SignIn
Kerala Kaumudi Online
Friday, 19 April 2024 1.16 PM IST

ഇന്ന് കടം; നാളെയും കടം...

kadam

'ഇന്നു റൊക്കം; നാളെ കടം' എന്നൊരു അറിയിപ്പ് കുറെക്കാലം മുമ്പുവരെ നമ്മുടെ നാട്ടിൻപുറത്തെ കടകളിൽ കാണാറുണ്ടായിരുന്നു. 'നാളെ, നാളെ... നീളെ, നീളെ...' എന്നൊരു തത്വം അതിൽ വിളങ്ങിനില്പുണ്ടായിരുന്നു. ഇന്നിപ്പോൾ അന്താരാഷ്ട്ര ബ്ളേഡ് ബാങ്കുകളിലും പലചരക്കുകടകളിലുമെല്ലാം ഇന്നു കടം; നാളെയും കടം എന്നതാണവസ്ഥ. കടം വാങ്ങി കേമനാകുക എന്നതാണ് നാട്ടുനടപ്പ്. കടം വാങ്ങി ഡോക്ടറും എൻജിനിയറും ആവുക. കടം വാങ്ങി വീടുവയ്ക്കുക. കാറു വാങ്ങുക. കല്യാണം കഴിക്കുക. കച്ചവടം ചെയ്യുക. പാളിപ്പോയാൽ ഒരു മുഴം കയർ!

തമിഴ്‌നാടിനെയോ കർണാടകത്തെയോ ലോകബാങ്കിൽ പണയംവച്ച് വികസനം നടപ്പിലാക്കാൻ കേരളത്തിലെ ഒരു ധനമന്ത്രി ഉദ്യമിക്കുന്നു എന്ന് കരുതുക. അന്യരുടെ പറമ്പ് ഈടുനൽകി കടമെടുക്കാൻ കുറുക്കുവഴി തേടിയ നാട്ടിൻപുറത്തുകാരന്റെ ബുദ്ധിതന്ത്രം തന്നെ. ലോൺ അപേക്ഷയുമായി സഹകരണബാങ്കിന്റെ മുറ്റത്തുകൂടി കടന്നുപോയ ഹതഭാഗ്യന്റെ പേരിൽ കോടികളുടെ വായ്‌പയെടുത്തു മുങ്ങാൻ കഴിയുന്ന 'കരിവന്നൂർ" മാതൃക നിലവിലുള്ള ഈ രാജ്യത്ത് എന്തും സംഭവിക്കാം. ഒരു കടവുമെടുക്കാതെ ഉള്ളതുകൊണ്ട് ഓണം പോലെ മര്യാദരാമനായി ജീവിക്കുന്നവരൊക്കെ വല്ലപ്പോഴും അടുത്തുള്ള ബാങ്കിൽ പോയി തങ്ങളുടെ പേരിൽ ആരെങ്കിലും കടം ചാർത്തിത്തന്നിട്ടുണ്ടോ എന്നന്വേഷിക്കണം. ഏക്കറുകണക്കിന് ഭൂമിയും ഒന്നുരണ്ടു ഒന്നാംകിട കോളേജുകളുമുൾപ്പടെ പണയം വച്ച് ഭരണസമിതിയുടെ സെക്രട്ടറി സ്ഥാനം ഉറപ്പാക്കിയ ഒരു അതിസമർത്ഥനെ ഓർമ്മവരുന്നു!

ഏറ്റവും സമ്പന്ന രാഷ്ട്രമാണ് ഏറ്റവും കൂടുതൽ കടം വാങ്ങുന്നത്. ആളോഹരി ബാദ്ധ്യതയിൽ അമേരിക്കയാണ് മുന്നിൽ. കടം എന്നത് തകർച്ചയുടെയോ ദാരിദ്ര്യത്തിന്റെയോ ലക്ഷണമല്ലാതായിരിക്കുന്നു. കടം വാങ്ങി കേമത്തം നേടുക. കാനഡയും ബ്രിട്ടനും സിങ്കപ്പൂരും ഫ്രാൻസുമൊക്കെ ആഭ്യന്തരോത്‌പാദനത്തിന്റെ നൂറുശതമാനത്തിലേ കടബാദ്ധ്യതയുള്ളവരാണ്. ഇന്ത്യ ഇക്കാര്യത്തിൽ 89 ശതമാനത്തിൽ പിന്നിലാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ കടക്കാരൻ കേരളീയനാണെന്നഭിമാനിക്കാം. വ്യക്തിഗത കടവായ്‌പയിൽ മാത്രമല്ല തൊഴിലില്ലായ്മയിലും കേരളം മുന്നിലാണ്. ഗ്രാമീണ കടബാദ്ധ്യതയിൽ ആറുമടങ്ങ് മുകളിലാണ് കേരളം. കടമെടുപ്പ് കൂടുതൽ കാർഷിക മേഖലയിലാണെങ്കിലും വിനിയോഗം മറ്റു മേഖലകളിലാണ്. പെണ്ണിനെ കെട്ടിക്കാനും കൃഷി വായ്‌പതന്നെ ശരണം. വായ്‌പയെടുത്ത് വെള്ളമടിച്ചാലും പുട്ടടിച്ചാലും പൊങ്ങച്ച പൂത്തിരി കത്തിച്ചാലും ആ പണം നാട്ടിലൊഴുകും. നികുതിയായി സർക്കാർ ഖജനാവിനെ സന്തോഷിപ്പിക്കും.

കിണറു താഴ്‌ത്താനോ തൊഴുത്തു പണിയാനോ പശുവിനെ വാങ്ങാനോ ലോൺ എന്തുമാവട്ടെ, അത് വകമാറ്റി ചെലവഴിക്കുന്നതിലാണ് ചിലർക്ക് ആനന്ദം. തുണിസഞ്ചിയിൽ നോട്ടുകെട്ടുകളുമായി വീടുതോറും നടന്ന് ഒരു നടപടിക്രമവുമില്ലാതെ കടം കൊടുക്കുന്ന അണ്ണാച്ചിയുടെ മുന്നിൽ മാത്രം ഈ കടമെടുപ്പ് വിദ്വാന്മാർ തോറ്റുപോയി. ആണായി പിറന്നവനൊന്നും പത്തിന്റെ പൈസ കടം കൊടുക്കില്ല എന്നാണ് അണ്ണാച്ചിയുടെ നയം. വീട്ടമ്മമാർക്ക് നേരിട്ടേ കടം കൊടുക്കൂ. പിറ്റേന്ന് മുതൽ പലിശപ്പിരിവു തുടങ്ങും. അങ്ങനെയിരിക്കെ മലബാറിലെ കുറിക്കല്യാണത്തെക്കുറിച്ച് ഒരു വിദ്വാൻ കേട്ടു. നമ്മുടെ ചിട്ടിബിസിനസിന്റെ പൂർവികനാണ് ഈ കുറിക്കല്യാണം. പരസ്പരവിശ്വാസവും കരുതലുമാണ് പലിശയില്ലാത്ത ഈ ബാങ്കിംഗിന്റെ അടിസ്ഥാനം. മാറിയ കാലത്ത് കുറിക്കല്യാണത്തിന്റെ ഡ്യൂപ്ളിക്കേറ്റിറക്കി പണമുണ്ടാക്കാനായിരുന്നു വിദ്വാന്റെ ശ്രമം.

സ്കൂൾപടിക്കലെ ചായക്കടയ്‌ക്ക് മുന്നിൽ വരാന്തയിൽ ഒരു മേശയും കസേരയുമിട്ട് സംഘാടകൻ ഉപവിഷ്ടനായി. ആരെങ്കിലും ഒരു കാലിച്ചായയ്‌ക്ക് വന്നു കയറിയാൽ ഇയാൾ അകത്തേക്ക് വിളിച്ചുപറയും. നമ്മുടെ ബാവാഹാജിക്ക് ഒരു ചായയും വടയും. ബാവാഹാജിക്ക് അപ്രതീക്ഷിത ആഹ്ലാദം. ചായ കുടിച്ച് തിരിച്ചിറങ്ങുമ്പോഴാണ് കളി കാര്യമാവുന്നത്. മേശപ്പുറത്തെ ബുക്കിൽ പേരും ഫോൺനമ്പറും ഇഷ്ടമുള്ള തുകയും എഴുതാം. പറ്റിയ അമളി പുറത്തുപറയാതെ മാന്യന്മാർ പുറത്തുകടക്കും. ചിലർ നിർദ്ദാക്ഷിണ്യം കടം പറഞ്ഞ് സ്ഥലംവിടും. സംഗതി എട്ടുനിലയിൽ പൊട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ?

കടംവാങ്ങി സ്ഥലം വാങ്ങുക. ആ സ്ഥലം പണയം വച്ച് വീടുപണിയുക. ആ വീടു പണയം വച്ച് കാറു വാങ്ങുക. ആ കാറിൽ നാടുനീളെ നടന്ന് കടം വാങ്ങുക. ഇന്നു റൊക്കം നാളെ കടമെന്നല്ല. ഇന്നും നാളെയും കടം എന്നാണ് മുദ്രാവാക്യം. ധർമ്മപത്നിയെ പണയം വച്ച പാണ്ഡവന്മാരുടെയല്ലേ പാരമ്പര്യം. പണത്തിനു മീതെയല്ല, കടത്തിനു മീതെ ഒരു പരുന്തും പറക്കില്ല!

( ലേഖകന്റെ ഫോൺ: 9447575156 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KADAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.