SignIn
Kerala Kaumudi Online
Friday, 26 April 2024 10.04 AM IST

പെൻഷൻ പ്രായം കൂട്ടിയാൽ എന്താണു കുഴപ്പം?

secretariat-fire

പതിനൊന്നാം ശമ്പള കമ്മിഷൻ സർക്കാരിനു സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻപ്രായം 56-ൽ നിന്ന് 57 ആക്കണമെന്നു ശുപാർശ ചെയ്തിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഇവിടെയും പെൻഷൻപ്രായം അൻപത്തെട്ടായോ അറുപതായോ ഉയർത്തിയതുകൊണ്ട് യാതൊരു അപകടവും വരാനില്ലെന്ന് ഞങ്ങൾ പലവുരു ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. സർക്കാർ സർവീസിൽ ഒരുവർഷം ശരാശരി ലഭിക്കുന്ന പതിനയ്യായിരമോ ഇരുപതിനായിരമോ ഒഴിവുകളാണ് മൊത്തം തൊഴിലില്ലായ്മയ്ക്കും പരിഹാരമെന്ന മട്ടിൽ അശേഷം യുക്തിയില്ലാത്ത വാദഗതികളാണ് പെൻഷൻപ്രായം ഉയർത്താൻ വിഘാതം. പെൻഷൻപ്രായമെന്നു കേൾക്കുന്ന മാത്രയിൽ പ്രതിഷേധവുമായി ചാടിവീഴുന്ന യുവജനസംഘടനകളും വോട്ടുബാങ്കിൽ മാത്രം താത്‌പര്യമുള്ള രാഷ്ട്രീയക്കാരും യഥാർത്ഥ വസ്തുതകൾ മനസിലാക്കാതെയാണ് വർദ്ധനയെ കണ്ണുംപൂട്ടി എതിർക്കുന്നത്. തൊഴിൽരഹിതരായ അഭ്യസ്തവിദ്യരുടെ സംഖ്യ ഇവിടെ കൂടുതലാണെന്നത് സത്യമാണ്. എന്നാൽ ഒരുവർഷം ഇവരിൽ എത്രപേർക്കാണ് നിയമനം ലഭിക്കുന്നത് ? ഒരു ശതമാനം പോലും വരില്ല ആ സംഖ്യ. മറ്റു മേഖലകളിൽ ലക്ഷക്കണക്കിനു യുവതീയുവാക്കൾക്കു തൊഴിൽ ലഭിക്കുന്നുമുണ്ട്. രാജ്യത്തെതന്നെ ഏറ്റവും വലിയ പി.എസ്.സി ഇവിടെയാണ്. എന്നിട്ടും സർക്കാർ സർവീസിലേക്കുള്ള നിയമനങ്ങളുടെ ഗതിവേഗം എത്തരത്തിലാണെന്ന് എല്ലാവർക്കുമറിയാം. പി.എസ്.സിയുടെ വലിപ്പം വെട്ടിക്കുറയ്ക്കണമെന്ന ശമ്പളകമ്മിഷൻ ശുപാർശയ്ക്കും മുന്തിയ പരിഗണന ലഭിക്കേണ്ടതാണ്.

ഏതു ശമ്പളകമ്മിഷന്റെയും റിപ്പോർട്ടിൽ ശമ്പളപരിഷ്കരണം ഒഴികെ മറ്റു ശുപാർശകൾ, അവ എത്രമാത്രം വിലപ്പെട്ടതാണെങ്കിലും പ്രായേണ അവഗണിക്കാറാണു പതിവ്. ഉയർന്ന ശമ്പളം നൽകുന്നതിനൊപ്പം സർക്കാർ വക സേവനങ്ങളുടെ നിലവാരവും ഉയർത്തണമെന്ന സങ്കല്പത്തിലാണ് ശമ്പളകമ്മിഷൻ മുന്നോട്ടുവയ്ക്കുന്ന ശുപാർശകളിൽ പലതും. എന്നാൽ സർവീസ് സംഘടനകളുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി സർക്കാർ ശമ്പളപരിഷ്കരണം മാത്രം നടപ്പാക്കുന്നു. മറ്റു ശുപാർശകൾ സെക്രട്ടേറിയറ്റിൽ ഏതോ മൂലകളിൽ തള്ളുന്നു. ഇതിനു മുമ്പുള്ള പത്ത് ശമ്പള കമ്മിഷൻ റിപ്പോർട്ടുകൾക്കും നേരിട്ട ദുര്യോഗം തന്നെയാകും പതിനൊന്നാം ശമ്പള കമ്മിഷൻ ശുപാർശകൾക്കും ഉണ്ടാകാൻ സാദ്ധ്യത. എന്നാൽ സംസ്ഥാന വരുമാനത്തിന്റെ മുക്കാൽ പങ്കും ശമ്പളത്തിനു മാത്രമായി വിനിയോഗിക്കുമ്പോൾ സർക്കാർ സേവനം മെച്ചപ്പെടുത്താൻ സഹായകമായി ശമ്പള കമ്മിഷൻ മുന്നോട്ടുവച്ച നല്ല നിർദ്ദേശങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കണം.

എയ്‌ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും ഉദ്യോഗ നിയമനങ്ങൾക്കായി റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കണമെന്ന ശമ്പളകമ്മിഷൻ ശുപാർശയ്‌ക്കെതിരെ റിപ്പോർട്ട് പുറത്തുവന്ന ഉടൻ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഏറ്റവുമധികം കള്ളപ്പണവും കോഴയും മറിയുന്ന സ്വകാര്യ സ്കൂൾ - കോളേജ് നിയമനങ്ങളിലൂടെ മാനേജുമെന്റുകൾ കുന്നുകൂട്ടുന്ന കോഴപ്പണത്തിനു കൈയും കണക്കുമില്ല. നിയമിക്കാൻ മാനേജ്‌മെന്റും ശമ്പളം നൽകാൻ സർക്കാരും എന്ന വിചിത്ര സമ്പ്രദായം പൊതുഖജനാവിനു വരുത്തുന്ന ചോർച്ച നിയന്ത്രിച്ചേ പറ്റൂ. നിയമനങ്ങൾ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ ഫലപ്രദമായിരുന്നില്ല. കുതിച്ചുയരുന്ന ശമ്പളച്ചെലവ് ഓർത്തെങ്കിലും എയ്‌ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കാൻ നടപടി അനിവാര്യമായിട്ടുണ്ട്.

സർവീസുമായി ബന്ധപ്പെട്ട് ഒട്ടേറെ ശുപാർശകൾ കമ്മിഷൻ മുന്നോട്ടുവച്ചിട്ടുണ്ട്. കാലത്തിനു യോജിക്കാത്ത തസ്തികകൾ ഒഴിവാക്കാനും ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിനങ്ങളും മികവിന്റെ അടിസ്ഥാനത്തിലുള്ള ഉദ്യോഗക്കയറ്റവും അവധി ദിനങ്ങൾ കുറയ്ക്കലുമൊക്കെ അതിന്റെ ഭാഗമാണ്. അധികച്ചെലവ് വരാത്ത ശുപാർശകളെങ്കിലും നടപ്പാക്കാൻ നടപടിയുണ്ടാകണം. ഓരോ അഞ്ചുവർഷത്തിലും ശമ്പളം ഗണ്യമായി ഉയരുന്നത് സന്തോഷപ്രദമാണെങ്കിലും സേവനത്തിന്റെ കാര്യത്തിൽ ജനങ്ങളുടെ പരാതികൾ നിലനിൽക്കുന്നു. ശമ്പള കമ്മിഷൻ റിപ്പോർട്ടിലെ പല ശുപാർശകളും സേവനം മെച്ചപ്പെടുത്താനുള്ളതും അർഹമായ പരിഗണന ലഭിക്കേണ്ടവയുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.