SignIn
Kerala Kaumudi Online
Saturday, 27 April 2024 12.19 AM IST

തെറ്റിയിലും തുളസിയിലും അറിയേണ്ടത്

thechi

അഴകിന്റെ തെറ്റി

അലങ്കാരച്ചെടിയായും ഔഷധസസ്യമായും പൂജാദ്രവ്യമായും പ്രാധാന്യമർഹിക്കുന്ന തെറ്റിയിൽ ചുവപ്പ്, വെള്ള, മഞ്ഞ, റോസ് എന്നീ നിറങ്ങളിൽ പൂക്കളുണ്ടാകുന്നു. 'തെറ്റിപ്പൂവിൽ ചെകുത്താൻ കൂടിയപോലെ" എന്ന ശൈലി നമുക്ക് പണ്ടേ സുപരിചിതമാണല്ലോ? നാട്ടുവഴികളിലും വീട്ടുമുറ്റത്തും തെറ്റിച്ചെടികളില്ലാത്ത നാട്ടിൻപുറങ്ങൾ ഉണ്ടായിരുന്നില്ല. സന്ധ്യാവന്ദനത്തിനും തെറ്റി പതിവാണ്.

തെറ്റിയുടെ ശാസ്ത്രനാമം ഇക്സോറ കോക്സീനിയ എന്നാണ്. സസ്യകുടുംബം റൂബിയേസിയേ, പൂങ്കുലകൾ ശാഖാഗ്രങ്ങളിൽ കാണപ്പെടുന്നു.

''തെറ്റി മന്ദാരം തുളസി

പിച്ചകപ്പൂമാലചാർത്തി"" എന്ന ഗാനം പ്രസിദ്ധമാണല്ലോ.

പലവിധ ഔഷധങ്ങൾക്കും ചുവന്ന തെറ്റിയാണ് ഉത്തമം. കമ്പ് മുറിച്ച് നട്ടോ പതിവച്ചോ പുതിയ തൈകൾ ഉല്പാദിപ്പിക്കാം. ബോൺസായ് രീതിയിൽ വളർത്താനും കഴിയും. തെറ്റി വേര് തേങ്ങാനീരിൽ ചേർത്തരച്ചു പുരട്ടിയാൽ ദേഹത്തുണ്ടാകുന്ന പരുക്കൾ പൊട്ടിപ്പോകുകയും വേദനയും ചൊറിച്ചിലും ശമിക്കുകയും ചെയ്യും. തെറ്റിപ്പൂവ് അരച്ച് വെളിച്ചെണ്ണ കാച്ചിപുരട്ടുന്നത് കുട്ടികൾക്കുണ്ടാകുന്ന ത്വക്ക് രോഗങ്ങൾ മാറാൻ സഹായിക്കും. തെറ്റിവേര് അല്പം കുരുമുളകും ചേർത്തരച്ച് മോരിൽ കലക്കി കഴിച്ചാൽ വയറ്റിളക്കം, ഗ്രഹണി മുതലായ രോഗങ്ങൾക്ക് ശമനമുണ്ടാകും. പൂമൊട്ട് ജീരകം കൂട്ടിച്ചതച്ച് ചെറിയ കിഴികെട്ടി മുലപ്പാലിൽ ഇട്ടുവച്ചിരുന്നശേഷം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ്, കണ്ണിലെ നീര്, വേദന, ചൊറിച്ചിൽ എന്നിവയ്ക്ക് ആശ്വാസമാകും.

ദി കർമങ്ങൾക്ക് ഒഴിവാക്കാനാകാത്ത ഈ ഔഷധസസ്യം പൂന്തോട്ടത്തിന് അഴകും ഐശ്വര്യവും അലങ്കാരവുമാണ്.

thulasi

തുളസിയുടെ പരിശുദ്ധി

തുളസി ഭവനങ്ങളുടെ വിശുദ്ധിയാണ്. പുരാണങ്ങളുമായി ബന്ധപ്പെട്ട ഒരു ചെടിയാണിത്. നമ്മുടെ തറവാടുകളിൽ ഉണ്ടായിരുന്ന തുളസിത്തറ കഴിഞ്ഞകാലത്തിന്റെ നല്ല ഓർമ്മ നമ്മുടെ മനസിൽ കൊണ്ടുവരുന്നു. മധുരയിലേക്ക് തിരിച്ചുവന്ന കൃഷ്ണന് ദേവകിയും വാസുദേവരും ചേർന്ന് തുലാഭാരം നേർന്നപ്പോൾ തുളസിയില കൊണ്ടുമാത്രമേ തുലാഭാരം പൂർണമാക്കാൻ കഴിഞ്ഞുള്ളൂയെന്ന കഥ പ്രസിദ്ധമാണ്. ക്ഷേത്രങ്ങളിലെ തുളസീതീർത്ഥവും കൊങ്ങിണി സമുദായക്കാരുടെ തുളസിക്കല്യാണവും ഉദ്ദിഷ്ടകാര്യം നടക്കുമോ എന്നറിയാൻ തുളസിയില പറത്തുന്നതും പ്രസിദ്ധമാണ്. രാമബാണമേറ്റ് മരണപ്പെട്ട രാവണന്റെ ഭാര്യ മണ്ഡോദരി ഭഗവാൻ കൃഷ്ണന്റെ കാരുണ്യം കൊണ്ട് തുളസിച്ചെടിയായി മാറി എന്നൊരു ഐതിഹ്യമുണ്ട്. എന്നാൽ മഹാവിഷ്ണുവിന്റെ ഭാര്യയായ ലക്ഷ്മീദേവിയാണ് തുളസിച്ചെടിയായി മാറിയതെന്നത് മറ്റൊരു വിശ്വാസം. പൂജാദ്രവ്യങ്ങളിൽ പ്രഥമസ്ഥാനമാണ് തുളസിക്കുള്ളത്.

കൃഷ്ണതുളസി, വെള്ള തുളസി, കാട്ടുതുളസി എന്നിവയാണ് പ്രധാന ഇനങ്ങൾ. ഇതിൽ കൃഷ്ണതുളസിയാണ് പൂജാവിധികളിൽ സർവസാധാരണയായി ഉപയോഗിച്ചുവരുന്നത്. ലാമിയേസിയേ കുടുംബത്തിൽപ്പെട്ട തുളസിയിൽ 150ൽപ്പരം ഇനങ്ങളുണ്ട്. ശാസ്ത്രനാമം ഒസിമം സാങ്റ്റം. വിത്ത് പാകി മുളപ്പിച്ച തൈകളാണ് നടാനായി ഉപയോഗിക്കുന്നത്.

നാടൻപ്പാട്ടുകളിലും തുളസിച്ചെടിയെക്കുറിച്ചുള്ള പരാമർശമുള്ളതായി കാണാം.

"പെറ്റുകിടക്കും കുത്തിപ്പെണ്ണിന്

ഈറ്റുമരുന്നായി തൃത്താവ്

ദ്വാദശിനാളിൽ പൂജക്കൊരു

പൂദളമായി കരിത്തുളസി.""

ഔഷധമായി തുളസി ഉപയോഗിക്കുമ്പോൾ തൃത്താവ് എന്ന പേരിൽ അറിയപ്പെടുന്നു. തുളസി നീര് തേൾ വിഷം, പാമ്പിൻ വിഷം, പനി, വസൂരി, ചിക്കൻപോക്സ് എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. അർബുദം, വെള്ളപോക്ക്, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ, ചുമ, ഛർദ്ദി, നേത്രരോഗങ്ങൾ, ഉദരരോഗങ്ങൾ എന്നിങ്ങനെ വിവിധ രോഗങ്ങൾക്ക് തുളസിയില ചേർത്തുള്ള ഔഷധങ്ങൾ ഉപയോഗിച്ചുവരുന്നു. തുളസിതൈലവും തുളസികാപ്പിയും തുളസിയിലയുടെ ആവിയും നാട്ടുവൈദ്യത്തിൽ പ്രധാനമാണ്. അന്തരീക്ഷ മലിനീകരണം തടയാനും കീടബാധയകറ്റാനും പദാർത്ഥങ്ങൾ ഈർപ്പരഹിതമായി സൂക്ഷിക്കാനും കൊതുകശല്യം കുറയ്ക്കാനും തുളസിക്കുള്ള കഴിവ് പഴമക്കാർ കണ്ടെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGRICULTURE, AGRICULTURE NEWS, WEEKLY, AGRICUKTURE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.