SignIn
Kerala Kaumudi Online
Sunday, 24 May 2026 12.47 PM IST

മുതിർന്ന പൗരൻമാർക്ക് മരുന്ന് വീട്ടിലെത്തിക്കും: മന്ത്രി ബിന്ദു

medicines

തിരുവനന്തപുരം: മുതിർന്ന പൗരൻമാർക്കായി കൂടുതൽ ആശ്വാസ നടപടികൾ സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. വിവിധ മേഖലകളിൽ വിദഗ്ദ്ധ അനുഭവങ്ങളുള്ളവരാണ് മുതിർന്ന പൗരൻമാർ. അവ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് ആലോചിക്കുന്നത്. വിപുലമായ സർവേ ഇതിന്റെ ഭാഗമായി നടത്തും. മുതിർന്ന പൗരൻമാർക്ക് മരുന്ന് വീട്ടിലെത്തിച്ചു നൽകുന്നതിന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. കമ്പോള വിലയേക്കാൾ താഴ്ന്ന നിരക്കിൽ കാരുണ്യ ഫാർമസികളിൽ നിന്ന് മരുന്ന് എത്തിക്കും.എല്ലാ വാർഡുകളിലും കുടുംബശ്രീ മേൽനോട്ടത്തിൽ വയോക്ലബുകൾ ആരംഭിക്കും. നിലവിലുള്ള വായനശാലകളെയും വാടകയ്‌ക്കെടുക്കുന്ന വീടുകളെയും ഇതിനായി ഉപയോഗപ്പെടുത്തും.സ്വകാര്യവൃദ്ധസദനങ്ങളിലെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച റിട്ട.ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായുള്ള കമ്മിറ്റിയുടെ റിപ്പോർട്ടിലെ ശുപാർശകൾ ചർച ചെയ്ത് നടപ്പാക്കും.
വയോജന ക്ലിനിക്കുകളും പ്രത്യേക ഒ.പികളും കൂടുതൽ ശക്തിപ്പെടുത്തും. മുതിർന്ന പൗരൻമാരുടെ പ്രധാന ആവശ്യങ്ങളായ കൃത്രിമ ദന്തങ്ങൾ, കൃത്രിമ ശ്രവണ സഹായികൾ എന്നിവ വിതരണം ചെയ്യും.
ദീർഘകാല പരിചരണം ആവശ്യമായ കിടപ്പുരോഗികൾക്കൊപ്പം, ഡിമെൻഷ്യ അൽഷിമേഴ്‌സ് തുടങ്ങിയവ ബാധിച്ച വൃദ്ധജനങ്ങൾക്കും പരിചരണം നൽകുന്ന സാന്ത്വന പ്രവർത്തകരെ കൂടുതൽ ശക്തമാക്കും.
സംസ്ഥാന, ജില്ല, പ്രാദേശിക തലങ്ങളിൽ വയോജന കൗൺസിലുകൾ രൂപീകരിക്കും. വയോജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ താലൂക്ക്, ജില്ല, മെഡിക്കൽ കോളേജ് ആശുപത്രികളിൽ ജെറിയാട്രിക്‌സ് ക്ലിനിക്കുകൾ ആരംഭിക്കും. പ്രായമായ സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MEDICINES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA