കാബൂൾ : അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിൻമാറുന്നതിന്റെ അവസാന ദിവസങ്ങളിൽ കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനത്താവളത്തിൽ ചാവേറായെത്തിയ ഭീകരനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഓഗസ്റ്റ് 26ന് കാബൂൾ വിമാനത്താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 13 യുഎസ് സൈനികർ ഉൾപ്പെടെ 180 പേർ കൊല്ലപ്പെട്ടിരുന്നു. ഐസിസിന്റെ അഫ്ഗാൻ വിഭാഗമായ ഐസിസ് കെയായിരുന്നു ആക്രമണം നടത്തിയത്. ഐസിസ് കെയുടെ മാസികയുടെ പുതിയ പതിപ്പിലാണ് ഈ ആക്രമണത്തിൽ പങ്കെടുത്ത ചാവേറിനെ കുറിച്ച് വിവരമുള്ളത്.
ഐസിസ് കെ പുറത്ത് വിടുന്ന വിവരങ്ങൾ പ്രകാരം കാബൂൾ വിമാനത്താവളം ആക്രമിച്ചത് അബ്ദുർ റഹ്മാൻ അൽലോഗ്രി എന്ന ചാവേറായിരുന്നു. ഇയാൾ ഇന്ത്യയിൽ അഞ്ച് വർഷം മുൻപ് പിടിയിലായ ഭീകരനാണ്. ഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ അന്ന് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ജയിലിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം ഇയാളെ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തുകയായിരുന്നു എന്നാണ് ഐസിസ്‌കെ അവകാശപ്പെടുന്നത്. പിന്നീട് തങ്ങളുടെ പ്രവൃത്തികളിൽ ആകൃഷ്ടനാവുകയായിരുന്നു.
കഴിഞ്ഞ വർഷം മുതൽക്കാണ് ഐസിസ്‌കെ തങ്ങളുടെ വിവരങ്ങൾ മാസികയിലൂടെ ലോകത്തെ അറിയിക്കുന്നത്. ഇതിൽ ഇന്ത്യയെ കുറിച്ച് സ്ഥിരമായി കുറിപ്പുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ളവരെ തങ്ങളിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ഐസിസ് പ്രചാരണ പ്രവർത്തനങ്ങൾ ഇന്ത്യയിൽ സജീവമാണെന്ന് സുരക്ഷ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് അടുത്തിടെ അറസ്റ്റിലായത്. എൻഐഎ അറസ്റ്റ് ചെയ്തവരിൽ മലായാളികളും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |