SignIn
Kerala Kaumudi Online
Saturday, 27 April 2024 1.23 AM IST

അബദ്ധങ്ങളെ ആചാരമാക്കരുത് !!

health

അറിഞ്ഞോ അറിയാതെയോ ശീലിക്കുന്ന ചില അബദ്ധങ്ങളെ ആചാരം പോലെ കൊണ്ടുനടക്കുന്നവരുണ്ട്. അതിലധികവും രോഗവർദ്ധന ഉണ്ടാക്കുന്നവയാണ്. അറിവില്ലായ്‌മയോ, താത്‌കാലിക സുഖം ലഭിക്കുന്നതോ, പറഞ്ഞുകേട്ടറിവുള്ളവയോ, തലമുറകളായി കൈമാറുന്ന വിശ്വാസങ്ങളോ ഒക്കെയാണ് ഇത്തരം അബദ്ധങ്ങൾ ശീലിക്കുന്നതിന് പലപ്പോഴും കാരണമാകുന്നത്.

ചില രോഗാവസ്ഥകളിൽ എന്തൊക്കെ അബദ്ധങ്ങൾ ചെയ്‌താലാണ് അവ വർദ്ധിക്കാനിടയുള്ളതെന്ന് വിശദമാക്കാം.

ഡ്രൈ സ്‌കിനുള്ളവർ ചൂടുവെള്ളത്തിൽ കുളിക്കുന്നത് അബദ്ധമാണ്. അത് രോഗവർദ്ധനയ്‌ക്ക് കാരണമാകും. കിഡ്നിക്ക് തകരാറുള്ള രക്തസമ്മർദ്ദരോഗികൾ ഇന്തുപ്പ് കഴിക്കുന്നതും ബിരിയാണി കഴിച്ചുണ്ടായ ദാഹം തീർക്കാൻ ധാരാളം വെള്ളം കുടിക്കുന്നതും അപകടം കാരണമുണ്ടായ വേദന കുറയ്‌ക്കാൻ അസ്ഥിപൊട്ടലാണോ എന്നറിയാൻ പോലും ശ്രമിക്കാതെ തടവിത്തിരുമ്മുന്നതും അസിഡിറ്റിയുള്ളവർ പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്നതും നെഞ്ചെരിച്ചിലുള്ളപ്പോൾ ചൂടുള്ളതും ചായയും കോഫിയും കോളയും മധുരമുള്ളവയും കഴിക്കുന്നതും അബദ്ധമാണ്.

അരുത് : വിശപ്പില്ലാത്തപ്പോൾ ആഹാരം

അൾസർ കാരണമുള്ള വയറുവേദനയിൽ താൽക്കാലിക ശമനത്തിനായി ചൂടുവെള്ളം കുടിക്കുന്നതും വിശപ്പില്ലാത്ത കുട്ടികൾക്ക് വീണ്ടും ബിസ്‌കറ്റും ചായയും അച്ചാറും ബേക്കറികളും കൊടുക്കുന്നതും പ്രമേഹരോഗികളോട് അരിയാഹാരം കഴിക്കരുതെന്ന് പറയുന്നതിനാൽ പകരം ഗോതമ്പ് കഴിക്കുന്നതും അബദ്ധങ്ങൾ തന്നെ. ധാന്യങ്ങൾ കുറയ്‌ക്കുന്ന പ്രമേഹരോഗികൾ പകരമായി എണ്ണയും എരിവും മസാലയും കൂടുതൽ ഉപയോഗിക്കുന്നതും നല്ലതല്ല.

പതിവില്ലാത്ത നീരോടുകൂടിയ വേദനയിൽ തൈലമിട്ട് തടവുന്നതും തുടർച്ചയായുള്ള വേദന ശമിപ്പിക്കാൻ വേദനസംഹാരികൾ സ്ഥിരമായി കഴിക്കുന്നതും പനിയുള്ളവർ ബ്രെഡ്, ബിസ്‌ക്കറ്റ്, റെസ്‌ക്ക് എന്നിവ കഴിക്കുന്നതും കാലിൽ മുറിവുള്ളവർ മലിനജലത്തിലിറങ്ങുന്നതും മലബന്ധമുള്ളവർ സംസ്‌കരിച്ച ധാന്യങ്ങൾ കൊണ്ടുള്ള പറോട്ട മുതലായവ കഴിക്കുന്നതുമെല്ലാം രോഗവർദ്ധനയ്‌ക്ക് പ്രാപ്‌തമായവയാണ്.

അരുത് : അമിത മൊബൈൽ ഫോൺ ഉപയോഗം

വയറിളക്കമുള്ളവർ കൂടുതൽ നാരുകളടങ്ങിയ ഭക്ഷണവും പഴവും ഇലക്കറികളും തവിടുള്ള ധാന്യവും കഴിക്കുന്നതും കഴുത്ത് വേദനയുള്ളവർ കിടന്നു വായിക്കുന്നതും കിടന്നുകൊണ്ട് മൊബൈൽ ഫോൺ നോക്കുന്നതും കാഴ്‌ചക്കുറവുള്ളവർ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഉറക്കക്കുറവുള്ളവർ രാത്രിയിൽ ചായയോ കാപ്പിയോ കുടിക്കുന്നതും ദോഷംചെയ്യും.

ജലദോഷമുള്ളവർ തണുത്തതും തൈരും കഴിക്കുന്നതും സൈനസൈറ്റിസുള്ളവർ വെയിലും തണുപ്പും കൊള്ളുന്നതും രോഗ വർദ്ധനവിന് കാരണമാകും. ചൂടുള്ളതും തണുത്തതും കഴിക്കുന്നതും സൈനസൈറ്റിസുള്ളവർക്ക് നല്ലതല്ല.

അനക്കാൻ പ്രയാസമുള്ള ഭാഗം മരുന്നിന്റെ ബലത്തിലാണെങ്കിലും വിശ്രമം നൽകാതെ അനക്കുന്നതും പകർച്ചവ്യാധികളുള്ളവരോട് അകലം പാലിക്കാത്തതും തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും മുഖം മറയ്‌ക്കാത്തതും ഗ്യാസുള്ളവർ എണ്ണപ്പലഹാരങ്ങളും ദഹിക്കാൻ പ്രയാസമുള്ളവയും ഒഴിവാക്കാത്തതും തലകറക്കമുള്ളപ്പോഴും ഉയർന്ന ഇടങ്ങളിലുള്ള ജോലികളിൽ ഏർപ്പെടുന്നതും വാഹനമോടിക്കുന്നതും പകലുറങ്ങുന്നതും രാത്രി ഉറക്കമിളയ്‌ക്കുന്നതും നല്ലതല്ല.

അരുത് : താരനുള്ളവർ തലയിൽ സോപ്പ് തേയ്‌ക്കുന്നത്

തൊണ്ടവേദനയുള്ളവർ നല്ല ചൂടുള്ളവ കവിൾക്കൊള്ളുന്നതും മൂത്രത്തിൽ അണുബാധയുള്ളവർ ചൂടുള്ളവയും എരിവുള്ളവയും ഇടയ്‌ക്കിടെ കുടിക്കുന്നതും ചെവി വേദനയുള്ളപ്പോൾ തല കുളിക്കുന്നതും തണുത്ത കാറ്റ് ഏൽക്കുന്നതും താരനുള്ളവർ തലയിൽ സോപ്പ് തേയ്‌ക്കുന്നതും തുടർച്ചയായി ഷാംപൂ ഉപയോഗിക്കുന്നതും ചൂടുവെള്ളത്തിൽ കുളിക്കുന്നതും നല്ലതല്ല.

കൈവിരലുകൾ പെരുക്കുന്നവർ തലയിൽ കൈവച്ച് കിടക്കുന്നതും കുഴപ്പമുള്ള വശം വച്ച് ചരിഞ്ഞു കിടക്കുന്നതും തുടർച്ചയായോ കിടക്കുമ്പോൾ വർദ്ധിക്കുകയോ ചെയ്യുന്നവിധമുള്ള ചുമയുള്ളവർ അസിഡിറ്റിയുണ്ടോ എന്ന് നോക്കാതെ ചുമയ്‌ക്കുള്ള മരുന്ന് കഴിക്കുന്നതും ഗുണം ചെയ്യില്ല.

നിലവിലെ വണ്ണം കൂട്ടേണ്ടതില്ലെന്ന് കരുതി ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കാതിരിക്കുന്നതും വണ്ണമുള്ളവർ ആഹാരശേഷം വെള്ളം കുടിക്കുന്നതും തലവേദനയുള്ളപ്പോൾ ഉറക്കമൊഴിയുന്നതും രോഗമെന്തുതന്നെയായാലും മരുന്നുകഴിച്ചുമാത്രം കുറയ്‌ക്കാമെന്ന് വിചാരിക്കുന്നതും അബദ്ധധാരണയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.