പത്തനംതിട്ട : മൈലപ്ര സെക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റംഗങ്ങൾ അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകർക്ക് നൽകുന്നതിനായി ആശംസാ കാർഡുകൾ ഒരുക്കുന്ന തിരക്കിലാണ്. 101 ആശംസാകാർഡുകളാണ് ഇവർ തയ്യാറാക്കി വീടുകളിലെത്തിക്കുന്നത്. എല്ലാ അദ്ധ്യാപകരുടെയും അഡ്രസിൽ തപാൽ വഴിയാണ് കാർഡുകൾ എത്തിക്കുക. എട്ട് മുതൽ പത്ത് വരെ ക്ളാസിൽ പഠിക്കുന്ന കുട്ടികളാണ് ഇതിൽ പങ്കാളികളായിരിക്കുന്നത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഓൺലൈൻ ക്ലാസിലാണ് വിദ്യാർത്ഥികളുടെ പഠനം. ഗോകുൽ കൃഷ്ണൻ, ചിപ്പി ശശി, അഖിൽ പ്രസാദ്, ഗൗരി നന്ദ ,കെനസ്, ഗംഗ എസ്. നായർ തുടങ്ങിയ യൂണിറ്റ് ലീഡർമാരുടെ നേതൃത്വത്തിലാണ് കാർഡ് നിർമ്മിച്ചത്. കൊവിഡ് പ്രതിരോധ ചിത്രങ്ങളും ആശംസാകാർഡുകളിൽ വരച്ചിട്ടുണ്ട്. വീണ്ടും ക്ലാസ് മുറികളിൽ കാണാമെന്ന പ്രതീക്ഷയും പങ്കു വച്ചാണ് വിദ്യാർത്ഥികൾ ആശംസ അവസാനിപ്പിക്കുന്നത്.
" ഈ അദ്ധ്യാപക ദിനത്തിൽ കൊവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കി അടുത്ത ദിവസം തന്നെ ഒരുമിച്ചിരിക്കാൻ കഴിയണമെന്നാണ് ആഗ്രഹം. അദ്ധ്യാപകരോടുള്ള ആദരവായാണ് ഇത്തരത്തിൽ ഒരു ആശംസ അറിയിക്കുന്നത്. "
ഗൗരി നന്ദ
(വിദ്യാർത്ഥിനി )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |