SignIn
Kerala Kaumudi Online
Wednesday, 25 May 2022 9.20 AM IST

ചർച്ചയ്ക്കെത്തുന്ന മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നു, പരിഗണിക്കണം...

v

കൊല്ലത്തെ വ്യവസായ മേഖലയിലുള്ളവരുമായി മന്ത്രി പി. രാജീവ് ഇന്ന് ചർച്ച നടത്തുന്നു

കൊല്ലം: വ്യവസായമന്ത്രി പി. രാജീവ് കൊല്ലത്തെ വ്യവസായ സംരംഭകരെയും സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരെയും കാണാൻ ഇന്ന് ജില്ലയിലെത്തുന്ന പശ്ചാത്തലത്തിൽ വ്യവസായ മേഖലയെ ഒന്നുകൂടി ശക്തിപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.

കയർ മുതൽ കശുഅണ്ടി വരെ പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമായിരുന്ന കൊല്ലത്തിന് ഇപ്പോൾ അത്രകണ്ട് തലയെടുപ്പില്ല. ചവറ കെ.എം.എം.എൽ, കുണ്ടറ സിറാമിക്സ്, കെൽ, അലിൻഡ്, ചാത്തന്നൂർ സ്പിന്നിംഗ് മിൽ, പാർവതി മിൽ തുടങ്ങിയ സംരംഭങ്ങളാണ് കൊല്ലത്തിന്റെ 'ഐക്കണു'കൾ. ഇതിൽ ചവറ കെ.എം.എം.എൽ മാത്രമാണ് ലാഭവഴിയിലുള്ള സ്ഥാപനം. ജില്ലയിലെ വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധികളുടെ ചുരുക്കം മന്ത്രിയുടെ അറിവിലേക്കായി...

കശുഅണ്ടി വ്യവസായം

കശുഅണ്ടി വ്യവസായത്തിലെ ഇടിവിനെത്തുടർന്ന് കൊല്ലത്തെ ഫാക്ടറികൾ പൂട്ടിയ ഉടമകൾ ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഫാക്ടറികൾ ആരംഭിച്ചു. ജില്ലയിലെ ഫാക്ടറികൾ തുറക്കാൻ കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന ജെ. മേഴ്‌സിക്കുട്ടിയമ്മ ഏറെ ശ്രമിച്ചു. ഭീമമായ നഷ്ടം സഹിച്ച് ഫാക്ടറികൾ തുറക്കാനാവില്ലെന്ന നിലപാടിൽ ഉടമകൾ ഉറച്ചുനിന്നു. കൊവിഡ് കാലത്ത് വല്ലപ്പോഴും മാത്രമാണ് ജോലി. മിനിമം കൂലിയോ ഇ.എസ്.ഐ ആനുകൂല്യങ്ങളോ ഇല്ല.

 നേരത്തെ ഉണ്ടായിരുന്ന ഫാക്ടറികൾ: 950

 ഇപ്പോൾ:150, കശുഅണ്ടി വികസന കോർപ്പറേഷനു കീഴിൽ: 30

 കാപ്പക്സ്: 10

 തൊഴിലാളികൾ: 1.50 ലക്ഷം

 പ്രതിവർഷം 150 മുതൽ 170 ദിവസം വരെ ജോലി

ചവറ കെ.എം.എം.എൽ

വലിയ സാദ്ധ്യതകളുള്ള, ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ചെറിയ യൂണിറ്റുകൾ തുടങ്ങാം. വൻകിട പെയിന്റ് കമ്പനികൾക്ക് അവസരം നൽകാനാവും. ഏക്കർ കണക്കിന് ഭൂമിയുള്ള കെ.എം.എം.എൽ കേന്ദ്രമാക്കി കരുനാഗപ്പള്ളിക്കും കൊല്ലത്തിനും മദ്ധ്യേ മിനറൽ കെമിക്കൽ പാർക്കിന്റെ സാദ്ധ്യത പരിശോധിക്കാം.

കുണ്ടറ ഐ.ടി പാർക്ക്‌

കുണ്ടറയിലെ ടെക്നോപാർക്കിൽ 10 വർഷം പിന്നിട്ടിട്ടും 24 കമ്പനികൾ മാത്രമാണുള്ളത്. ഒരു ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം ഒരുക്കി സംരംഭകരെ ക്ഷണിച്ചെങ്കിലും 30,000 ചതുരശ്രമീറ്റർ ഒഴിഞ്ഞു കിടക്കുന്നു. പാർക്കിനെ ഐ.ടി വകുപ്പ് അവഗണിക്കുകയാണെന്ന് ആരോപണമുണ്ട്.

കുണ്ടറ അലൂമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡ്

കുണ്ടറ അലൂമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡിന് (അലിൻഡ്) കഴിഞ്ഞ ഇടത് സർക്കാരാണ് പുതുജീവൻ പകർന്നത്. ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി ട്രെയിനിന്റെ ബ്രേക്കറുമായി ബന്ധപ്പെട്ട ബി.എൽ.ആർ കൺട്രോൾ യൂണിറ്റുകളും അലൂമിനിയം കണ്ടക്ടറുകളും മാത്രം ഉത്പാദിപ്പിച്ചുകൊണ്ടാണ് പ്രവർത്തനം പുനരാരംഭിച്ചത്. 200 ഓളം പാർട്സുകൾ സംയോജിപ്പിച്ച് നിർമ്മിക്കുന്ന ബി.എൽ.ആർ മെക്കാനിസം പിന്നീടിറങ്ങി. ഇപ്പോൾ നാനൂറിൽപരം പാർട്സുകൾ ചേരുന്ന വാക്വം ഇന്റപ്ടറാണ് പ്രധാനമായും പുറത്തിറക്കുന്നത്. സംസ്ഥാന വൈദ്യുതി ബോർഡ് കണ്ടക്ടർ നിർമ്മാണത്തിന്റെ ഓർഡർ നൽകിയെങ്കിൽ മാത്രമേ അലിൻഡ് തലയുയർത്തുകയുള്ളൂ. രണ്ട് പതിറ്റാണ്ട് അടഞ്ഞു കിടക്കുകയായിരുന്നു അലിൻഡ്.

പാർവതി മിൽ ഭൂമി

പാർവതി മിൽ പ്രവർത്തിച്ചിരുന്ന നാഷണൽ ടെക്സ്റ്റൈയിൽസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 16.40 ഏക്കർ ഭൂമിയുടെ ഉപയോഗത്തെപ്പറ്റി ചർച്ച വേണം. നാനോ ടെക്സ്റ്റൈൽസ് ടെക്നോളജി ഗവേഷണ സ്ഥാപനവും നാനോ ടെക്സ്റ്റൈൽസ് പാർക്കും ആരംഭിക്കണമെന്ന നിർദേശമുണ്ട്. സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുത്ത് വ്യവസായ സംരംഭങ്ങളോ പ്രത്യേക പദ്ധതികളോ ആരംഭിക്കാം.

ചാത്തന്നൂർ സ്പിന്നിംഗ് മിൽ

1986ൽ ഉത്പാദനം ആരംഭിച്ച സ്പിന്നിംഗ് മിൽ ഒന്നാംഘട്ട നവീകരണം പൂർത്തിയായെങ്കിലും പ്രവർത്തനം പൂർണതോതിലായില്ല. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന നവീകരണത്തിന് നാഷണൽ കോ - ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ സാമ്പത്തികസഹായമാണ് ലഭിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഭാഗികമായി കോട്ടൺ നൂലിന്റെ ഉത്പാദനം പുനരാരംഭിച്ചു. സ്ഥാപനം ഇപ്പോഴും നഷ്ടത്തിലാണ്. രണ്ടാംഘട്ട നവീകരണം പൂർത്തിയാക്കാനായാൽ മിൽ പൂർണതോതിൽ ലാഭകരമായി പ്രവർത്തിപ്പിക്കാം.

വളരുന്നുണ്ട് കെൽ

നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കുണ്ടറ കെൽ (കേരള ഇലക്‌ട്രിക്കൽ ആൻഡ്‌ അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്) വളർച്ചയുടെ പാതയിലാണ്. 14 കോടിയുടെ നഷ്ടത്തിലായിരുന്ന കെല്ലിനെ കഴിഞ്ഞ സർക്കാരാണ് കൈപിടിച്ചുകയറ്റിയത്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഹൈ ടോർക്ക് ഇൻഡക്ഷൻ മോട്ടോർ ഉൾപ്പെടെ നിർമ്മിക്കുന്ന തരത്തിലേക്ക് കെൽ വളർന്നു. ഹൈമാസ്റ്റ് ലൈറ്റുകളും റെയിൽവേയ്ക്ക് ആവശ്യമായ പവർ കാർഡുമൊക്കെ ഉത്പാദിപ്പിച്ച് കെൽ നഷ്ടക്കണക്കുകൾ മറക്കുകയാണ്.

സെറാമിക്സിൽ പ്രതീക്ഷ

കുണ്ടറ സെറാമിക്സ് 9 കോടി ടേണോവറിലെത്തി. 2016ൽ 2.16 കോടിയായിരുന്നു ടേണോവർ. പ്രൊഡക്ഷൻ 150 ടണ്ണിൽ നിന്നു 1200 ടൺ എന്ന നിലയിലേക്ക് ഉയർന്നു. മൂന്നുവർഷമായി പ്രവർത്തന ലാഭത്തിലുമാണ്. ഒന്നാം പിണറായി സർക്കാരാണ് സെറാമിക്സിനെ കൈപിടിച്ചുയർത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.