താലിബാൻ സർക്കാർ രൂപീകരണം അവസാന ഘട്ടത്തിൽ
ഹൈബത്തുള്ള ഭരണത്തലവൻ ആയേക്കും
ഘനി ബരാദർ സർക്കാരിന്റെ ജനകീയമുഖം
കാബൂൾ: അമേരിക്കൻ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ രൂപീകരണം അവസാനഘട്ടത്തിലേക്ക് നീങ്ങവെ, ചെറുത്തു നിൽപ്പിന്റെ ആസ്ഥാനമായ പഞ്ച്ശിർ, ആന്ദ്‌രാബ് മേഖലകളിൽ വടക്കൻ സഖ്യം 75 താലിബാൻകാരെ വധിച്ചത് തിരിച്ചടിയായി.
അതേസമയം, പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്ദ്സാദ ഗവേണിംഗ് കൗൺസിലിന്റെ മേധാവിയാകുമെന്നും സർക്കാരിന്റെ ദൈനംദിന കാര്യങ്ങളുടെ ചുമതല മുല്ല അബ്ദുൾ ഘനി ബരാദറിനായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.
വടക്കൻ സഖ്യം 20 താലിബാൻകാരെ തടവിലാക്കുകയും ചെയ്‌തു. ഖവാക് ചുരം വഴി പഞ്ച്ശിർ താഴ്‌വരയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 41ഉം ആന്ദ്‌രാബ് താഴ്‌വരയിൽ 34ഉം താലിബാൻകാരെയാണ് വധിച്ചത്.
അമേരിക്കൻ പിന്മാറ്റത്തിന് ശേഷം പഞ്ച്ശിർ പിടിച്ചെടുക്കാൻ താലിബാൻ നടത്തിയ ആദ്യ ശ്രമമാണ് പരാജയപ്പെട്ടത്. താലിബാന്റെ നൂറുകണക്കിന് പോരാളികൾ ഓപ്പറേഷനിൽ പങ്കെടുത്തു. താലിബാൻ വിരുദ്ധ ഗോത്രവർഗ പോരാളികളും മുൻ അഫ്ഗാൻ സുരക്ഷാ സേനയും ഉൾപ്പെടുന്ന ദേശീയ പ്രതിരോധ സേന ( നാഷണൽ റെസിസ്റ്റൻസ് ഫോഴ്സ് - വടക്കൻ സഖ്യം) കടുത്ത പോരാട്ടത്തിലൂടെ താലിബാനെ തുരത്തിയെന്നാണ് റിപ്പോർട്ട്. സഖ്യത്തെ ദുർബലമാക്കാൻ ഇവിടത്തെ ഭക്ഷ്യ സപ്ലൈയും വൈദ്യുതി, ടെലഫോൺ, ഇന്റർനെറ്റ് ബന്ധവും താലിബാൻ വിഛേദിച്ചിരിക്കയാണ്. മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലേയും പ്രമുഖ താലിബാൻ വിരുദ്ധ നേതാവായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ പുത്രൻ അഹമ്മദ് മസൂദുമാണ് വടക്കൻ സഖ്യത്തെ നയിക്കുന്നത്. താഴ്വര പിടിച്ചെടുക്കാൻ താലിബാൻ വളഞ്ഞു നിൽക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. പഞ്ച്ശിറിലെ നേതാക്കളുമായുള്ള ചർച്ച പരാജയപ്പെട്ടതായി താലിബാൻ വക്താവ് പറഞ്ഞു.
അതിനിടെ, അഫ്ഗാൻ പൗരന്മാർ റോഡ് മാർഗം രക്ഷപ്പെടാൻ അതിർത്തികളിലേക്ക് പലായനം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം താലിബാൻ പറത്തിയ യു.എസ് ഹെലികോപ്ടറിൽ തൂങ്ങിക്കിടന്നത് മൃതദേഹമല്ലെന്നും താലിബാന്റെ കൊടി കോപ്ടറിൽ സ്ഥാപിക്കാൻ ശ്രമിച്ച സംഘാംഗമാണെന്നും അഫ്ഗാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
''മന്ത്രിസഭയുടെ മുഴുവൻ മേൽനോട്ടവും മുഖ്യ കമാൻഡറായ അഖുന്ദ്സാദയ്‌ക്കായിരിക്കും. അദ്ദേഹത്തിന്റെ മൂന്നു ഡെപ്യൂട്ടിമാരിലൊരാളായ അബ്ദുൾ ഘനി ബരാദറായിരിക്കും താലിബാന്റെ പ്രധാന ജനകീയ മുഖം. അടുത്ത ദിവസം തന്നെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രഖ്യാപിക്കും''
--ബിലാൽ കരിമി
താലിബാൻ സാംസ്‌കാരിക കമ്മിഷൻ അംഗം
താലിബാൻ യു.എസിന് ഭീഷണി: ബൈഡൻ
അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറുന്നത് യു.എസിനും സഖ്യരാജ്യങ്ങൾക്കും ഭീഷണിയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഭീകരതയ്‌ക്കെതിരെ 2001ൽ എടുത്ത നടപടികൾ ഇന്ന് പറ്റില്ല. ഇത് പുതിയ ലോകമാണ്. ഐസിസിന് രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയ ബൈഡൻ, അമേരിക്കയെ വേദനിപ്പിച്ചവരെ മറക്കില്ലെന്നും ഭീകര വിരുദ്ധ പോരാട്ടം തുടരുമെന്നും പറഞ്ഞു.
അതേസമയം, അമേരിക്കയുമായി നയതന്ത്രബന്ധം സ്ഥാപിക്കുമെന്നും ഉടൻ വിമാനത്താവളം തുറക്കുമെന്നും ആവശ്യമെങ്കിൽ തുർക്കിയുടേയോ ഖത്തറിന്റെയോ സഹായം തേടുമെന്നും താലിബാൻ വക്താവ് പറഞ്ഞു. അമേരിക്കൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ താൽപര്യമുണ്ടെന്നും താലിബാൻ അറിയിച്ചു.
ഇന്ത്യയുമായി ചർച്ച നടത്തിയ ഭീകരനെ
പരിശീലിപ്പിച്ചത് ഇന്ത്യൻ സൈന്യം
ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തലുമായി ദോഹയിൽ വച്ച് കൂടിക്കാഴ്ച നടത്തിയ പ്രമുഖ താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായിക്ക് ഇന്ത്യൻ സൈന്യം പരിശീലനം നൽകിയിരുന്നു.
1979 മുതൽ 1982 വരെയാണ് സ്റ്റാനെക്സായി പരിശീലനം നേടിയത്.
അഫ്ഗാനിൽ നിന്നും പൊളിറ്റിക്കൽ സയൻസസിൽ ബിരുദം നേടിയ സ്റ്റാനെക്സായി വിദേശപഠനത്തിനുള്ള സ്കോളർഷിപ്പ് നേടിയാണ് ഇന്ത്യയിലെത്തിയത്. ഐ.എം.എയുടെ ഭഗത് ബറ്റാലിയന്റെ കെറെൻ കമ്പനിയിൽ ചേർന്ന് പരിശീലനം നേടി. നൗഗാവിലെ ആർമി കേഡറ്റ് കോളേജിൽ മൂന്ന് വർഷം ജവാനായും തുടർന്ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമിയിൽ ഓഫീസറായും സേവനം അനുഷ്ഠിച്ചു.
എന്നാൽ അഫ്ഗാനിൽ സോവിയറ്റ് യൂണിയൻ അധിനിവേശം നടത്തിയ സമയത്ത് സ്റ്റാനെക്സായി പാകിസ്ഥാനിലേക്കും പിന്നീട് അഫ്ഗാനിലേക്കും പോയി. 1996 ൽ താലിബാനിലേക്ക് തിരിഞ്ഞു.
ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്ന ചുരുക്കം താലിബാൻ നേതാക്കളിൽ ഒരാളായ സ്റ്റാനെക്സായി ദോഹയിലെ താലിബാൻ രാഷ്ട്രീയ കാര്യാലയത്തിന്റെ മേധാവിയാണ്.