SignIn
Kerala Kaumudi Online
Friday, 26 April 2024 8.17 AM IST

നാല്‌പതാം വർഷത്തിലെത്തിയ ഇന്ന്

innu-ormakudanna

വായനയെ വസന്തമാക്കിയ ഒരു സമൂഹത്തിന്റെ പിൻബലത്തിൽ ഇന്ന് എന്ന ഇൻലന്റ് മാസിക പ്രസിദ്ധീകരണത്തിന്റെ 40-ാം വർഷത്തിലെത്തി. കവി മണമ്പൂർ രാജൻബാബുവിന്റെ പത്രാധിപത്യത്തിൽ നടന്നുവരുന്ന 'ഇന്ന്' ഒരുകാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം വിദ്യാലയങ്ങളും ഗ്രന്ഥശാലകളും കേന്ദ്രീകരിച്ച് നടന്നുവന്ന കയ്യെഴുത്തുമാസികകളുടെ തുടർച്ചയാണ് .

കൈപ്പടയിലൂടെയും ഉളളടക്കത്തിലൂടെയും ശ്രദ്ധേയമായ ഒട്ടനവധി കയ്യെഴുത്ത് മാസികകൾ മലയാളത്തിലുണ്ടായിരുന്നു. മലയാളസാഹിത്യത്തിലെ സവ്യസാചിയായ സി.വി.കുഞ്ഞുരാമന്റെ ചെറുമകനും കൗമുദി പത്രാധിപരുമായ കെ.ബാലകൃഷ്ണൻ 12-ാം വയസിൽ ആദ്യമായെഴുതിയ ആകാശങ്ങളെ ആക്രമിച്ച റൈറ്റ് സഹോദരന്മാർ എന്ന ലേഖനം അക്കാലത്ത് മയ്യനാട്ട് നിന്നുമുളള ഒരു കയ്യെഴുത്ത് മാസികയിലാണ് പ്രസിദ്ധീകരിച്ചത്. നല്ല വടിവുളള കൈപ്പടയായിരുന്നു ആ കയ്യെഴുത്ത് മാസികയുടേത്. സി.വി.കുഞ്ഞുരാമന്റെതും അഴകുളള കൈപ്പടയായിരുന്നു. അതിൽ നിന്നുമാണ് പില്ക്കാലത്ത് പ്രചുരപ്രചാരം നേടിയ മയ്യനാടൻ കൈപ്പട എന്ന പ്രയോഗമുണ്ടായത്. ചെറുമകൻ കെ.ബാലകൃഷ്ണന്റെ കൈപ്പടയും മനോഹരമായിരുന്നു. സി.വി പോലും ആ കൈപ്പടയിൽ ആകൃഷ്ടനാവുകയും അക്കാലത്തെ എഴുത്തുകാർക്കുളള കത്തുകൾ ബാലകൃഷ്ണനെക്കൊണ്ട് എഴുതിപ്പിക്കുകയും ചെയ്തിരുന്നു. ജനയുഗം പത്രാധിപരായിരുന്ന കാമ്പിശ്ശേരി കരുണാകരനും തോപ്പിൽ ഭാസിയും ഡോ.പുതുശ്ശേരി രാമചന്ദ്രനും ചേർന്ന് ഭാരത തൊഴിലാളി എന്ന പേരിൽ ഒരു കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിച്ച കാര്യം പില്ക്കാലത്ത് തോപ്പിൽ ഭാസി ഒരു ലേഖനത്തിൽ അനുസ്മരിച്ചിട്ടുണ്ട്. അച്ചടിയെപോലും വിസ്മയിപ്പിക്കുന്നതായിരുന്നു ചിത്രകാരൻ ജെ.ആർ.പ്രസാദ് വിദ്യാർത്ഥി കാലഘട്ടത്തിൽ നടത്തിയിരുന്ന രാഷ്ട്രശില്പി കയ്യെഴുത്ത് മാസിക. വൈക്കം മുഹമ്മദ് ബഷീറും എം.ടിയും ടി.പത്മനാഭനും ഉൾപ്പടെ അക്കാലത്തെ പ്രസിദ്ധരായവർ ഈ കയ്യെഴുത്ത് മാസികയിൽ എഴുത്തുകാരായിരുന്നു എന്ന സത്യം ഒരു പക്ഷേ ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. ഒരുഭ്രാന്തിന്റെ കഥ വൈക്കം മുഹമ്മദ് ബഷീർ രാഷ്ട്രശില്പിയിലായിരുന്നു പ്രസിദ്ധീകരിച്ചത്. അച്ചടി പ്രസിദ്ധീകരണങ്ങളെ വെല്ലുന്ന ചമയങ്ങളോടെ ഇറങ്ങിയ രാഷ്ട്രശില്പി കയ്യെഴുത്ത് മാസിക അക്കാലത്തെ പ്രമുഖരായ സാഹിത്യകാരന്മാർക്ക് പോലും വിസ്മയമായിരുന്നു. ഇന്റർനെറ്റ് യുഗത്തിലെ കുട്ടികൾക്ക് കയ്യെഴുത്ത് മാസിക എന്നു കേൾക്കുമ്പോൾ അത്ഭുതം തോന്നാം. എന്നാൽ ഇപ്പോൾ വാർദ്ധക്യത്തിലെത്തി നിൽക്കുന്ന പഴയ തലമുറയുടെ ഗൃഹാതുരസ്മരണകളിൽ കയ്യെഴുത്ത് മാസികകൾക്കും ഒരു സ്ഥാനമുണ്ടാകും. അച്ചടി മാസികകൾ സർവസാധാരണമായതോടെയാണ് കയ്യെഴുത്ത് മാസികകൾ പിൻവാങ്ങിയത്. പകരം ഇൻലന്റുകളിൽ അച്ചടിച്ച കുഞ്ഞുമാസികകൾ പിറവിയെടുത്തു. 1970, 80 കാലം വരെയും ഇൻലന്റ് മാസികകളുടെ ഒരു പ്രവാഹമായിരുന്നു. പലതിനും ആയുസ്സ് കുറവായിരുന്നു. ഇക്കൂട്ടത്തിൽ പിടിച്ചുനിന്നത് ഇന്ന് പോലെ ഏതാനും ചിലത് മാത്രം. 40-ാം വർഷത്തിൽ ഇന്നിൽ പ്രസിദ്ധീകരിച്ച 1062 എഴുത്തുകാരുടെ രചനകൾ ഉൾപെടുത്തി ഓർമ്മക്കുടന്ന എന്ന പുസ്തകം രാജൻബാബു മലയാളത്തിനു സമർപ്പിക്കുന്നു. കുഞ്ഞുമാസികകൾക്ക് വിധിക്കപ്പെട്ട ശലഭായുസിനെ അതിജീവിച്ചാണ് 40-ാം വർഷത്തിൽ എത്തിയതെന്ന് ആമുഖത്തിൽ പറയുന്നു. വൈക്കം മുഹമ്മദ് ബഷീർ മുതൽ കെ.അനാമികയുടെ രചന വരെയുണ്ട് ഓർമ്മക്കുടന്നയിൽ. ഇംഗ്ലീഷ് അക്ഷരമാലക്രമത്തിലാണ് ഓരോ എഴുത്തുകാരുടെയും രചന പ്രസിദ്ധീകരിച്ചിട്ടുളളത്. 1993ൽ ഇന്ന് കഥാപതിപ്പിൽ വന്ന ബഷീറിന്റെ ജന്മവാസന എന്ന രചനയോടെയാണ് ഓർമ്മക്കുടന്നയുടെ തുടക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INNU MAGAZINE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.