കുറ്റ്യാടി: കൂട്ടുകാർ ഒരുക്കിയ കരുണയുടെ തണലിൽ ഇനി ദിൽനയ്ക്ക് സ്വപ്നങ്ങൾ കാണാം. കാവിലുംപാറ എ.ജെ.ജോൺ മെമ്മോറിയൽ എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് വോളണ്ടിയർമാർ നിർമ്മിച്ച വീട് കാവിലുംപാറ പഞ്ചായത്തിലെ ഓടങ്കാട്ടുമ്മൽ ദിൽന അജയന് കൈമാറി. ഭക്ഷ്യമേള നടത്തിയും സഹപാഠികളിൽ നിന്നും രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരിൽ നിന്നുമായി സ്വരൂപിച്ച ചെറിയ തുക ഉപയോഗിച്ചായിരുന്നു വീട് നിർമാണം. ദിൽനയ്ക്ക് വീട് ഒരുക്കേണ്ട ആവശ്യം വിദ്യാർത്ഥികൾ പ്രോഗ്രാം ഓഫീസറായ ബിജീഷിനെ അറിയിക്കുകയായിരുന്നു. കൊവിഡിൽ പ്രവർത്തനം മന്ദഗതിയിലായെങ്കിലും സ്കൂൾ മാനേജ്മെന്റും ജീവനക്കാരും പൂർവ വിദ്യാർത്ഥികളും പി.ടി.എയുടെ സഹകരണത്തോടെ ആറ് ലക്ഷത്തോളം രൂപ ചെലവിൽ മനോഹരമായ കോൺക്രീറ്റ് വീട് പൂർത്തീകരിച്ചു. സംസ്ഥാനത്തൊട്ടാകെ 25 സ്നേഹവീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന ഉദ്ഘാടനം നിർവഹിച്ചതിന്റെ ഭാഗമായി കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ്, പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ, പ്രോഗ്രാം ഓഫീസർ ബിജീഷ് ബി എന്നിവർ ചേർന്ന് തൊട്ടിൽപാലം ഓടങ്കാട്ടുമ്മലിൽ പണിത വീടിന്റെ താക്കോൽ കൈമാറി. ചടങ്ങിൽ എച്ച്.എം മൂസ, കുറ്റ്യാടി, നാദാപുരം എൻ.എസ്.എസ്, പി.എ.സി അംഗങ്ങളായ അംബുജാക്ഷൻ, ബിജീഷ്, സ്കൂൾ മാനേജർ ഫാദർ തോമസ് തുടയാർ, പി.ടി.എ ഭാരവാഹികളായ കെ.ടി മോഹനൻ, കെ.പി.സെബാസ്റ്റ്യൻ, എൻ.എസ് .എസ് ലീഡർ വൈഷ്ണവ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |