SignIn
Kerala Kaumudi Online
Saturday, 28 May 2022 4.24 PM IST

ആർ.എസ്.പിക്കായി വലവിരിച്ച് സി.പി.എം

photo

ആഭ്യന്തരകലഹം മൂലം മറ്റു പാർട്ടികളിൽ നിന്ന് വിട്ടുവരുന്നവരെ സ്വീകരിക്കാൻ വലയുമായി നിൽക്കുകയാണ് സി.പി.എം. കോൺഗ്രസിലെ അസംതൃപ്തരായവർക്കൊപ്പം സി.പി.എം ഇനി ലക്ഷ്യം വയ്ക്കുന്നത് ആർ.എസ്.പി യിലേക്കാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും തോറ്റതോടെ ആർ.എസ്.പി യിലെ ഒരു വിഭാഗത്തിനുണ്ടായ ചാഞ്ചാട്ടം മുതലെടുക്കാൻ അന്നേ തുടങ്ങിയതാണ് സി.പി.എമ്മിന്റെ വലവിരിയ്ക്കൽ തന്ത്രം. ഇതുവരെ ആരും വലയിൽ വീണില്ലെന്ന് മാത്രം. എന്നാൽ അടുത്തിടെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി ആർ.എസ്.പിയെയും വല്ലാതെ പ്രകോപിതരാക്കി. കോൺഗ്രസ് ഇരിയ്ക്കുന്ന കമ്പ് മുറിയ്ക്കാൻ ശ്രമിച്ചാൽ തങ്ങൾ മുന്നണി മാറ്റത്തെക്കുറിച്ച് ചിന്തിക്കുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഏ.ഏ അസീസ് തുറന്നടിച്ചതോടെ സി.പി.എം നീക്കം വീണ്ടും സജീവമായി. യു.ഡി.എഫ് എന്ന കപ്പലിനെ മുക്കാനാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുന്നതെന്ന് ഷിബു ബേബിജോണും തുറന്നടിച്ചു. മുന്നണി മാറ്റത്തെക്കുറിച്ച് ആർ.എസ്.പി അഭിപ്രായം പറഞ്ഞാൽ തങ്ങൾ നിലപാട് വ്യക്തമാക്കാമെന്ന് പാർട്ടി സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞത് ആ പാർട്ടിയിലെ നിരാശ ബാധിച്ചവരെ ലക്ഷ്യമിട്ടായിരുന്നു. അതിനിടെ അനുനയവുമായി കോൺഗ്രസ് നേതാക്കൾ ഇടപെട്ടതോടെ ആർ.എസ്.പി നിലപാടിൽ അയവ് വന്നു. കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് യോഗത്തിൽ ആർ.എസ്.പി മുന്നണി വിടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അന്നുതന്നെ ചേർന്ന ആർ.എസ്.പി സംസ്ഥാന കമ്മിറ്റി യോഗവും സന്നിഗ്ധ ഘട്ടത്തിൽ യു.ഡി.എഫ് വിടുന്നത് ശരിയല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് ആർ.എസ്.പി എന്നു വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി എ.എ അസീസ്, തിരഞ്ഞെടുപ്പിൽ തോറ്റാൽ മുന്നണി വിടുകയെന്ന വഞ്ചനാപരമായ സമീപനം പാർട്ടിക്കില്ലെന്നും അഭിപ്രായപ്പെട്ടു. കോൺഗ്രസിനെ സ്നേഹിക്കുന്നവരിൽ അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് താൻ കടുത്ത വിമർശനം ഉന്നയിച്ചതെന്ന് ഷിബുബേബി ജോണും യോഗത്തിൽ വിശദീകരിച്ചു. തത്‌കാലം ആർ.എസ്.പി യു.ഡി.എഫ് വിടില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് ആശ്വസിക്കാവുന്നതാണ് ഇതൊക്കെ.

പിന്മാറാതെ സി.പി.എം

ആർ.എസ്.പിയിലെ നിരാശബാധിച്ച നേതാക്കളെയും അണികളെയും സി.പി.എം ലക്ഷ്യമിടാൻ തുടങ്ങിയിട്ട് നാളേറെയായി. മുമ്പ് എൽ.ഡി.എഫ് ഘടകകക്ഷിയായിരുന്ന ആർ.എസ്.പി, 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കൊല്ലം സീറ്റിനെച്ചൊല്ലി എൽ,ഡി.എഫ് നേതൃത്വവുമായി ഇടഞ്ഞ് മുന്നണി വിട്ടത്. കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുകയും വൻ ഭൂരിപക്ഷത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബിയെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാൽ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പിക്ക് സീറ്റൊന്നും ലഭിച്ചില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതേ സ്ഥിതി ആവർത്തിക്കുകയും ചെയ്തു. അതോടെ പാർട്ടിയിൽ നല്ലൊരു വിഭാഗം നേതാക്കളിലും അണികളിലും ഇനിയും യു.ഡി.എഫിൽ തുടരണോ എന്ന ചിന്തയുയർന്നു. യു.ഡി.എഫ് കീഴ് ഘടകങ്ങളിൽ ആർ.എസ്.പിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും പാർട്ടിയിൽ ശക്തമായ വികാരമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പിക്ക് മത്സരിക്കാൻ നൽകിയ മട്ടന്നൂർ, ആറ്റിങ്ങൽ സീറ്റുകൾ തീരെ വിജയസാദ്ധ്യത ഇല്ലാത്തതായിരുന്നുവെന്ന വികാരവും നിലനിൽക്കുന്നുണ്ട്. ദേശീയതലത്തിൽ ഇടതുമുന്നണിയ്ക്കൊപ്പം നിൽക്കുന്ന ആർ.എസ്.പി സംസ്ഥാനത്തും അതേനിലപാട് സ്വീകരിക്കണമെന്ന ചിന്താഗതിയുള്ളവരെയാണ് സി.പി.എം ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ കേരളത്തിൽ മുന്നണിമാറ്റത്തിനുള്ള സാഹചര്യം നിലവിലില്ലന്ന വാദമാണ് എൻ.കെ പ്രേമചന്ദ്രൻ എം.പി അടക്കമുള്ളവർ മുന്നോട്ട് വയ്ക്കുന്നത്. മാത്രമല്ല, രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള മതിപ്പിന്റെ ഗ്രാഫ് താഴേയ്ക്കാണെന്നും അവർ വിലയിരുത്തുന്നു. ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴേക്കും ഇപ്പോഴത്തെ ജനപിന്തുണയിൽ വൻ ഇടിവുണ്ടാകുമെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. ആർ.എസ്.പിയിൽ ഇങ്ങനെയൊരു വികാരം വളർത്തിയെടുത്ത് മുന്നണിമാറ്റ ആവശ്യം ഉന്നയിക്കുന്നവരെ സാന്ത്വനിപ്പിക്കാനും പാർട്ടിയിൽ ശ്രമമുണ്ട്. ഘടകകക്ഷികളുടെ ബാഹുല്യത്താൽ വീർപ്പുമുട്ടുന്ന എൽ.ഡി.എഫിലേക്ക് ഇനി ആർ.എസ്.പി കൂടി എത്തിയാൽ മുൻകാലങ്ങളിൽ ലഭിച്ച പരിഗണന പോലും ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്. സി.പി.എം നേരത്തെ വലയിലാക്കിയ കോവൂർ കുഞ്ഞുമോന്റെ ഇപ്പോഴത്തെ സ്ഥിതിയും പാർട്ടി ഉയർത്തിക്കാട്ടുന്നുണ്ട്. അഞ്ചാം തവണയും എം.എൽ.എ ആയെങ്കിലും കുഞ്ഞുമോന് മന്ത്രിസ്ഥാനം നിഷേധിച്ചതാണ് ആർ.എസ്.പി ഉയർത്തിക്കാട്ടുന്നത്. ഒറ്റ എം.എൽ.എ മാത്രമുള്ള മറ്റു കക്ഷികൾക്ക് രണ്ടരവർഷം മന്ത്രിസ്ഥാനം നൽകിയിട്ടും കുഞ്ഞുമോനെ പരിഗണിച്ചതേയില്ല.

സി.പി.എം ലക്ഷ്യം

പ്രേമചന്ദ്രൻ ഒഴികെയുള്ളവരെ

എൻ.കെ പ്രേമചന്ദ്രൻ എം.പി ഒഴികെയുള്ളവരെ വലയിലാക്കാനാണ് സി.പി.എം കരുക്കൾ നീക്കുന്നത്. പ്രേമചന്ദ്രനൊഴികെ ആരെയും ഉൾക്കൊള്ളാൻ സി.പി.എം ഒരുക്കമാണ്. 2014 ൽ എൽ.ഡി.എഫ് മുന്നണിവിടാൻ ആർ.എസ്.പിയെ പ്രേരിപ്പിച്ചത് പ്രേമചന്ദ്രന്റെ പിടിവാശിയാണെന്ന് സി.പി.എം ഇപ്പോഴും അടിയുറച്ച് വിശ്വസിക്കുന്നു. അന്നത്തെ മുന്നണിമാറ്റത്തിന്റെ പേരിൽ പ്രേമചന്ദ്രന് പിണറായി വിജയനിൽ നിന്ന് 'പരനാറി" പ്രയോഗം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പ്രേമചന്ദ്രനോടുള്ള പിണറായി വിജയന്റെ അസംതൃപ്തിക്ക് ഇപ്പോഴും കുറവ് വന്നിട്ടില്ലെന്നതിനാലാണ് പ്രേമചന്ദ്രൻ ഒഴികെയുള്ളവരെ വലയിലാക്കാനുള്ള സി.പി.എം കരുനീക്കം.

ആർ.എസ്.പി വേരുകൾ

ഇപ്പോഴും ശക്തം

തിരഞ്ഞെടുപ്പിൽ സീറ്റൊന്നും ലഭിച്ചില്ലെങ്കിലും കൊല്ലം ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും ആർ.എസ്.പിക്ക് സാമാന്യം നല്ലനിലയിൽ വോട്ടുണ്ടെന്നാണ് സി.പി.എം വിലയിരുത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടത് തുടർഭരണം ലഭിച്ചെങ്കിലും കൊല്ലത്ത് ഇടതുമുന്നണിക്ക് പ്രതീക്ഷിച്ചനേട്ടം ഉണ്ടാക്കാനായില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് മികച്ച ലീഡ് നേടിയിരുന്നു. തുടർന്ന് 2020 ൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണം പിടിച്ചെങ്കിലും ഒരു നഗരസഭയിലും ഒരു ബ്ളോക്ക് പഞ്ചായത്തിലും യു.ഡി.എഫ് ഭരണം പിടിക്കുകയും മറ്റിടങ്ങളിൽ നില മെച്ചപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നീണ്ട കാൽനൂറ്റാണ്ടിനു ശേഷം ജില്ലയിൽ കോൺഗ്രസിന് രണ്ട് സീറ്റുകൾ ലഭിച്ചു. ഒന്നാം പിണറായി മന്ത്രിസഭയിലെ മത്സരിച്ച ഏക മന്ത്രിയായ ജെ.മേഴ്സിക്കുട്ടിയമ്മ കുണ്ടറയിൽ തോൽക്കുകയും ചെയ്തു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ അരലക്ഷത്തിലേറെ വോട്ട് എൽ.ഡി.എഫിന് കുറയുകയും ചെയ്തു. ഇരവിപുരം ഒഴികെ 10 മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞു. യു.ഡി.എഫിനാകട്ടെ പുനലൂരിൽ ഒഴികെ പത്തിടങ്ങളിലും വോട്ട് കൂടിയതായി സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ റിവ്യു റിപ്പോർട്ടിൽ തന്നെ വിലയിരുത്തിയിട്ടുണ്ട്. ഭാവി തിരഞ്ഞെടുപ്പുകളിൽ സ്ഥിതി ഇതിലും മോശമായാലുള്ള അപകടം സി.പി.എം മുൻകൂട്ടി കാണുന്നുണ്ട്. ആർ.എസ്.പിയെ അതിനു മുമ്പേ വലയിലാക്കാനുള്ള സി.പി.എം നീക്കത്തിനു പിന്നിൽ ഇതും കാണാതിരുന്നുകൂടാ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOLLAM DIARY, RSP
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.