SignIn
Kerala Kaumudi Online
Wednesday, 27 October 2021 10.58 PM IST

'നാർക്കോട്ടിക് ബോംബ്' നിർവീര്യമാക്കാൻ ശ്രമം ; വിഷലിപ്ത പ്രചാരണം നിർദ്ദാക്ഷിണ്യം നേരിടുമെന്ന് മുഖ്യമന്ത്രി,​ ബിഷപ്പിനെയും ഇമാമിനെയും കണ്ട് സുധാകരനും സതീശനും

drugs

തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ ചൊല്ലിയുയർന്ന വിവാദം സമുദായസൗഹാർദ്ദത്തെ വെല്ലുവിളിക്കുന്ന വിധത്തിൽ

വഷളാകാതിരിക്കാനുള്ള ശ്രമം സർക്കാരും,കോൺഗ്രസ് നേതൃതവും ആരംഭിച്ചു.

ബിഷപ്പിന്റെ പരാമർശത്തിന്റെ പേരിൽ വിഷലിപ്ത പ്രചാരണം നടത്തുന്നവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കർശന മുന്നറിയിപ്പ് നൽകി. അതേ സമയം,പ്രശ്നത്തിൽ

സമവായമുണ്ടാക്കുന്നതിന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും, കെ.പി.സി.സി പ്രസിഡന്റ്

കെ. സുധാകരനും ഇന്നലെ രാവിലെ ക്രൈസ്തവ, മുസ്ലിം മതനേതാക്കളെ കണ്ട് സംസാരിച്ചു.

സമൂഹത്തിൽ അസ്വസ്ഥതയും ജനങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവുമുണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കർക്കശമായി നേരിടാൻ ഇന്നലെ അടിയന്തരമായി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പാലായിൽ സമുദായങ്ങൾ ചേരിതിരിഞ്ഞ് നടത്തുന്ന പ്രകടനങ്ങളും സമൂഹമാദ്ധ്യമപ്പോരും മറ്റും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കോട്ടയത്ത് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സർവ്വകക്ഷിയോഗവും ചേർന്നു. വിഷയം സങ്കീർണമാകുന്ന പശ്ചാത്തലത്തിൽ ആവശ്യമെങ്കിൽ സംസ്ഥാനതലത്തിൽ സർവ്വകക്ഷിയോഗം വിളിക്കുന്നതും സർക്കാർ ആലോചനയിലാണ്.

കോട്ടയത്ത് കഴിഞ്ഞ ദിവസം സംയുക്ത വാർത്താസമ്മേളനത്തിലൂടെ സമുദായമൈത്രിക്ക് ആഹ്വാനം ചെയ്ത സി.എസ്.ഐ ബിഷപ്പിനെയും ഇമാമിനെയും പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട വി.ഡി. സതീശൻ തുടർന്ന് കെ. സുധാകരനോടൊപ്പം , മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ഉടലെടുത്ത അസ്വസ്ഥത പരിഹരിക്കാനുള്ള ദൗത്യമേറ്റെടുക്കുകയായിരുന്നു. ന്യൂനപക്ഷ സമുദായങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കുകയും ലക്ഷ്യമാണ്. സർക്കാർ മുൻകൈയെടുത്ത് നടത്തേണ്ട അനുനയനീക്കം ഒരുചുവട് മുന്നിലേക്ക് കടന്ന് ഏറ്റെടുക്കാനായതും പുതിയ കോൺഗ്രസ് നേതൃത്വത്തിന്റെ രാഷ്ട്രീയതന്ത്രമാണ്.

ബിഷപ്പിന് പിന്തുണയുമായി സുരേഷ് ഗോപി, ജോസ്

അതേസമയം,പാലാ ബിഷപ്പിനെ അനുകൂലിച്ചും പിന്തുണയറിയിച്ചും ബി.ജെ.പി എം.പി കൂടിയായ നടൻ സുരേഷ് ഗോപിയും, ഇടതുമുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ .മാണിയും രംഗത്തെത്തി.

ജാഗ്രതയോടെ മുഖ്യമന്ത്രിയും കോൺഗ്രസ് നേതൃത്വവും

പാലാ ബിഷപ്പിനെ കുറ്റപ്പെടുത്തി പ്രശ്നം വഷളാക്കാതിരിക്കാൻ ജാഗ്രത കാട്ടുമ്പോൾ തന്നെ, ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തിൽ കാട്ടിയത് രാഷ്ട്രീയജാഗ്രതയാണ് . സമുദായസംഘർഷത്തിലേക്ക് നയിക്കുന്ന തരത്തിലേക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും പോര് മൂക്കുന്നത് വിനയാകുമെന്ന് സർക്കാർ കാണുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ ചീഫ്സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും സംസ്ഥാന പൊലീസ് മേധാവിയെയുമടക്കം പങ്കെടുപ്പിച്ചുള്ള അടിയന്തര ഉന്നതതല യോഗം അദ്ദേഹം വിളിച്ചുചേർത്തത്.

അതേസമയം, പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ തുടക്കത്തിൽ രൂക്ഷവിമർശനമുയർത്തിയ കോൺഗ്രസ് നേതൃത്വം, പൂർണ്ണമായും തങ്ങൾ ഒരു പക്ഷത്തല്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലടക്കമെത്തി സമാധാന ചർച്ചകളിലേർപ്പെട്ടത് ഇതിന്റെ ഭാഗമായാണ്.. സംഘട്ടനമുണ്ടാക്കി ചോര കുടിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിമർശനവും വിഷയത്തിൽ രാഷ്ട്രീയ മേൽക്കൈ ഉറപ്പിക്കാനാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NARCOTIC
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.