SignIn
Kerala Kaumudi Online
Saturday, 27 April 2024 3.14 AM IST

വലിയ വിമാനമിറങ്ങില്ല; ആർക്കു വേണ്ടി 152 ഏക്കർ

karippur-airport

വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ചൂടുപിടിച്ചതാണ് കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനവും ഭൂമിയേറ്റെടുക്കലും സംബന്ധിച്ച ചർച്ചകൾ. ഭൂമി ഏറ്റെടുത്ത് റൺവേ, റിസ, ഏപ്രൺ എന്നിവയുടെ വികസനം ഉറപ്പാക്കുന്നതോടെ വലിയ വിമാനങ്ങൾ കരിപ്പൂരിലേക്ക് തിരിച്ചെത്തുമെന്നും ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുനഃസ്ഥാപിക്കും എന്നുമായിരുന്നു അധികൃതരുടെ വാഗ്ദാനം. കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളെയും എയർപോർട്ട് അധികൃതരെയും ഉൾപ്പെടുത്തി ഓൺലൈൻ ചർച്ച നടത്തിയിരുന്നു. വലിയ വിമാനങ്ങൾക്ക് അനുമതിയില്ലെങ്കിൽ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നത് എന്തിനെന്ന ചോദ്യമാണ് ജനപ്രതിനിധികൾ ഉന്നയിച്ചത്. എന്നാൽ ഇതിൽ വ്യക്തമായ ഉത്തരം നൽകാൻ എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിന്റെ സ്വകാര്യവത്‌കരണ തീരുമാനത്തിന് പിന്നാലെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഉയർന്ന പ്രതിഷേധത്തിന് ശക്തികൂട്ടാൻ ഇതു വഴിയൊരുക്കും. ഈ മാസം 22ന് കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും യോഗം ചേർന്ന് വിശദമായ ചർച്ചക‍ൾ നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

വേണം കൂടുതൽ ഭൂമി
വിമാനത്താവള വികസനത്തിനായി 152.5 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈൻ ചർച്ച നടത്തിയത്. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, കെ.രാജൻ, വി.അബ്ദുറഹിമാൻ, ആന്റണി രാജു, എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.രാഘവൻ, എം.പി. അബ്ദുസമദ് സമദാനി , എം.എൽ.എമാരായ ടി.വി ഇബ്രാഹീം, പി.അബ്ദുൽ ഹമീദ്, കളക്ടർ കെ.ഗോപാല കൃഷ്ണൻ, വിമാനത്താവളം ഡയറക്ടർ ആർ. മഹാലിംഗം, മുൻ ഡയറക്ടർ കെ.ശ്രീനിവാസ റാവു,​ കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ സി.ടി. ഫാത്തിമത്ത് സുഹ്റാബി, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെമ്പൻ മുഹമ്മദലി എന്നിവരെ ഉൾപ്പെടുത്തി വിപുലമായ ചർച്ചയാണ് നടത്തിയത്. വിമാനത്താവള വികസനത്തിനായി പലവട്ടം ഭൂമി ഏറ്റെടുത്തതിനാൽ ഇനിയൊരിക്കൽ കൂടി വലിയ തോതിൽ ഭൂമിയേറ്റെടുക്കേണ്ടി വന്നാൽ ഉണ്ടായേക്കാവുന്ന പ്രതിഷധങ്ങളെ തണുപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് പ്രാദേശിക ജനപ്രതിനിധികളെ അടക്കം ഉൾപ്പെടുത്തി യോഗം ചേർന്നത്. കരിപ്പൂർ വിമാനത്താവള വികസനത്തിന് ഇനിയും ഭൂമിയേറ്റെടുക്കുന്നതിനെ അനുകൂലിക്കേണ്ടെന്ന നിലപാടിലാണ് പ്രാദേശിക ജനപ്രതിനിധികൾ. ഇതോടെ ചൂടേറിയ ചർച്ചകൾക്കാണ് യോഗം സാക്ഷ്യം വഹിച്ചത്. ഭൂമി ഏറ്റെടുത്ത് റൺവേ വികസനം യാഥാർത്ഥ്യമായാൽ വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ ഈ പ്രതിഷേധങ്ങളെ തണുപ്പിച്ചിരുന്നത്. എന്നാൽ ഭൂമി ഏറ്റെടുത്താൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടത്തുമോയെന്ന ചോദ്യത്തിന് എയർപോർട്ട് അതോറിറ്റി ഉത്തരം പറയാതെ വന്നതോടെ ചർച്ച ബഹളത്തിൽ കലാശിച്ചു. പിന്നെ എന്തിന് വേണ്ടിയാണ് ഭൂമിയേറ്റെടുക്കുന്നതെന്ന ചോദ്യമാണ് ജനപ്രതിനിധികൾ ഉന്നയിച്ചത്. ഗൗരവമായ വിഷയത്തിൽ ഓൺലൈൻ യോഗമല്ല നേരിട്ടുള്ള യോഗം തന്നെ വിളിക്കണമെന്ന ആവശ്യവും ഉയർത്തി.

അന്ന് പറഞ്ഞു, അത്ര മതി

94.61 ഏക്കർ ഭൂമി ഏറ്റെടുത്താൽ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താനാവുമെന്ന നിലപാടാണ് നേരത്തെ എയർപോർട്ട് അതോറിറ്റി കൈകൊണ്ടിരുന്നത്. റൺവേയും റിസയും നവീകരിച്ച് റൺവേയുടെ ഇരുവശങ്ങളും വീതി കൂട്ടി സുരക്ഷ ഉറപ്പാക്കിയാൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാമെന്ന നിലപാടായിരുന്നു നേരത്തെ വ്യോമയാന മന്ത്രാലയം സ്വീകരിച്ചിരുന്നത്. എന്നാൽ പുതിയ ടെർമിനലിന് പുറമെ വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഏപ്രൺ, കാർഗോ സമുച്ചയം എന്നിവയ്ക്കായി 137 ഏക്കറും കാർ പാർക്കിംഗ് സമുച്ചയത്തിന് 15.5 ഏക്കർ ഭൂമിയും ഏറ്റെടുക്കണമെന്നാണ് എയർപോർട്ട് അതോറിറ്റിയും കേന്ദ്ര വ്യോമയാന മന്ത്രാലയവും ഇപ്പോൾ നിലപാട് എടുത്തിട്ടുള്ളത്.

സ്വകാര്യവത്കരണത്തിന് പിന്നാലെ കൂടുതൽ ഭൂമി ഏറ്റെടുക്കണമെന്ന വാദം ഉയർത്തിയത് കച്ചവട താത്പര്യത്തിനാണെന്നാണ് ആക്ഷേപം. സൗകര്യങ്ങൾ വർദ്ധിപ്പിക്കാനെന്ന പേരിൽ ഏറ്റെടുക്കുന്ന ഭൂമി പിന്നീട് കച്ചവട താത്പര്യങ്ങൾക്ക് വിനിയോഗിച്ചേക്കാമെന്നുമാണ് ഈ നീക്കത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

എയർപോർട്ട് അതോറിറ്റിയുടെ കൈവശമുള്ള ഒഴിഞ്ഞ സ്ഥലം ഉപയോഗപ്പെടുത്തിയും വിമാനത്താവളത്തിൽ ചില ക്രമീകരണങ്ങൾ വരുത്തിയും വിമാനത്താവളത്തിന്റെ വികസനം ഉറപ്പാക്കുന്ന മാർഗ്ഗരേഖ എം.കെ.രാഘവൻ എം.പി എയർപോർട്ട് അതോറിറ്റി ചെയർമാന് സമർപ്പിച്ചിരുന്നു. എവിയേഷൻ രംഗത്തെ വിദഗ്ദരെയും എയർപോർട്ട് അതോറിറ്റിയിലെ റിട്ടയർ ചെയ്ത ഉന്നത ഉദ്യോഗസ്ഥനെയും അടക്കം ഉൾകൊള്ളിച്ചു തയ്യാറാക്കിയ വികസന മാർഗ്ഗരേഖ പ്രകാരം 94.61 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു നിർദ്ദേശിച്ചിരുന്നത്. അന്നത്തെ വിമാനത്താവളം ഡയറക്ടറായിരുന്ന കെ.ശ്രീനിവാസ റാവും ഈ റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും എയർപോർട്ട് അതോറിറ്റിക്കും സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ യാതൊരു തുടർനടപടിയും സ്വീകരിക്കാതിരുന്ന വ്യോമയാന മന്ത്രാലയും ഇത് പാടെ നിരാകരിച്ചാണ് കൂടുതൽ സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഇപ്പോൾ രംഗത്തുവന്നിട്ടുള്ളത്.

കരിപ്പൂരിനെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിനൊപ്പം വലിയ വിമാനങ്ങളുടെ സർവീസ് സംബന്ധിച്ച് യാതൊരു ഉറപ്പുമേകാതെ കൂടുതൽ ഭൂമിയേറ്റെടുക്കാനുള്ള എയർപോർട്ട് അതോറിറ്റിയുടെ നീക്കം കടുത്ത പ്രതിഷേധങ്ങൾക്ക് വഴിവച്ചേക്കാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY, KARIPPUR AIRPORT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.