SignIn
Kerala Kaumudi Online
Friday, 26 April 2024 11.56 AM IST

പി.ആർ. നായരെന്ന രാമേട്ടനെ ഓർക്കുമ്പോൾ

prnair

1987 മുതൽ ഞാൻ കിഴക്കേക്കോട്ടയിലെ പത്മനാഭന്റെ നടയിലുള്ള രാമേട്ടന്റെ മുറിയിലെ സന്ദർശകനായിരുന്നു. പി.ആർ. നായർ എന്ന രാമേട്ടൻ സർഗധനനായ ഫിലിം എഡിറ്ററും സംവിധായകനും തിരക്കഥാകൃത്തും മാത്രമല്ല പ്രതിഭാധനരായ നിരവധിപേരെ സിനിമാരംഗത്തേക്ക് കൊണ്ടുവരികയും ജീവിതത്തിന്റെ തിരശ്ശീലയിൽ നിന്നുതന്നെ മാഞ്ഞുപോകുമായിരുന്ന പലരെയും കൈത്താങ്ങ് കൊടുത്ത് സംരക്ഷിക്കുകയും ചെയ്‌ത വലിയ മനുഷ്യനുമാണ്.

എന്റെ ആദ്യത്തെ ഗുരുനാഥനായ കെ.ആർ. മോഹനേട്ടൻ കെ.എസ്.എഫ്.ഡി.സിക്ക് വേണ്ടി ചെയ്ത 35ഓളം ഡോക്യുമെന്ററികളിൽ സംവിധാനസഹായി എന്ന നിലയിൽ രാമേട്ടനോടൊപ്പം ജോലി ചെയ്യാനെനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരേയൊരു ചലച്ചിത്രത്തിൽ മാത്രമേ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. കെ.പി.ശശിയുടെ 'ഇലയും മുള്ളും' എന്ന ശ്രദ്ധേയമായ സിനിമയിൽ രാമേട്ടനെക്കുറിച്ച് ഒരുപാട് ഓർമ്മകളുണ്ട് ; മുഖ്യധാരാ സിനിമയുടെ മുൻനിരയിലെത്തിയ ബാലചന്ദ്രമേനോന്റെ ആദ്യ സിനിമയായ 'ഉത്രാടരാത്രി ' അടക്കം സമാനതകളില്ലാത്ത സിനിമാക്കാരൻ ചിന്ത രവിയേട്ടന്റെ അവസാന ചിത്രമായ 'ഒരേ തൂവൽപ്പക്ഷി ' വരെ അത് നീളും .

രാമേട്ടൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നപ്പോൾ സ്വന്തം ഏട്ടൻ പി.കെ നായർ അവിടെ ആർക്കൈവ്സിലെ ഉദ്യോഗസ്ഥനായിരുന്നു.

മലയാളത്തിലെ രണ്ടാമത്തേയും അവസാനത്തേതുമായ നിശ്ശബ്ദചിത്രം 'മാർത്താണ്ഡവർമ്മ ' ഉൾപ്പടെ മലയാളത്തിലും ഹിന്ദിയിലും മറ്റ് പല ഇന്ത്യൻ ഭാഷകളിലുമുണ്ടായതും പില്‌ക്കാലം സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളാണെന്ന് തിരിച്ചറിഞ്ഞതുമായ, നിരവധി സിനിമകളുടെ പ്രിന്റുകൾ രാജ്യത്തിന്റെ തെക്കുംവടക്കും അലഞ്ഞു തിരിഞ്ഞ് തേടിപ്പിടിക്കുകയും പകർപ്പവകാശമടക്കം പല നൂലാമാലകളും മറികടന്ന് നെഗറ്റീവ് ശ്രദ്ധാപൂർവം ക്ലീൻ ചെയ്‌ത് പ്രിന്റെടുത്ത് പൂനെ ആർക്കൈവിലെത്തിച്ച് വരുംതലമുറയ്ക്ക് ഭദ്രമായി കൈമാറുകയും ചെയ്തത് രാമേട്ടന്റെ ഈ ഏട്ടനാണ്.

കന്നഡസിനിമ അന്തർദ്ദേശീയ തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെടാൻ കാരണക്കാരായ ഗിരീഷ് കാസറവള്ളി, ഗിരീഷ് കർണ്ണാട് തുടങ്ങിയവരുടെ പ്രിയപ്പെട്ട ഛായാഗ്രാഹകനും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഉത്‌പന്നങ്ങളിൽ ശ്രദ്ധേയനുമായിരുന്ന റാംചന്ദ്ര സാറിനൊപ്പം സഹസംവിധായകനാകാനുള്ള ഒരവസരം എനിക്ക് ലഭിച്ചു.

സമൂഹമന:സാക്ഷിയുടെ അതിസൂക്ഷ്മങ്ങളായ മിടിപ്പുകളോടൊപ്പം അന്നും ഇന്നും സഞ്ചരിച്ച വിപ്ലവകാരിയായ കെ.പി. ശശി രചനയും സംവിധാനവും നിർവഹിച്ച ഒരു മണിക്കൂർ ദൈർഘ്യമുള്ള 'ഏക് ചിങ്കാരീക്കി ഖോജ് ' എന്ന് പേരിട്ട ഹിന്ദി ഷോട്ട് ഫിലിം. ബംഗലൂരുവിലായിരുന്നു ചിത്രീകരണം. റാം ചന്ദ്ര അന്ന് 'മാൽഗുഡി ഡെയ്‌സ് '' എന്ന വിഖ്യാത പരമ്പരയുടെ ഛായാഗ്രാഹകനെന്ന നിലയിൽ കത്തിനിൽക്കുകയായിരുന്നു. ഷൂട്ടിങ്ങ് പുരോഗമിക്കവെ ഞങ്ങൾ കൂടുതൽ അടുത്ത് തുടങ്ങിയപ്പോൾ അദ്ദേഹമെന്നോട് ആദ്യമന്വേഷിച്ചത് ഇൻസ്റ്റിറ്റ്യൂട്ടിലെ തന്റെ സതീർത്ഥ്യനായിരുന്ന രാമൻ നായരെക്കുറിച്ചായിരുന്നു. എനിക്ക് സന്തോഷമായി. ഞാൻ അദ്ദേഹത്തിന്റെ നിത്യസന്ദർശകനാണെന്നറിഞ്ഞപ്പോൾ റാം ദായുമായുള്ള അകലം വളരെവേഗം കുറഞ്ഞു. പെരുമഴകാരണം ഒരു ദിവസം ഷൂട്ടിങ്ങ് മുടങ്ങിയപ്പോൾ നടന്ന പാനോത്സവത്തിലെത്തിയപ്പോൾ പഴയ സിനിമാപ്പാട്ടുകൾ പാടുന്നതിനിടയിലാണ് രാമേട്ടനെക്കുറിച്ച് ആശ്ചര്യകരമായൊരു കാര്യം അദ്ദേഹം പങ്കുവച്ചത് .

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തേക്കിറങ്ങുന്നതുവരെ റാം സാറിനോ അദ്ദേഹത്തിന്റെയും രാമേട്ടന്റെയും സഹപാഠികൾക്കോ അവിടുത്തെ അദ്ധ്യാപകർക്ക് പോലുമോ അറിയില്ലായിരുന്നുവത്രെ, ആ കലാലയത്തിൽ സർവരാലും സമാദരിക്കപ്പെടുന്ന ' നായർ സാർ' രാമൻ നായരുടെ സ്വന്തം സഹോദരനാണെന്ന് ! ആ നിലയിൽ തനിക്ക് എന്തെങ്കിലും ആനുകൂല്യമോ പരിഗണനയോ ലഭിച്ചേക്കുമോയെന്ന് രാമേട്ടൻ ന്യായമായും ഭയന്നിരിക്കണം !

മങ്കമ്മയുടെ സെറ്റ് വർക്കിനു വേണ്ടി കഞ്ചിക്കോട്ടേക്ക് പോകുന്ന പോക്കിൽ പതിവുതെറ്റിക്കാതെ രാമേട്ടനെ കാണാൻ ചെന്നു. കോട്ടയ്ക്കകത്തെ ഒരാശുപത്രിയിൽ അദ്ദേഹം രോഗത്തോട് അടിയറവ് പറഞ്ഞു കഴിഞ്ഞിരുന്നു. അന്നെനിക്കൊരിക്കലും മറക്കാനാകാത്തൊരു കാര്യവും സംഭവിച്ചു. യാത്ര പറഞ്ഞ് വാതിലിനടുത്തേക്കെത്തി ഒന്ന് തിരിഞ്ഞു നോക്കിയ എന്നെ രാമേട്ടൻ അടുത്തേക്ക് കൈകാട്ടിവിളിച്ചു. ഞാൻ ചെവി കൂർപ്പിച്ച് അടുത്തേക്ക് ചെന്നു. വിറയാർന്ന ശബ്ദത്തിൽ രാമേട്ടൻ പറഞ്ഞു . ' എന്തെങ്കിലും വർക്ക് വന്നാ സുരേഷിനെ (സീനിയർ എഡിറ്റർ സുരേഷ് ബാബു )​ വിളിക്കാൻ നോക്കണം' തനിക്കിനി കാലം അധികമില്ലെന്ന് വ്യാകുലപ്പെടേണ്ട സമയത്തും മറ്റുള്ളവനെക്കുറിച്ച് ഓർക്കുന്ന രാമേട്ടന്റെ മനസിനു മുന്നിൽ ഞാൻ അമ്പരന്നുപോയി. പില്‌ക്കാലത്ത് ഇത് പറയുമ്പോൾ സ്വതവേ ഒരുതരത്തിലുള്ള വികാര പ്രകടനങ്ങൾക്കും വഴങ്ങാത്ത സുരേഷ് പലവട്ടം കരഞ്ഞുപോയിട്ടുണ്ട്.

(ലേഖകന്റെ ഫോൺ: 9895198925 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P R NAIR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.