നഷ്ടപരിഹാരത്തുക ലഭിച്ചില്ലെന്ന് വ്യാപാരികൾ
നീലേശ്വരം: ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിക്കാനെത്തിയ കരാറുകാരെ വ്യാപാരികൾ തടഞ്ഞു. നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ കെട്ടിടങ്ങൾ പൊളിക്കാനെത്തിയ കരാറുകാരെയാണ് വ്യാപാരികൾ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തത്.
ഹൈവേ ജംഗ്ഷനിലെ എസ്പീസ് ബില്‍ഡിംഗ്, ഗുരുകൃപ, ഐവ ഷോപ്പിംഗ് കോംപ്ലക്‌സ്, ലക്ഷ്മണൻ പീടിക കോംപ്ലക്‌സ്, സിനി സ്റ്റുഡിയോ കെട്ടിടം തുടങ്ങിയ കെട്ടിടങ്ങൾ പൊളിക്കാനാണ് ഇരുപതോളം തൊഴിലാളികളും പൊളിക്കാനുള്ള സംവിധാനവുമായി കരാറുകാരെത്തിയത്. എന്നാൽ ഈ കെട്ടിടങ്ങളിൽ വർഷങ്ങളായി കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരമോ ഡെപ്പോസിറ്റ് തുകയോ നൽകാത്തതിനെ തുടർന്നാണ് കെട്ടിടം പൊളിക്കുന്നത് വ്യാപാരികൾ തടഞ്ഞത്. കെട്ടിട ഉടമകളുമായി പലവട്ടം ചർച്ച നടത്തിയിരുന്നുവെങ്കിലും നഷ്ടപരിഹാരം നൽകാൻ തയ്യാറായിരുന്നില്ലത്രെ. ഇതിനിടയിൽ ഒരു കെട്ടിടത്തിന് മുന്നിൽ കഴിഞ്ഞയാഴ്ച വ്യാപാരികൾ ധർണ്ണാസമരവും സംഘടിപ്പിക്കുകയുണ്ടായി. വ്യാപാരികളുടെ പ്രശ്‌നത്തിൽ എന്തുനിലപാട് എടുക്കണമെന്ന് ചർച്ചചെയ്യാൻ വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം ചേർന്നു. പിന്നീട് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.