SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.09 PM IST

പേട്ട ഓവർബ്രിഡ്‌ജ് അടുത്തമാസം ശരിയാകും,​ മന്ത്രിയുടെ ഉറപ്പ്

Increase Font Size Decrease Font Size Print Page

pettah

തിരുവനന്തപുരം: പേട്ട ഓവർബ്രിഡ്‌ജിലെ പാർശ്വഭിത്തിയുടെ പുനർ നിർമ്മാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കി ഇരുഭാഗത്തേക്കുമുള്ള ഗതാഗതം സാദ്ധ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഉറപ്പ്. നഗരകേന്ദ്രത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ ജോലികൾ കാലതാമസം ഒഴിവാക്കി പൂർത്തീകരിക്കാൻ അദ്ദേഹം വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.

തകർന്നുവീണ പാർശ്വഭിത്തി പുനർനിർമ്മിക്കാൻ ഒരുമാസം മുമ്പ് ആരംഭിച്ച പണി മെല്ലെപ്പോയതിന് കാരണം പാറയുടെ ലഭ്യതക്കുറവാണെന്നും ജോലികൾ ഇപ്പോൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

45 മീറ്റർ കരിങ്കൽക്കെട്ട് കൂടി

പൊളിച്ച് നിർമ്മിക്കും

ഒന്നാംഘട്ടം പൂർത്തിയായാൽ അപകടാവസ്ഥയിലുള്ള 45 മീറ്റർ കരിങ്കൽ കെട്ട്കൂടി പൊളിച്ച് നിർമ്മിക്കാനും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരിങ്കൽക്കെട്ട് പൊളിക്കുന്ന ഭാഗത്തെ റോഡിന് സംരക്ഷണം നൽകാൻ ഇരുമ്പ് ഷീറ്റ് സ്ഥാപിക്കും. അതിന്റെ പണി രണ്ടുമാസത്തിനകം പൂർത്തീകരിക്കും. ആകെ 64.27 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. റോഡിനകത്ത് ഇട്ടിട്ടുള്ള കെ.എസ്.ഇ.ബിയുടെ 11 കെ.വി ലൈൻ, ടെലിഫോൺ കേബിളുകൾ, ഒപ്ടിക്കൽ കേബിളുകൾ എന്നിവയെല്ലാം ഇനി പുതുതായി നിർമ്മിക്കുന്ന പാർശ്വഭിത്തിയുടെ വെളിയിലേക്ക് മാറ്റി സ്ഥാപിക്കും. നിലവിൽ കരിങ്കൽക്കെട്ടിന് ഉപയോഗിച്ചിട്ടുള്ള പാറ കൂടി പുതുതായി നിർമ്മിക്കുന്ന കെട്ടിന് ഉപയോഗിക്കാൻ കഴിയുന്ന വിധമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. അതിനാൽ ഏകദേശം അഞ്ചുലക്ഷം രൂപ പദ്ധതിയിൽ കുറവ് വരുത്തിയിട്ടുണ്ട്. റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച അറ്റകുറ്റപ്പണിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത് ശോഭ കൺസ്ട്രക്ഷനാണ്.

അടിസ്ഥാനം നാല് മീറ്റർ വീതിയിൽ

നിലവിൽ നിർമ്മിക്കുന്ന പാർശ്വഭിത്തിയുടെ അടിസ്ഥാനത്തിന് നാല് മീറ്റർ വീതിയാണുള്ളത്. അടിസ്ഥാനത്തിന് മുകളിൽ ബെൽറ്റ് കോൺക്രീറ്റിട്ട് ബലപ്പെടുത്തിയ ശേഷം 3.30 മീറ്റർ വീതിയിലാണ് അടുത്തഘട്ടം. നാലാമത്തെ ഘട്ടമായ

ഏറ്റവും മുകളിലെത്തുമ്പോൾ പാർശ്വഭിത്തിയുടെ വീതി ഒരു മീറ്ററായി ചുരുങ്ങും. അടിസ്ഥാനം മുതൽ റോഡിന്റെ ഉപരിതലം വരുന്നതുവരെയുള്ള 6 മീറ്റർ പൊക്കത്തിനിടെ ഇങ്ങനെയുണ്ടാകുന്ന വ്യത്യാസം റോഡിന്റെ ഉൾവശത്തായാണ് നിർമ്മിക്കുന്നത്. അതിനാൽ നിർമ്മാണം പൂർത്തിയാക്കി മണ്ണിട്ടുനികത്തിയാൽ ഈ വ്യത്യാസം പുറമെ നിന്ന് നോക്കിയാൽ കാണാനാകില്ല.


നിർമ്മാണ പുരോഗതി

വിലയിരുത്താൻ മന്ത്രിമാരെത്തി


പേട്ട റെയിൽവേ ഓവർബ്രിഡ്‌ജിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തി,​ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ആന്റണി രാജുവും ഒപ്പമുണ്ടായിരുന്നു. നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രിമാരുടെ സന്ദർശനം.

കേരള റോഡ് ഫണ്ട് ബോർഡ് സി.ഇ.ഒ ബീന നിർമ്മാണ പുരോഗതി മന്ത്രി മുഹമ്മദ് റിയാസിനോട് വിശദീകരിച്ചു. ഓണം അവധിയും പാറയുടെ ദൗർലഭ്യവും കാരണമാണ് നിർമ്മാണത്തിൽ അല്പം കാലതാമസമുണ്ടായതെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി റിയാസ് വിശദീകരിച്ചു.

നിർമ്മാണപുരോഗതി സംബന്ധിച്ച് എല്ലാ ദിവസവും മന്ത്രിയുടെ ഓഫീസിൽ വിവരം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എല്ലാ ആഴ്ചയും വിലയിരുത്തലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 10 ദിവസം കൂടുമ്പോൾ മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തിൽ നിർമ്മാണ പുരോഗതി ചർച്ച ചെയ്യും. റോഡിന്റെ മറുഭാഗത്തെ പാർശ്വഭിത്തിയോട് ചേർന്നുള്ള മരത്തിന്റെ വേര് കാരണം തകർച്ചയിലായ ഭാഗം പുനർ നിർമ്മിക്കാനും എസ്റ്റിമേറ്റ് തയ്യാറാക്കാൻ മന്ത്രി നിർദ്ദേശിച്ചു. വാർഡ് കൗൺസിലർ സുജാദേവിയും ഒപ്പമുണ്ടായിരുന്നു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY