ലണ്ടൻ:ബ്രിട്ടനിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വാക്സിൻ ഡോസുകൾ ഫ്രാൻസ് മോഷ്ടിച്ചതായി റിപ്പോർട്ട്. യൂറോപ്യൻ യൂണിയൻ മേധാവികളുമായി ഗൂഢാലോചന നടത്തി അഞ്ച് ദശലക്ഷം വാക്സിൻ ഡോസ് ഫ്രാൻസ് മോഷ്ടിച്ചെന്നാണ് വിവരം. പദ്ധതി ആസൂത്രണം ചെയ്തത് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണെന്നും ആരോപണമുണ്ട്. കപ്പൽ മാർഗ്ഗം ഹോളണ്ടിലെത്തേണ്ടിയിരുന്ന വാക്സിൻ ഡോസുകൾ യൂറോപ്യൻ യൂണിയനിലാണ് എത്തിയതെന്ന് ആസ്ട്രസെനക്ക മേധാവി റൂഡ് ഡോബ്ബർ പറഞ്ഞു. അതേസമയം, ബ്രിട്ടീഷ് ജനതയുടെ ജീവന് വിലനൽകാതെയുള്ള മാക്രോണിന്റെ പ്രവൃത്തിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. ഫൈസർ വാക്സിന്റെ കയറ്റുമതി നിറുത്തിവയ്ക്കുമെന്ന് മാക്രോൺ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. ഫൈസർ ലഭിച്ചില്ലെങ്കിൽ ബ്രിട്ടന്റെ വാക്സിൻ വിതരണ പ്രക്രിയയെ അത് ഗുരുതരമായി ബാധിക്കും.