SignIn
Kerala Kaumudi Online
Saturday, 18 September 2021 6.05 AM IST

തമിഴ്‌നാടിന്റെ 'നീറ്റ്' വിരുദ്ധ നിക്കം

neet

തിരഞ്ഞെടുപ്പിൽ നേടിയ വൻവിജയം വ്യവസ്ഥാപിത നിയമങ്ങളെ അട്ടിമറിക്കാനുള്ള ഉപാധിയാക്കിയാൽ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റി"നെതിരെ തമിഴ്‌നാട് സർക്കാർ കഴിഞ്ഞദിവസം നിയമസഭയിൽ അവതരിപ്പിച്ച് വൻ ഭൂരിപക്ഷത്തോടെ പാസാക്കിയ ബിൽ ഈ ഗണത്തിൽപ്പെട്ടതാണെന്ന് ഒറ്റനോട്ടത്തിൽ പറയാം. സംസ്ഥാനത്ത് പ്ളസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയുള്ളതാണ് ഈ വിവാദ ബിൽ. മെഡിക്കൽ പ്രവേശനത്തിന് രാജ്യമൊട്ടാകെ ബാധകമായ 'നീറ്റ് ' നിലവിൽ വന്നതു മുതൽ തമിഴ്‌നാട് ഇതിനെതിരായിരുന്നു. തമിഴ്‌നാട്ടിലെ കുട്ടികളുടെ അവസരങ്ങൾ കുറയുമെന്ന് പറഞ്ഞായിരുന്നു എതിർപ്പ്. നേരത്തെ മെഡിക്കൽ പ്രവേശനം പ്ളസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നടന്നുവന്ന സംസ്ഥാനമാണ് തമിഴ്‌നാട്. പിന്നീട് സാഹചര്യങ്ങൾ മാറുകയും എല്ലാ സംസ്ഥാനങ്ങളും പ്രവേശന പരീക്ഷയിലേക്കു ചുവടുമാറ്റം നടത്തുകയും ചെയ്തപ്പോൾ തമിഴ്‌നാടിനും അതേ പാത തിരഞ്ഞെടുക്കേണ്ടിവന്നു എന്നത് യഥാർത്ഥ്യം.

ഏകീകൃത പ്രവേശന പരീക്ഷ സാധാരണ കുടുംബങ്ങളിലെ കുട്ടികളുടെ അവസരങ്ങൾ ഇല്ലാതാക്കുമെന്ന വാദമുന്നയിച്ചാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 'നീറ്റി" നെതിരെ നിയമനിർമ്മാണവുമായി വന്നിട്ടുള്ളത്. നീറ്റ് പരീക്ഷാപ്പേടിയിൽ സംസ്ഥാനത്ത് ഈയിടെ ഒരു കുട്ടി ആത്മഹത്യ ചെയ്തതും ബിൽ വേഗത്തിൽ കൊണ്ടുവരാൻ പ്രേരണയായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. എത്ര ബാലിശമാണ് ഇത്തരം വാദങ്ങളെന്നു പ്രത്യേകം പറയേണ്ടതില്ല. പരീക്ഷാപ്പേടിയിൽ നടക്കുന്ന ആത്മഹത്യകൾ പുതുമയേറിയ സംഭവമൊന്നുമല്ല. പരീക്ഷാ ഫലപ്രഖ്യാപനങ്ങൾക്കു പിന്നാലെ അങ്ങുമിങ്ങും കുട്ടികൾ മനോനില തെറ്റി ആത്മഹത്യയിലേക്കു തിരിയാറുണ്ട്. തികച്ചും ഒറ്റപ്പെട്ടതും നിർഭാഗ്യകരവുമായ ഇത്തരം സംഭവങ്ങളുടെ പേരിൽ ഒരിടത്തും പരീക്ഷ വേണ്ടെന്നു വയ്ക്കാറുമില്ല. സർക്കാർ സ്കൂളുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന പാവപ്പെട്ട കുട്ടികൾ നീറ്റ് പരീക്ഷയിൽ പിന്തള്ളപ്പെടുന്നു എന്ന ആക്ഷേപം പൊതുവേ ഉള്ളതുതന്നെ. അതിനുള്ള പരിഹാരമാർഗം നീറ്റ് പരീക്ഷ വേണ്ടെന്നുവയ്ക്കലല്ല, ഈ പരീക്ഷ കടന്നുകൂടാൻ തക്കവിധം കുട്ടികൾക്കാവശ്യമായ പരിശീലനം ഒരുക്കുകയെന്നതാണ്.

മെഡിക്കൽ പ്രവേശനരംഗത്ത് നടമാടിയിരുന്ന വൻ ക്രമക്കേടുകളും പണാധിപത്യവും തടയാൻ വേണ്ടിയാണ് രാജ്യമൊട്ടാകെ ബാധകമായ ഏകീകൃത പ്രവേശന പരീക്ഷാ സമ്പ്രദായം സുപ്രീംകോടതിയുടെ കൂടി നിർദ്ദേശാനുസരണം രാജ്യത്തു പ്രാബല്യത്തിൽ കൊണ്ടുവന്നത്. മെഡിക്കൽ കോളേജുകൾ വൻതോതിലുള്ള ധനസമ്പാദനത്തിനു മാത്രമായി ഉപയോഗിച്ചിരുന്ന സ്ഥാപിത താത്‌പര്യക്കാർക്കും രാഷ്ട്രീയ മേലാളന്മാർക്കും 'നീറ്റ് ' വന്നതോടെ അനുഭവപ്പെടുന്ന വിമ്മിട്ടം മനസിലാക്കാവുന്നതേയുള്ളൂ. ഉന്നത വിദ്യാഭ്യാസരംഗം ശുദ്ധമാകണമെന്ന് ആഗ്രഹിക്കുന്ന ആരും തന്നെ 'നീറ്റ് ' വേണ്ടെന്നു പറയില്ല. അതിൽ വല്ല ന്യൂനതകളും കടന്നുകൂടിയിട്ടുണ്ടെങ്കിൽ പരിഹരിച്ച് നിയമം ശക്തമാക്കണമെന്ന് ആവശ്യപ്പെടുകയേ ഉള്ളൂ. അല്ലാതെ പ്രാദേശിക താത്‌പര്യ സംരക്ഷണാർത്ഥം നിയമമേ വേണ്ടെന്നു പറയുന്നത് ഏകാധിപത്യ പ്രവണതയാണ്. തമിഴ്‌നാട്ടിൽ പ്രതിപക്ഷത്തുള്ള എ.ഐ.എ.ഡി.എം.കെയും നീറ്റ് വിരുദ്ധ പ്രമേയത്തെ പിന്തുണച്ചത് പ്രാദേശിക വികാരത്തിനൊപ്പം നിൽക്കാൻ വേണ്ടിയാകണം.

തമിഴ്‌നാട് നിയമസഭ നീറ്റിനെതിരെ ബിൽ പാസാക്കി എന്നതുകൊണ്ട് 'നീറ്റ് ' ഇല്ലാതാകാൻ പോകുന്നില്ല. തമിഴ്‌നാടും അതനുസരിച്ച് മെഡിക്കൽ പ്രവേശനം നടത്താൻ നിർബന്ധിതമാകുമെന്നും തീർച്ചയാണ്. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിലായതിനാൽ സംസ്ഥാനത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമനിർമ്മാണമാകാമെങ്കിലും കേന്ദ്ര നിയമം പ്രാബല്യത്തിലുള്ളപ്പോൾ അതു മറികടന്നു പുതിയൊരു നിയമ നിർമ്മാണത്തിന് സംസ്ഥാനത്തിന് അവകാശമില്ല. മാത്രമല്ല സുപ്രീംകോടതിയുടെ മാർഗനിർദ്ദേശമനുസരിച്ചാണ് നീറ്റിന്റെ മാനദണ്ഡങ്ങൾ തയ്യാറാക്കിയതെന്നതും സ്മരണീയമാണ്. നീറ്റിനെതിരായ തമിഴ്‌നാടിന്റെ ഇപ്പോഴത്തെ എടുത്തുചാട്ടം കേന്ദ്ര വിരുദ്ധ പോരാട്ടത്തിലെ പുതിയൊരു അദ്ധ്യായമെന്നതിനപ്പുറം നിലനിൽക്കുമെന്നു തോന്നുന്നില്ല. ഏകീകൃത പ്രവേശന പരീക്ഷയോടുള്ള തമിഴ്‌നാടിന്റെ എതിർപ്പ് മറ്റു നിരവധി പരീക്ഷകൾക്കും ബാധകമാകുമോ എന്നാണ് ഇനി അറിയാനുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEET EXAM, EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.