അടൂർ : കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ വലിയതോടിന് കുറുകെയുള്ള പഴയപാലത്തിൽ മൂന്നാംതവണയും ജലവിതരണ പൈപ്പ്പൊട്ടി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് പറക്കോട് ചിരക്കിക്കൽ ജലശുദ്ധീകരണ പ്ളാന്റിൽ നിന്ന് അടൂർ നഗരസഭാപ്രദേശത്തേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ പൊട്ടിയത്. തുടർന്ന് ടൗൺ റോഡിൽ വാഹനയാത്രികർക്ക് ഒരു മണിക്കൂറോളം ബുദ്ധിമുട്ട് ഉണ്ടായി. വെള്ളം ശക്തമായി ചീറ്റിത്തെറിച്ചതോടെ ഇരുചക്രവാഹന യാത്രികർ നനഞ്ഞുകുളിച്ചാണ് കടന്നുപോയത്. പാലത്തിന്റെ കൈവരിയോട് ചേർന്ന് അടുത്തിടെ സ്ഥാപിച്ച ഡി.ഐ പൈപ്പുകൾ കൂട്ടിയോജിപ്പിച്ച ഭാഗം ഇളകിമാറുകയായിരുന്നു. രണ്ടാംതവണയാണ് ഇവിടെ പൈപ്പുപൊട്ടി ജലധാര രൂപപ്പെടുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിനെ തുടർന്ന് പൈപ്പ് പാലത്തിന്റെ കൈവരിയോട് ചേർത്ത് പിടിപ്പിച്ച കോൺക്രീറ്റ് കെട്ടും തകർന്നു. ഇന്നലെ പൈപ്പ് പൊട്ടിയ ഭാഗത്തിന് എതിർവശത്ത് പള്ളിക്കൽ പഞ്ചായത്തിലേക്കുള്ള ലൈൻ ഒരാഴ്ച മുൻപ് തകർന്നിരുന്നു. അടിക്കടി ഈ ഭാഗത്ത് പൈപ്പ് പൊട്ടി ജലം പാഴാകുന്നതിനാൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കിട്ടുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |