കെ പറഞ്ഞു: "പെങ്ങൾ എതിർപ്പൊന്നും പറയരുത്. ഗർഭിണികൾ എതിർത്തുപറഞ്ഞാൽ ദോഷമായി വരും. ഇവനെ (പങ്കജാക്ഷൻ സാറിനെ) ഇവിടെ അസംബ്ലിയിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുകയാണ്. "

അപ്പോൾ പങ്കജാക്ഷൻ സാർ ചാരുകസേരയിൽ കിടക്കുകയാണ്. "ഞാൻ മത്സരിക്കാനില്ല.മോശമല്ലാത്ത കേസുകളും ആവശ്യത്തിലധികം ട്രേഡ് യൂണിയനുകളുമുണ്ട്. ഇതിന് തന്നെ സമയം തികയുന്നില്ല "- അദ്ദേഹം പറഞ്ഞു. ആ സമയത്ത് അദ്ദേഹം വഞ്ചിയൂർ കോടതിയിലെ പ്രമുഖനായ ക്രിമിനൽ അഭിഭാഷകനായിരുന്നു.

പെട്ടെന്നൊരു ആക്രോശം. "ഉടുപ്പെടുത്തിടെടാ..." പങ്കജാക്ഷൻ ഞെട്ടി നിൽക്കെ, സാക്ഷാൽ ശ്രീകണ്ഠൻ ചേട്ടൻ പിറകിൽ നടന്നടുക്കുന്നു. പിന്നെ അപ്പീലില്ല. മൂവരുമൊരുമിച്ച് പിന്നാലെ പാർട്ടിയോഫീസിലേക്ക്. അങ്ങനെയാണ് കെ. പങ്കജാക്ഷൻ തിരുവനന്തപുരം-രണ്ടിൽ മത്സരിച്ച് 13,719 വോട്ടുകൾക്ക് വിജയിക്കുന്നത്.

(ലേഖകന്റെ ഫോൺ: 9847930741)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K PANKAJAKSHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.