SignIn
Kerala Kaumudi Online
Friday, 26 April 2024 3.14 PM IST

കാടോരം...കാട്ടാറോരം...

photo

കാട്ടാറിന്റെ പൊട്ടിച്ചിരിയ്‌ക്കൊപ്പം കുട്ടികളുടെ ചിരികൾ കൂടി പതഞ്ഞൊഴുകുന്ന വെള്ളത്തിനുമേലെ രണ്ടു തുമ്പികൾ ഇണചേർന്നു പറക്കുന്നു. ഒരു പച്ചനിറമാർന്ന ചിത്രശലഭം വെള്ളം തെറ്റിച്ചു പറന്നു പോയി. മുളങ്കൂട്ടത്തിൽ പതിവിലേറെ വലിപ്പമാർന്ന ഒരു വർണശലഭം പറന്നകന്നു. നട്ടുച്ചയ്ക്ക് തണുത്തകാറ്റ് മരങ്ങളെ തഴുകിത്തെന്നി ഞാനിരുന്ന പാറക്കൂട്ടത്തിനരികിലുമെത്തി. നിരന്തരയുദ്ധങ്ങളിലൂടെ നിലനില്‌പ്പിനായുള്ള സമവായത്തിലെത്തിച്ചേർന്ന ഏതൊക്കെയോ ജീവിഗണങ്ങളുടെ മൂളലും സീൽക്കാരവും അകലെ ഉൾക്കാടുകളിൽ നിന്ന് അരിച്ചെത്തുന്നുണ്ട്.

കാടിന്റെ ഓരവും കാട്ടാറിന്റെ തണുപ്പുമറിഞ്ഞ കുട്ടികൾ വെള്ളത്തിലെ കളിയിൽ മതിമറന്നിരിക്കുന്നു. കുട്ടികളുടെ ആദ്യ കാടുതീണ്ടലാണ്. കാടിന്റെ ഓരത്തെത്തിയാൽ ഒച്ചയധികം പാടില്ല...അവിടത്തെ നിശ്ശബ്ദതയെ ഭഞ്ജിയ്ക്കുക പാപം...ഇത്തവണ കുട്ടികളുള്ളതിനാൽ ഉൾക്കാട്ടിലേക്കില്ല. ഒരിക്കൽ ഉൾവനത്തിലേയ്ക്ക് ഇവിടെനിന്നു നടന്നു കയറിയ ഓർമ്മ ഓടിയെത്തി. പലതരം ബ്യുഗോണിയ ചെടികൾ നിലംപറ്റി പൂത്തുലഞ്ഞു നിന്നിരുന്നു. ചില പേരറിയാത്ത ഓർക്കിഡുകൾ മരങ്ങളിൽ മിഴിചിമ്മി. നനഞ്ഞ പാറകളിൽ കൽത്താമരപ്പൂക്കൾ വിരിഞ്ഞുനിന്നിരുന്നു. നനഞ്ഞ പാറയാകട്ടെ പച്ചപ്പായലിന്റെ നേർത്ത പട്ട് പുതപ്പണിഞ്ഞിരുന്നു. കുത്തനെ കയറ്റം കയറുന്ന ആയാസത്തിലും ചില്ലയിൽ ചിലച്ച മരയണ്ണാനെ പാളിനോക്കാതിരിക്കാൻ കഴിഞ്ഞില്ല. ഉയരം കൂടിയ മരത്തിന്റെ നിറുകയിൽ അവർ കൂടുകൂട്ടിയിരുന്നു. മരത്തിന്റെ ചില്ലകളിൽ കുരങ്ങുമഷിച്ചെടികൾ പറ്റിക്കൂടിയിരിക്കുന്നു.
കുനിഞ്ഞു കയറ്റം കയറികൊണ്ടിരിയ്‌ക്കെ ഒന്നു നടുനിവർത്തി നോക്കുമ്പോൾ കണ്ണിനു തൊട്ടടുത്ത ചില്ലയിൽ സാകൂതം എന്നെ നോക്കി ഒരു പച്ചിലപ്പാമ്പ്. അത് ശീഘ്രം അടുത്തചില്ലയിലേക്ക് പായുമ്പോൾ കയറ്റം തുടർന്നു. കൂടെയുള്ള വഴികാട്ടി പാമ്പുകളെക്കുറിച്ചും ഓരോ പാമ്പിന്റെയും വിഷത്തിനുള്ള മറുമരുന്ന് കാട്ടിലുള്ളത് ഏതൊക്കെയാണെന്നും പറഞ്ഞതോർക്കുന്നു. അണലിവേഗം എന്ന ചെടിയെ എനിയ്ക്ക് പരിചയപ്പെടുത്തി. നാട്ടിലുള്ള പല സാധാരണ ചെടികളുടെയും 'കാട്ടുവെറൈറ്റി' കാട്ടിത്തന്നു...കാട്ടുപാവൽ...കാട്ടുകമ്യൂണിസ്റ്റുപച്ച...എന്നിങ്ങനെ. പലതരം ചേമ്പുകൾ...അവയിൽ പലതും ഗോത്രവർഗക്കാർ കറിവയ്ക്കുമത്രേ. പലതരം ചീരകൾ...അവയ്ക്ക് നാട്ടുചീരയുമായി ഒരു സാമ്യവും കണ്ടില്ല. പഴയ ഓർമ്മകളിൽ നിന്ന് എന്റെ ശ്രദ്ധ കുട്ടികളിലേയ്ക്കു തിരിഞ്ഞു...എനിയ്ക്ക് കുട്ടിക്കാലം ഓർമ്മവന്നു... നാട്ടുവഴികളും കാടും തമ്മിൽ വലിയ അന്തരമില്ലാതിരുന്ന മലയോരജീവിതത്തിന്റെ തണുപ്പുള്ള ഓർമ്മകൾ. ഈ കുട്ടികൾക്ക് നഷ്ടപ്പെട്ടത് എന്തൊക്കെ എന്നു പെട്ടെന്നു തന്നെ തിരിച്ചറിയാം...നാട്ടുവഴികളിലൂടെ ഞൊട്ടാഞൊടിയനും മഷിത്തണ്ടുമൊക്കെപ്പറിച്ചുള്ള സ്‌കൂൾ യാത്രയെവിടെ...ബസിൽ കുത്തിനിറച്ചുള്ള ഇന്നത്തെ സ്‌കൂൾ യാത്രയെവിടെ! ആ സ്‌കൂൾ യാത്ര പോലുമില്ലാതെ ഓൺലൈൻ ക്ലാസ്സിൽ കണ്ണും മനസും കുഴഞ്ഞ ഇന്നത്തെ സ്‌കൂൾകാലമെവിടെ! ആലോചിക്കുമ്പോഴേക്കും എന്റെ ചിന്തകളെ കളിയാക്കികൊണ്ട് രണ്ട് തുമ്പികൾ എന്റെ തലയ്ക്കുമീതേ മുരണ്ടു പറന്നു. സ്വാതന്ത്ര്യവും സമ്പൂർണ വ്യക്തിത്വ വികസനവുമൊക്കെ ഏതോ ഏടുകളിലുറങ്ങുന്ന ഭംഗിയുള്ള വാക്കുകൾ മാത്രം. ഓൺലൈൻ പഠനത്തിനു ശേഷം ഓൺലൈൻ ഡാൻസ് ക്ലാസ്... ഓൺലൈൻ ചിത്രം വരക്ലാസ്...പിന്നെ ഓൺലൈൻ വർക്ക് ഫ്രം ഹോമിൽ മടുത്ത മാതാപിതാക്കളുടെ വക ചോദ്യോത്തരങ്ങൾ...ഇതിനിടയിൽ മുറ്റത്തു നിൽക്കുന്ന ചെടികളെ കുറിച്ചുപോലും അറിയാനെവിടെ അവസരം? പിന്നല്ലേ കാട്ടുപൂക്കളും ശലഭങ്ങളും. ഉടുപ്പുനനയ്ക്കാതെ ശ്രദ്ധിച്ചു തോടുമുറിച്ചുകടന്നുള്ള സ്‌കൂൾയാത്രകളും പൊട്ടിച്ചിരിയും നാടൻകളികളുമൊക്കെ. ഈ കുട്ടികൾക്ക് കാടെന്താണെന്ന് ഇങ്ങനെ ഒന്നുവന്നു കാണാനെങ്കിലും സാധിച്ചു എന്നു പറയാം...അടുത്ത തലമുറയ്‌ക്കോ? കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരതയിൽ അമ്മഭൂമിയ്ക്കും കടലിനും തനിമ പൂർണമായി നഷ്ടപ്പെടാൻ ഇനിയെത്ര വർഷം ബാക്കി? നാം തന്നെ വരുത്തിയ ഈ ഭീകരമാറ്റം നാമായിട്ടുതന്നെ തിരുത്താൻ എന്തുവഴി? ഈ കുട്ടികൾ ഇതിനെക്കുറിച്ചൊക്കെ പരിപൂർണ ബോദ്ധ്യമുള്ളവരായി പ്രവർത്തിക്കുക തന്നെ വഴി. അജ്ഞത അവരെ അന്ധരാക്കാതിരിക്കണം.

നമ്മുടെ കെട്ടിടനിർമ്മാണ രീതികളും ഭക്ഷ്യവിഭവ ഉത്‌പാദന രീതികളും ഭക്ഷണക്രമവും ഉപഭോഗക്രമവും തന്നെയാണ് ഭൂമിയെ വലിയ അപകടത്തിലേക്ക് തള്ളിവിട്ടത്. നാമുണ്ടാക്കിയ ക്ഷതങ്ങളുണക്കാനും പുനരുജ്ജീവിപ്പിക്കാനും നാം തന്നെ അശ്രാന്തപരിശ്രമം ചെയ്താൽ സാധിക്കും. പൊറുക്കാൻ മാത്രമറിയുന്ന ഭൂമിയെ നാം പൊറുക്കാനാവാത്ത വിധം വെട്ടിപ്പിളർന്നും വിഷം തളിച്ചും പ്ലാസ്റ്റിക്ക് നിറച്ചും മുറിവേല്‌‌പിച്ചു. ഡേവിഡ് ആറ്റൻബറോയുടെ ‘One Planet’ എന്ന ഡോക്യുമെന്ററി, ആർട്ടിക്കിൽ കളിയ്ക്കുന്ന രണ്ടു ഹിമക്കരടിക്കുട്ടികളെ കാട്ടുന്നു...അവ വളരുമ്പോഴേയ്ക്കും ആർട്ടിക്കിലെ ഹിമം മുഴുവനും ഉരുകാം...പിന്നെ അവയുണ്ടാവില്ല...അതു തടയാൻ നമുക്കെന്തു ചെയ്യാം? യുവാൽ നോവാ ഹരാരി എന്ന എഴുത്തുകാരൻ ( 21 Lessons for the 21 Century യുടെ കർത്താവ്) പറയുന്നു: ഓരോ രാഷ്ട്രീയക്കാരനോടും കാലാവസ്ഥാ വ്യതിയാനം തടയാൻ നിങ്ങളെന്തു ചെയ്യും എന്നു ചോദിയ്ക്കുക; അതിനു നല്കുന്ന ഉത്തരമനുസരിച്ച് വോട്ടു ചെയ്യുക. സസ്യഭക്ഷണം കൂടുതലായി ഉപയോഗിക്കുക. വിമാനയാത്ര കൂടുതൽ കാർബൺ വികിരണമുണ്ടാക്കുന്നതിനാൽ കഴിയുന്നതും ഒഴിവാക്കുക. സൗരോർജ്ജത്തെ കൂടുതലായി ആശ്രയിക്കുക. പൂജ്യം മാലിന്യം...താന്താങ്ങളുണ്ടാക്കുന്ന മാലിന്യം താന്താങ്ങൾ തന്നെ സംസ്‌കരിക്കുക; കഴിയുന്നതും മാലിന്യം പുനർചംക്രമണം ചെയ്യുക. കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയും മാലിന്യസംസ്‌കരണത്തെ പറ്റിയും പരമാവധി സംസാരിക്കുക... അതിലൂടെ കൂടുതൽ കൂടുതൽ പേർ കൂടുതലായി വരാനിരിയ്ക്കുന്ന അഥവാ വന്നുകഴിഞ്ഞ അപകടത്തെപ്പറ്റി ബോദ്ധ്യമുള്ളവരാകും. മരങ്ങൾ നടാനും വെള്ളം ശ്രദ്ധാപൂർവം ഉപയോഗിക്കാനും ശ്രമിക്കാം. നടക്കാം...സൈക്കിൾ ഓടിക്കാം...മാലിന്യം വലിച്ചെറിയാതിരിക്കാനും മാലിന്യം സൃഷ്ടിയ്ക്കുന്ന സാധനങ്ങൾ വാങ്ങിക്കാതിരിക്കാനും ശ്രദ്ധിക്കാം. അണ്ണാറക്കണ്ണനും തന്നാലായത്...അങ്ങനെ കാടും കടലും കാട്ടാറും അടുത്ത തലമുറയ്ക്കായി നമുക്കു കാത്തുവയ്ക്കാം..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.