SignIn
Kerala Kaumudi Online
Tuesday, 30 April 2024 4.18 PM IST

വേലുമണിക്ക് മണികെട്ടി

vv

മടിയിൽ കനമുണ്ടെങ്കിൽ വഴിയിൽ ഭയക്കണം. പ്രത്യേകിച്ച് അധികാരമൊക്കെ നഷ്ടപ്പെട്ടുപോയ ശേഷം. കുറ‌‌ഞ്ഞ പക്ഷം 'തള്ളലുകൾ' അവസാനിപ്പിക്കണം. പറഞ്ഞു വരുന്നത് തമിഴ്നാട്ടിലെ മുൻ മന്ത്രി എസ്.പി. വേലുമണിയെക്കുറിച്ചാണ്. തമിഴ്നാട്ടിലെ വിജിലൻസ് വിഭാഗം വേലുമണിയുടെ സകലമാന വീടുകളും ബന്ധമുള്ള സ്ഥാപനങ്ങളിലുമെല്ലാം അരിച്ചുപെറുക്കി പരിശോധന നടത്തിയിരിക്കുകയാണിപ്പോൾ. അന്തിമ അന്വേഷണ റിപ്പോർട്ട് ഉടൻ വരും. മുൻ മന്ത്രി അഴിക്കുള്ളിൽ ആകുമെന്നാണ് ഡി.എം.കെ നേതാക്കൾ പറയുന്നത്.

ജയലളിതയ്ക്കു ശേഷം അണ്ണാ ഡി.എം.കെയിലെ എടപ്പാടിയും ഒ.പി.എസും കഴി‌ഞ്ഞാൽ മൂന്നാമത്തെ അധികാര കേന്ദ്രമായിരുന്ന വേലുമണി എം.കെ. സ്റ്റാലിന്റെ പ്രധാന നോട്ടപ്പുള്ളിയായിരുന്നു. അധികാരം നേടിയാൽ മന്ത്രിമാരായ വേലുമണി, പി.തങ്കമണി എന്നിവരുടെ അഴിമതികളെക്കുറിച്ച് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണസമ്മേളനങ്ങളിൽ സ്റ്റാലിൻ പലവട്ടം പറ‌ഞ്ഞതുമാണ്. തിര‌‌ഞ്ഞെടുപ്പിൽ ഉജ്ജ്വലനേട്ടം സ്വന്തമാക്കി സ്റ്റാലിൻ മുഖ്യമന്ത്രിയുമായി. വാഗ്ദാനങ്ങളൊക്കെ ഒന്നൊന്നായി നടപ്പിലാക്കാനും തുടങ്ങി.

അപ്പോഴാണ് എസ്.പി.വേലുമണി സ്വന്തം തട്ടകമായ കോയമ്പത്തൂരിലെ വേദികളിൽ ആവർത്തിച്ച് പ്രസംഗിച്ചു- ''അഴിമതിയുടെ പേരിൽ എന്നെ തൊടാനാവില്ല'' തൊട്ടില്ല, പകരം സ്റ്റാലിന്റെ നിർദേശപ്രകാരം വിജിലൻസ് കാര്യമായങ്ങ് 'മാന്തിപ്പൊളിച്ചു'. അധികാര ദുർവിനിയോഗം,ക്രിമിനൽ ഗൂഢാലോചന,വഞ്ചന എന്നിവയ്ക്ക് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് വേലുമണി, സഹോദരൻ അൻപരശ് തുടങ്ങി 17 പേർക്കതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആഗസ്റ്റ് 10, 11 തീയതികളിൽ റെയ്ഡും നടത്തി. പാർട്ടിപ്രവർത്തകരെ മുന്നിൽ നിറുത്തി പ്രതിരോധിക്കാൻ ഒരു പാഴ്ശ്രമം വേലുമണി നടത്തിയെന്നു മാത്രം.

ചെന്നൈ, കോയമ്പത്തൂർ, ഡിണ്ടിഗൽ ,കാഞ്ചിപുരം എന്നിവടങ്ങളിലെ 57 സ്ഥലങ്ങളിലായാണ് റെയ്ഡ് നടന്നത്. ഗ്രാമവികസന നഗരഭരണകാര്യ മന്ത്രിയായിരുന്ന എസ്.പി. വേലുമണിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആറുവർഷത്തിനിടയിൽ നേടിയത് അസാധാരണ വളർച്ചയെന്ന് വിജിലൻസ് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.

കടവുളേ ഇവളവും...

പത്ത് കമ്പനികളുമായാണ് വേലുമണിക്ക് അടുപ്പമുണ്ടായിരുന്നത്. ഇവയ്ക്കാണ് മന്ത്രിയായിരിക്കെ നിയമം ലംഘിച്ച് ടെൻഡറുകൾ നൽകിയത്. കമ്പനികളിൽ പലതിലും പങ്കാളിയാണെന്നും സൂചനയുണ്ട്. ഈ കമ്പനികളുടെ വളർച്ച പരിശോധിച്ച വിജിലൻസ് ഉദ്യോഗസ്ഥർ ഞെട്ടി. സി.ആർ. കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ വിറ്റുവരവ് ആറുവർഷത്തിനുള്ളിൽ 38 ലക്ഷത്തിൽനിന്ന് 43.5 കോടിയായി വളർന്നു. കെ.സി.പി. എൻജിനിയറിംഗ് സ്ഥാപനത്തിന്റെ വിറ്റുവരവും ആറു വർഷത്തിനകം 42 കോടിയിൽ നിന്ന് 454 കോടി രൂപയായി ഉയർന്നു. വളർച്ച 967 ശതമാനം. വർദ്ധൻ ഇൻഫ്രാസ്ട്രക്ചറിന്റെ 2012-13 ലെ വിറ്റുവരവ് 2.02 കോടിയായിരുന്നു. 2018-19 ൽ ഇത് 66.7 കോടിയായി വർദ്ധിച്ചു. ആലയം ഫൗണ്ടേഷൻസിന്റെ വിറ്റുവരവ് 2012-13 ലെ 55 ലക്ഷത്തിൽനിന്ന് 2018-2019 ൽ 15 കോടി രൂപയായി ഉയർന്നു. എ.സി.ഇ. ടെകിന്റെ വിറ്റുവരവ് 34 കോടിയിൽനിന്ന് 155 കോടിയായി.

മുൻമന്ത്രിയുമായി ബന്ധമുള്ള ഹൊസൂർ ബിൽഡേഴ്‌സ്, കോൺസ്‌ട്രോണിക്സ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ വളർച്ചയുണ്ടായത് വെറും രണ്ടുവർഷത്തിനകമാണെന്നും വിജിലൻസ് കണ്ടെത്തി. 2015- 2016 ൽ ഹൊസൂർ ബിൽഡേഴ്സിന് വെറും 93 ലക്ഷമായിരുന്നു വിറ്റുവരവ്. 2017-18 സാമ്പത്തിക വർഷമായപ്പോഴേക്കും ഇത് 19.6 കോടിയിലെത്തി.

ആലം ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വരുമാനം 106 കോടിയിൽ നിന്ന് 160 കോടി രൂപയായി ഉയർന്നതും ഇതേ കാലയളവിലാണ്. ഇതിനുപുറമെ എയ്സ്‌ടെക് മെഷിനറി ഇന്ത്യ, ശ്രീ മഹാഗണപതി ജ്വല്ലേഴ്സ്, വൈഡൂര്യ ഹോട്ടൽസ്, രത്നലക്ഷ്മി ഹോട്ടൽസ് തുടങ്ങിയ സ്ഥാപനങ്ങളുമായും എസ്.പി. വേലുമണിക്ക് ബന്ധമുണ്ടായിരുന്നതായി വിജിലൻസ് കണ്ടെത്തി. 2014-18 കാലയളവിൽ ചെന്നൈ, കോയമ്പത്തൂർ കോർപ്പറേഷനുകളിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് 810 കോടി രൂപയുടെ ടെൻഡർ അഴിമതി നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ ഒരു വധഭീഷണി കേസ് കൂടി വേലുമണിക്കെതിരെയുണ്ടായി. ഒരു കോടി ഇരുപത് ലക്ഷം രൂപ നൽകിയെങ്കിലും കരാർ ലഭിച്ചില്ലെന്നും പണം തിരികെ ചോദിച്ചപ്പോൾ മുൻമന്ത്രിയും പി.എയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് തിരുവേഗദൻ എന്ന കരാറുകാരന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൊണ്ടിമുത്തൂർ മണ്ഡലത്തിൽനിന്ന് വിജയിച്ച വേലുമണി അണ്ണാഡി.എം.കെ. വിപ്പാണ്.

പി.കന്തസ്വാമി എന്ന 'കെട്ട കനവ്'

എടപ്പാടി പളനിസാമി സർക്കാരിലെ അഴിമതി പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ടാണു വ്യാജഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി.കന്തസ്വാമിയെ വിജിലൻസ് തലപ്പത്തേക്കു സ്റ്റാലിൻ കൊണ്ടുവന്നത്. മാസങ്ങൾ നീണ്ട വിവരശേഖരണത്തിനുശേഷമാണ് പി. കന്തസ്വാമി മുൻമന്ത്രിമാരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് പ്ലാൻ ചെയ്യുന്നത്. മുൻഗതാഗത മന്ത്രി എം. ആർ. വിജയഭാസ്‌കറിന്റെ വീട്ടിൽ നിന്നായിരുന്നു തുടക്കം. ദിവസങ്ങൾ നീണ്ടുനിന്ന റെയ്ഡിൽ 10.68 കോടി രൂപയുടെ അനധികൃത സ്വത്തുക്കളുടെ രേഖകളാണു പിടിച്ചെടുത്തത്. തൊട്ടുപിറകെ വിജയ ഭാസ്‌കർ,ഭാര്യ വിജയലക്ഷ്മി,സഹോദരൻ ആർ. ശേഖർ എന്നിവർക്കെതിരെ കേസെടുത്തു.

വെല്ലുവിളിയും വിമർശനവുമൊക്കെ മുൻ വൈദ്യുതവകുപ്പ് മന്ത്രി തങ്കമണി നിറുത്തിയെന്ന് ഒരു തമാശ ചെന്നൈയിൽ പ്രചരിക്കുന്നുണ്ട്. വേലുമണിക്കൊപ്പം ഡി.എം.കെയുടെ ഹിറ്റ് ലിസ്റ്റിലുള്ള ആളാണ് തങ്കമണി. വൈദ്യുതി വാങ്ങൽ ടെൻഡറുകളിലുൾപ്പെടെ തങ്കമണിയുടെ ഇടപെടൽ സർക്കാരിൻ വൻ നഷ്ടമുണ്ടാക്കിയെന്ന സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റാലിൻ വൈകാതെ നടപടിയെടുക്കുമെന്നാണ് സൂചന.

2018 ൽ ആർ.എസ്. ഭാരതി എം.പിയും ചെന്നൈയിലെ അഴിമതി വിരുദ്ധ സംഘടന പ്രവർത്തകൻ വി.ജയറാമും നൽകിയ പരാതികൾ വിജിലൻസ് തള്ളിയിരുന്നു. സർക്കാർ മാറിയതോടെ ഈ പരാതികളിൽ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELUMANI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.