SignIn
Kerala Kaumudi Online
Friday, 26 April 2024 11.03 PM IST

പ്രതീക്ഷ പകരുന്ന 100 ദിനങ്ങൾ

kk

മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന്റെ വികസനത്തിലും ജനക്ഷേമത്തിലും ഊന്നിയ പുതിയ കാൽവയ്പ്പുകളോടെയാണ് രണ്ടാം പിണറായി സർക്കാർ നൂറു ദിനങ്ങൾ പിന്നിടുന്നത്. അഞ്ചുവർഷക്കാലാവധിയുള്ള ഒരു സർക്കാരിനെ വിലയിരുത്താൻ നൂറ് ദിനങ്ങൾ ഒന്നുമല്ലെങ്കിലും തുടക്കം നന്നാവുകയെന്നത് പരമപ്രധാനമാണ്.ആ നിലയ്ക്കു നോക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ നേതൃത്വം ഈ സർക്കാരിനെയും ശരിയായ ദിശയിൽത്തന്നെയാണ് മുന്നോട്ടു നയിക്കുന്നതെന്ന് കാണാം.

ഭരണത്തുടർച്ച നൽകി അധികാരത്തിലേറ്റിയ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് തിളക്കമേകും വിധം യുവതലമുറയ്ക്ക് മന്ത്രിസഭയിൽ നല്ല പങ്കാളിത്തം ഉണ്ടായത് ഭരണത്തിന് നവമുഖം മാത്രമല്ല ഊർജ്ജസ്വലതയും പകർന്നു.ജനകീയ പ്രശ്നങ്ങൾക്ക് വേഗം പരിഹാരം കണ്ടെത്താനുള്ള ഉത്സാഹം പുതിയ മന്ത്രിമാരിൽ ഭൂരിപക്ഷം പേരും പ്രകടമാക്കുന്നുണ്ടെന്നത് അഭിനന്ദനാർഹമാണ്.

മുൻകാല സർക്കാരുകൾ ഒന്നും നേരിട്ടിട്ടില്ലാത്ത വെല്ലുവിളികളായിരുന്നു ഒന്നാം പിണറായി സർക്കാർ അഭിമുഖീകരിച്ചത്.ഓഖിയും, പ്രളയങ്ങളും ഉൾപ്പെടെ പ്രകൃതി ദുരന്തങ്ങളും , നിപ്പയും ഇന്നും തുടരുന്ന കൊവിഡുമൊക്കെ സൃഷ്ടിച്ച പ്രയാസങ്ങൾക്കിടയിലും ജനങ്ങളെ പട്ടിണിക്കിടാതെ സംരക്ഷിച്ചതും ,പൊതുവെ അഴിമതിരഹിതമായ ഭരണം കാഴ്ചവച്ചതും പിണറായിയെത്തന്നെ വീണ്ടും അധികാരമേൽപ്പിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച മുഖ്യ കാരണങ്ങളായിരുന്നു .

വീണ്ടും അധികാരമേറ്റപ്പോൾ നൂറു ദിന കർമ്മപരിപാടികൾ പ്രഖ്യാപിച്ചുകൊണ്ടാണ് സർക്കാർ തുടക്കമിട്ടത്.ഈ പദ്ധതികളൊക്കെ പ്രാവർത്തികമാക്കാൻ ഉദ്യോഗസ്ഥരെ സജ്ജരാക്കിയാലേ അതിന്റെ ഫലം ജനങ്ങളിലെത്തുകയുള്ളു. ഇവയിൽ 90 ശതമാനവും പൂർത്തിയാക്കിയെന്നാണ് സർക്കാരിന്റെ അവകാശവാദം..എന്നാൽ കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ ആദ്യകാലത്ത് പ്രകടിപ്പിച്ച മികവിന് ഇടിവ് സംഭവിച്ചത് ദേശീയതലത്തിൽത്തന്നെ സംസ്ഥാനത്തിന്റെ പ്രതി-ശ്ചായയെ.......... ബാധിച്ചു.

ലോക്ഡൗണിന്റെ പേരിൽ സ്വീകരിച്ച അശാസ്ത്രീയമായ അടച്ചിടൽ രോഗവ്യാപനത്തെ ചെറുക്കാൻ സഹായിച്ചില്ലെന്നു മാത്രമല്ല ജനജീവിതത്തെ ദുസ്സഹമാക്കുകയും ചെയ്തു.ഇക്കാര്യത്തിൽ ജനസാന്ദ്രതയെ ചാരിയുള്ള കേരളത്തിന്റെ ന്യായീകരണം യുക്തിസഹമല്ലെന്ന് തെളിയിക്കുന്നതായിരുന്നു മറ്റ് സംസ്ഥാനങ്ങൾ കൊവിഡിനെ അതിജീവിക്കുന്നതിൽ പ്രകടമാക്കിയ രീതി. ആരോഗ്യവകുപ്പിനുണ്ടായ വീഴ്ചകളെ നിസാരവത്ക്കരിക്കാതെ പുതിയ പരിഹാരമാർഗ്ഗങ്ങൾ ഉടൻ പ്രാവർത്തികമാക്കുകയാണ് വേണ്ടത്.രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് വ്യാപനം ഉണ്ടാകുന്ന സംസ്ഥാനമെന്ന പേരുദോഷം വേഗം മാറ്റിയെടുക്കണം.ജനങ്ങളുടെ സഹകരണവും ഇതിന് അത്യന്താപേക്ഷിതമാണ്.

കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റെക്സ് അവരുടെ മൂവായിരം കോടിരൂപയിലധികം വരുന്ന പുതിയ നിക്ഷേപം തെലങ്കാനയിൽ നടത്താൻ തീരുമാനിച്ചത് സർക്കാർ നേരിട്ട വലിയ തിരിച്ചടിതന്നെയായിരുന്നു.അതിലേക്ക് അവരെ നയിച്ചത് ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബികളുടെ പാരകളായിരുന്നു.എന്തായാലും വ്യവസായവകുപ്പ് അതിൽനിന്ന് പാഠം പഠിച്ചുവെന്നാണ് മനസിലാക്കേണ്ടത്. സ്റ്റാർ റേറ്റിംഗ് , ഏകജാലകം തുടങ്ങി വ്യവസായ അനുകൂല അന്തരീക്ഷം സംജാതമാക്കാനുള്ള ശ്രമങ്ങൾ തുടർന്നുണ്ടായത് സ്വാഗതാർഹമായിക്കാണാം. പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളും ശ്ളാഘനീയമാണ്.പ്രത്യേകിച്ചും ജനങ്ങളെ പൂർണ്ണമായി സഹകരിപ്പിച്ചുകൊണ്ട് അവർക്ക് പരാതി പറയാനുള്ള വേദി ഏർപ്പെടുത്തിയത്. മാതൃകാപരമായി.പ്രതിസന്ധികൾ വരിഞ്ഞുമുറുക്കുമ്പോഴും ഭരണത്തിന്റെ നട്ടെല്ലായ ധനകാര്യവകുപ്പ് മാനേജ് ചെയ്യുന്നതിലും പ്രാഗത്ഭ്യം പ്രകടമാകുന്നുണ്ട്. വൈദ്യുതി,ഗതാഗതം,റവന്യുു തുടങ്ങി എല്ലാ വകുപ്പുകളിലും ഒരു ഉണർവ്വുണ്ടായിട്ടുണ്ട് .ഇത് നിലനിറുത്തണം. ഡിജിറ്റൽ വിദ്യാഭ്യാസം സമ്പൂർണ്ണമാക്കാനുള്ള പ്രവർത്തനങ്ങൾ വിദ്യാഭ്യാസവകുപ്പ് തുടങ്ങിയിട്ടുണ്ടെങ്കിലും,അതിന് വേഗം കൂട്ടേണ്ടിയിരിക്കുന്നു. ജനങ്ങൾ ഏറ്റവും ആശ്രയിക്കുന്ന സംസ്ഥാനത്തെ പൊതുവിതരണ രംഗം മികച്ചരീതിയിലാണ് മുന്നേറുന്നത്. പ്രത്യേകിച്ച് ഓണക്കാലത്ത് കിറ്റ് വിതരണം നടത്തുന്നതിൽ ഭക്ഷ്യവകുപ്പ് കാഴ്ചവച്ച പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു..

സർക്കാരിന്റെയൊപ്പം പ്രതിപക്ഷവും നൂറ് ദിനങ്ങൾ പൂർത്തിയാക്കുകയാണ്.അംഗബലത്തിൽ ഒപ്പമല്ലെങ്കിലും ശക്തമായ ഒരു പ്രതിപക്ഷം സംസ്ഥാനത്തുണ്ടെന്ന് ബോധ്യപ്പെടുത്താൻ വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷനിരയ്ക്ക് കഴിഞ്ഞു.സഭയെ പരസ്പരം പോരടിക്കാനും സ്തംഭിപ്പിക്കാനുമുള്ള വേദിയാക്കി മാറ്റില്ലെന്ന പ്രതിപക്ഷ നിലപാട് അഭിനന്ദനം അർഹിക്കുന്നു.

സർക്കാരിന്റെ നൂറു ദിനങ്ങൾക്കിടയിൽ മുട്ടിൽ മരംമുറി ഉൾപ്പെടെ വിവാദങ്ങളുടെ നിഴൽ ചിലയിടങ്ങളിലെങ്കിലും പതിക്കാതിരുന്നില്ല,അത്തരം വിഷയങ്ങളിൽ തിരുത്തേണ്ടത് തിരുത്തി മുന്നേറുമ്പോഴാണ് സർക്കാരിന് മഹിമയുണ്ടാകുന്നത്.തുടർന്നുള്ള ദിനങ്ങളിലെ ഭരണം അങ്ങനെയാകട്ടെ...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.