SignIn
Kerala Kaumudi Online
Saturday, 16 October 2021 4.34 PM IST

വിരാടിന്റെ വേരിളകുമ്പോൾ

virat

കഴിഞ്ഞ വാരം ഇന്ത്യൻ ക്രിക്കറ്റിനെ ഏറ്റവും പിടിച്ചുകുലുക്കിയത് ട്വന്റി-20 ഫോർമാറ്റിലെ നായക സ്ഥാനം ഒഴിയാനുള്ള വിരാട് കൊഹ്‌ലിയുടെ തീരുമാനമായിരുന്നു. ഇന്ത്യൻ ടീമിന്റെ മാത്രമല്ല, ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്റെയും നായക പദവിയിൽ നിന്ന് പിന്മാറാനാണ് വിരാടിന്റെ തീരുമാനം. അടുത്ത മാസം യു.എ.ഇയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷമാകും വിരാട് ഇന്ത്യൻ ടീമിന്റെ ചെറു ഫോർമാറ്റിലെ നായക പദവിയിൽ നിന്ന് പിന്മാറുക.കളിക്കാരനായി ട്വന്റി-20യിലും ക്യാപ്ടനായി ഏകദിനത്തിലും ടെസ്റ്റിലും തുടരുമെന്ന് വിരാട് അറിയിച്ചിട്ടുണ്ട്. ഈ ഐ.പി.എല്ലിന് ശേഷം ആർ.സി.ബിയിലും കളിക്കാരനായി മാത്രമേ ഉണ്ടാകൂവെന്ന് വിരാട് അറിയിച്ചത് ടൂർണമെന്റിന്റെ രണ്ടാം വരവിലെ തങ്ങളുടെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പാണ്.പത്തുകൊല്ലം മുമ്പ് ആർ.സി.ബി ക്യാപ്ടനായ കൊഹ്‌ലിക്ക് ഇതേവരെ ഒരു തവണ പോലും ടീമിനെ ചാമ്പ്യന്മാരാക്കാൻ കഴിഞ്ഞിട്ടില്ല.

കലഹകാരണം

തന്റെ ജോലി ഭാരം ഒഴിവാക്കാൻ എന്ന ന്യായീകരണമാണ് വിരാട് രാജ്യത്തിന്റെയും ഐ.പി.എൽ ഫ്രാഞ്ചൈസിയുടെയും നായക വേഷം അഴിച്ചുവയ്ക്കാൻ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ വിരാടിനെപ്പോലെ ആവേശോജ്ജ്വലനായ ഒരു കളിക്കാരൻ ജോലിക്കൂടുതൽ എന്ന പേരിൽ ഇങ്ങനെ ഒരു തീരുമാനമെടുക്കുമോ എന്ന സന്ദേഹം ഇന്ത്യൻ ക്രിക്കറ്റിനെയും അദ്ദേഹത്തെയും അടുത്തറിയുന്നവർ പങ്കുവയ്ക്കുന്നു. വെല്ലുവിളികളെ ഏറ്റെടുക്കാൻ എന്നും ഇഷ്ടപ്പെട്ടിരുന്ന, നായകന്റെ വിപുലമായ അധികാരം ആസ്വദിച്ചിരുന്ന വിരാട് ട്വന്റി-20 ഫോർമാറ്റിലെങ്കിലും അത് വിടാൻ തീരുമാനിക്കുന്നതിന് പിന്നിൽ കാര്യമായ എന്തോ കാരണമുണ്ട് എന്നുതന്നെയാണ് പലരും വിശ്വസിക്കുന്നത്.

ബി.സി.സി.ഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷായുമായുള്ള അഭിപ്രായ വ്യത്യാസം, രോഹിത് ശർമ്മയുമായുള്ള അഭിപ്രായ വ്യത്യാസം, രവി ശാസ്ത്രിക്ക് പകരം അനിൽ കുംബ്ളെ വീണ്ടും ഇന്ത്യൻ കോച്ചായി വരാനുള്ള സാദ്ധ്യത എന്നിങ്ങനെ പല കാരണങ്ങൾ വിരാടിന്റെ പിന്മാറ്റത്തിന് പിന്നിലുള്ളതായി ചൂണ്ടിക്കാട്ടുന്നുണ്ട്.എന്നാൽ ഇതിലെല്ലാം ഉപരിയായി ടീമിനുള്ളിൽ തന്റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയതിലെ അസഹിഷ്ണുതയാണ് വിരാടിനെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന ആരോപണവുമുയരുന്നുണ്ട്. ഇടയ്ക്ക് വെടിനിറുത്തിയിരുന്ന രോഹിത് ശർമ്മയുമായി വീണ്ടും അഭിപ്രായ ഭിന്നത രൂക്ഷമായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറെനാളായി പുകഞ്ഞുകൊണ്ടിരുന്ന അഗ്നി പർവതമാണ് ഇപ്പോൾ ചെറുതായി പൊട്ടിത്തെറിച്ചത് എന്നുവേണം അനുമാനിക്കാൻ. അതോടൊപ്പം ബാറ്റിംഗിൽ കുറച്ചുനാളായി പഴയ മികവിലേക്ക് ഉയരാൻ കഴിയാത്തതും കൊഹ്‌ലിയെ അലട്ടുന്നുണ്ട്. മൂന്ന് വർഷത്തോളമായി വിരാട് ടെസ്റ്റിൽ ഒരു സെഞ്ച്വറി നേടിയിട്ട്. ഇക്കഴിഞ്ഞ ഇംഗ്ളണ്ട് പര്യടനത്തിലും സെഞ്ച്വറി പിറന്നില്ല.

മാറ്റം എല്ലാ ഫോർമാറ്റിലും ?

നിലവിൽ ട്വന്റി-20യിൽ മാത്രമാണ് ക്യാപ്ടൻസി ഒഴിയുന്നതെന്ന് കൊഹ്‌ലി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മറ്റ് ഫോർമാറ്റുകളിലും സ്ഥാനം അത്ര സുരക്ഷിതമല്ലെന്നാണ് വിലയിരുത്തലുകൾ. ഏകദിനത്തിലും ട്വന്റി-20യിലും ഒരു നായകനും ടെസ്റ്റിൽ മറ്റൊരു നായകനും എന്ന ഫോർമാറ്റിലേക്കാവും ഇന്ത്യ വീണ്ടും പോവുക. 2014 മുതൽ 2017 മുതൽ ഈ രീതിയിലാണ് ഇന്ത്യ കളിച്ചത്. അന്ന് ടെസ്റ്റിൽ ധോണി നയിച്ചപ്പോൾ ഏകദിനത്തിലും ട്വന്റി-20യിലും ധോണി നായകനായി തുടർന്നു.

പകരമാര്?

ആരാണ് വിരാടിന് പകരം ട്വന്റി-20 ടീമിനെ നയിക്കാനെത്തുക എന്നതിനെച്ചൊല്ലിയാണ് ഇപ്പോൾ ചർച്ചകൾ. രോഹിത് ശർമ്മ തന്നെയാണ് ഫസ്റ്റ് ചോയ്സ്. എന്നാൽ 34കാരനായ രോഹിതിനെ തത്കാലം നായകനാക്കാമെങ്കിലും ഭാവി മുന്നിൽക്കണ്ട് ഒരു യുവതാരത്തെ നായകവേഷം ഏൽപ്പിക്കണമെന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്. തന്റെ പകരക്കാരനായി വിരാട് ബി.സി.സി.ഐക്ക് മുന്നിൽ വച്ചത് കെ.എൽ രാഹുലിന്റെയും റിഷഭ് പന്തിന്റെയും പേരുകളാണെന്നതാണ് ഈ ചർച്ചയ്ക്ക് വഴി തുറന്നത്.

യുവതാരങ്ങൾക്ക് ക്യാപ്ടൻസിയിൽ തെളിയാനുളള അവസരമൊരുക്കാനാണ് താൻ മാറിക്കൊടുക്കുന്നത് എന്ന് സമർത്ഥിക്കുന്ന വിരാട് രോഹിതിന് മുന്നിലുള്ള വാതിൽ കൊട്ടിയടക്കുക കൂടിയാണ് അതുവഴി ചെയ്യുന്നത് എന്നും വിലയിരുത്തുന്നുണ്ട്. ഏകദിനത്തിൽ വിരാട് നായകനായി തുടരുകയാണെങ്കിൽ രോഹിതിന് കുറച്ചുകാലം ട്വന്റി-20 നായകനായിരുന്ന് വിരമിക്കേണ്ടിവരും.

അടുത്തിടെ ശ്രീലങ്കയിലേക്ക് ഇന്ത്യ പര്യടനം നടത്തിയപ്പോൾ രണ്ടാം നിര ടീമിനെ നയിച്ചത് ശിഖർ ധവാനായിരുന്നു. എന്നാൽ വ്യക്തിപരമായ വിഷമഘട്ടം നേരിടുന്ന ധവാന് ട്വന്റി-20 ലോകകപ്പ് ടീമിലേക്ക് പോലും ഇടം നേടാനായിട്ടില്ല. ഐ.പി.എല്ലിലെ നായക പരിചയമാണ് രാഹുലിന്റെയും പന്തിന്റെയും പ്ളസ് പോയിന്റ്.

ആർ.സി.ബിയുടെ നായക പദവിയിൽ നിന്ന് വിരാട് ഒഴിഞ്ഞതിൽ തെറ്റില്ല. എന്നാൽ അതിന് അയാൾ തിരഞ്ഞെടുത്ത സമയം ശരിയായില്ല. ഐ.പി.എൽ ടൂർണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ക്യാപ്ടൻസി ഒഴിയുന്നത് പ്രഖ്യാപിക്കേണ്ടിയിരുന്നില്ല. അത് ടീമിന്റെ മുന്നോട്ടുപോക്കിനെ മാനസികമായി തളർത്തും.

- ഗൗതം ഗംഭീർ

മുൻ ഇന്ത്യൻ ക്യാപ്ടൻ

ഐ.പി.എൽ കഴിഞ്ഞ് ക്യാപ്ടൻസിയിൽ മാറാനുള്ള തീരുമാനം വിരാട് പ്രഖ്യാപിക്കുന്നതിൽ തെറ്റില്ലായിരുന്നു. പക്ഷേ അതിന് മുമ്പുള്ളത് എടുത്തുചാട്ടമായിപ്പോയി.ഒരിക്കൽക്കൂടി കിരീ‌ടം നേടാൻ കഴിയാതെ മടങ്ങുന്നതിൽ നിന്നുള്ള മുൻകൂർ ജാമ്യമെ‌ടുക്കുന്നത് പോലെയായി ഇത്.

- സഞ്ജയ് മഞ്ച്‌രേക്കർ

മുൻ ഇന്ത്യൻ താരം

വിരാട് ഭായ് ആർ.സി.ബി നായകവേഷം ഒഴിയുന്നതിൽ സങ്കടമുണ്ട്.ഇത്തവണ വിരാട് ഭായ്‌ക്ക് വേണ്ടി ഞങ്ങൾ ഐ.പി.എൽ കിരീടം നേടുകതന്നെ ചെയ്യും.

- യുസ്‌വേന്ദ്ര ചഹൽ

ആർ.സി.ബി താരം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, VIRAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.