SignIn
Kerala Kaumudi Online
Thursday, 19 May 2022 10.03 PM IST

അരലക്ഷം രൂപയോ ജീവന്റെ വില

covid

കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്ക് അൻപതിനായിരം രൂപ വീതം ധനസഹായം അനുവദിക്കാമെന്നാണ് കേന്ദ്രം ഇതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. ഒരു ജീവന് സർക്കാർ അരലക്ഷം രൂപ വിലയിട്ട മനുഷ്യത്വരഹിത സമീപനത്തിനെതിരെ തീർച്ചയായും സമൂഹം പ്രതികരിക്കാതിരിക്കില്ല. കൂടുതൽ ഉദാരവും വിശാലവുമായ സമീപനമാണ് കേന്ദ്രത്തിൽ നിന്നു പ്രതീക്ഷിച്ചത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നുവേണം അർഹരായവർക്ക് കൊവിഡ് മരണ സഹായധനം നൽകേണ്ടതെന്നുകൂടി കേന്ദ്രം നിഷ്‌കർഷിക്കുന്നുണ്ട്. ദുരന്തനിവാരണ ഫണ്ടിന്റെ എൺപതു ശതമാനം വിഹിതം കേന്ദ്രമാണ് നൽകുന്നത് എന്നതുകൊണ്ടു കൂടിയാകാം ബാദ്ധ്യത സംസ്ഥാനത്തിന്റെ തലയിൽ വച്ചുകെട്ടാനുള്ള നീക്കം. കൊവിഡ് മരണങ്ങൾ തീർത്തും അനാഥരും നിരാശ്രയരുമാക്കിയ പതിനായിരക്കണക്കിനു കുടുംബങ്ങൾ രാജ്യത്തുണ്ട്. മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് പുനരധിവാസവും സഹായധനവും നൽകുന്നതിനുള്ള പദ്ധതി സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്ന് നേരത്തെ തന്നെ നടപ്പാക്കിയിരുന്നു. കൊവിഡ് മരണത്തിന് നാലുലക്ഷം രൂപ വീതം ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്‌പര്യ ഹർജിയിൽ കോടതി ഇതുവരെ അന്തിമവിധി പുറപ്പെടുവിച്ചിട്ടില്ല. ഹർജിയിലെ ആവശ്യത്തോട് ആദ്യം മുഖംതിരിച്ചു നിന്ന സർക്കാർ കോടതിയുടെ നിർബന്ധപൂർവമായ ഇടപെടലിനെത്തുടർന്നാണ് സഹായം നൽകുന്നത് ആലോചിക്കാമെന്ന നിലപാടിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഏറ്റവും പുതിയ സത്യവാങ്മൂലത്തിലാണ് ഓരോ മരണത്തിനും അരലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകാമെന്ന് അറിയിച്ചിരിക്കുന്നത്.

ഇന്നത്തെ സാഹചര്യത്തിൽ സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള അരലക്ഷത്തിന്റെ ഈ സഹായധനം എത്രമാത്രം അപര്യാപ്തവും നിന്ദാർഹവുമാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. മഹാമാരിയെ നേരിടാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഭീമമായ തോതിൽ പണം ചെലവഴിക്കേണ്ടിവരുന്നു എന്നത് യാഥാർത്ഥ്യമാണ്. മരണമടഞ്ഞവരുടെ ആശ്രിതർക്ക് ധനസഹായം കൂടി നൽകേണ്ടിവന്നാൽ അത് വലിയ ഭാരമാകുമെന്ന വാദത്തിലും കഴമ്പില്ലാതില്ല. അതേസമയം കൊവിഡ് മരണങ്ങളിൽ ഒരുഭാഗമെങ്കിലും ഉണ്ടായത് മഹാമാരിയെ ഫലപ്രദമായി നേരിടുന്നതിൽ ഭരണകൂടത്തിനു സംഭവിച്ച വീഴ്ച കാരണമാണെന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്. പൗരന്റെ ജീവൻ ഏതുവിധേനയും രക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ പ്രധാന കർത്തവ്യമായതിനാൽ ഇതുപോലുള്ള സന്ദർഭങ്ങളിൽ നിരാലംബ കുടുംബങ്ങളെ സഹായിക്കുകയെന്നത് കേവല ധർമ്മവുമാണ്. രാജ്യത്തൊട്ടാകെ ഇതിനകം നാലരലക്ഷത്തോളം പേർ കൊവിഡ് ബാധിതരായി മരണമടഞ്ഞിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഈ കണക്കുതന്നെ പല തലങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. മഹാമാരി തീവ്രഭാവം കൈക്കൊണ്ട നാളുകളിൽ ഉണ്ടായ മരണങ്ങളിൽ പലതും രേഖപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. അതുപോലെ ആശുപത്രികളിലല്ലാതെ നടന്ന അനവധി കൊവിഡ് മരണങ്ങളും രേഖപ്പെടുത്താതെ പോയിട്ടുണ്ട്. സർക്കാർ രേഖകളിലുള്ളതിലും എത്രയോ അധികം മരണങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ടാകുമെന്നാണ് പല പഠന റിപ്പോർട്ടുകളിലും കാണുന്നത്. ഇതിന്റെയൊക്കെ ആധികാരികത സാക്ഷ്യപ്പെടുത്തി ധനസഹായത്തിന് അപേക്ഷ നൽകൽ എത്ര ദുഷ്‌കരമാണെന്നു പ്രത്യേകം പറയേണ്ടതില്ല. ശരിയായ രേഖ ഉള്ളവരുടെ കേസുകളിലെങ്കിലും എത്രയും വേഗം ധനസഹായം നൽകാനുള്ള നടപടിയാണ് ഇനിയുണ്ടാകേണ്ടത്. നടപടിക്രമങ്ങളുടെ കാര്യത്തിൽ മാത്രമല്ല ധനസഹായ തോതും ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ ഉയർന്ന നിരക്കിൽ നൽകാൻ സർക്കാർ തയ്യാറാകണം. കേസിൽ സുപ്രീംകോടതി അന്തിമ ഉത്തരവ് ഇനിയും പുറപ്പെടുവിച്ചിട്ടില്ലെന്നത് ആശ്വാസമായി കരുതാം. കൊവിഡ് മഹാമാരിയിൽ ജീവനും ജീവിതമാർഗവുമെല്ലാം അമ്പേ നഷ്ടപ്പെട്ട സമൂഹത്തിന്റെ രക്ഷയ്ക്ക് പലപ്പോഴും എത്തിയത് പരമോന്നത കോടതിയാണ്. ആശുപത്രികളിൽ ഓക്സിജൻ ഉൾപ്പെടെ ചികിത്സാ സൗകര്യങ്ങൾ എത്തിക്കുന്നതിലും വാക്സിനേഷൻ പ്രശ്നത്തിലുമെല്ലാം ജനങ്ങൾക്കു തുണയായത് നീതിപീഠങ്ങളാണ്. സഹായധന പ്രശ്നത്തിലും മേൽക്കോടതി ഇടപെട്ട് അനുകമ്പാപൂർവമായ തീരുമാനം ഉണ്ടാക്കുമെന്നു പ്രതീക്ഷിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID DEATH
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.