SignIn
Kerala Kaumudi Online
Friday, 26 April 2024 11.54 AM IST

ഇടുക്കി ഗോൾഡ് ചമഞ്ഞ 'ശീലാവതി'

ganja

'ഇത് ഒരു ചെടിയാ... നമ്മുടെ തുളസിയുടെ കൂട്ട്. കുരു ഇട്ട് മുളപ്പിച്ചാൽ പതുക്കെ വലുതാകും,​ ഇലകൾ വരും. ഇടുക്കിയിലെ മലമടക്കുകളിൽ ഇളം വെയിലിൽ ചില ചെടികൾക്ക് പൊൻകതിരുകൾ ഉണ്ടാവും. നമ്മൾ നാട്ടുകാർ കൃഷിക്കാർ നീല ചടയൻ എന്നൊക്കെ പറയും…ചൂടുകാലത്ത് ഗോവയിൽ നിന്ന് മല കയറി ഇടുക്കിയിലെത്തുന്ന ഇവരെ പോലുള്ളവർ ഇതിനു വേറൊരു പേരാ വിളിക്കുക- 'ഇടുക്കി ഗോൾഡ് '.

ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡെന്ന ചിത്രത്തിൽ നടൻ ജോയി മാത്യുവിന്റെ കഥാപാത്രം പറയുന്ന ഈ ഡയലോഗ് പലർക്കും ഓർമയുണ്ടാകും. ഈ സിനിമ ഇറങ്ങിയ ശേഷമാണ് മലയാളികളിൽ പലർക്കും ഇടുക്കി ഗോൾഡെന്ന പേര് സുപരിചിതമാകുന്നത്. എന്നാൽ വർഷങ്ങൾക്ക് മുമ്പേ ആഗോളലഹരി വിപണിയിൽ ഈ നാമം പ്രസിദ്ധമായിരുന്നു. പശ്ചിമഘട്ട മലനിരകളിൽ അനുയോജ്യമായ കാലാവസ്ഥയിൽ വളർന്നതുകൊണ്ടാകും ഈ കഞ്ചാവ് ചെടി ലഹരി ഉപയോക്താക്കളായ വിദേശികളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. 1985ൽ ഇന്ത്യയിൽ കഞ്ചാവിനെ നാർക്കോട്ടിക് വിഭാഗത്തിൽ ഉൾപ്പെടുത്തി നിരോധിക്കുന്നത് വരെ ഹൈറേഞ്ചിലെ മലമടക്കുകളിൽ വ്യാപകമായി കഞ്ചാവ് കൃഷി ചെയ്തിരുന്നു. തോട്ടമുടമകളിൽ പല പ്രമുഖരുമുണ്ടായിരുന്നു. അത് തേടി വിദേശികളടക്കം ഇടുക്കിയിലേക്കെത്തിയിരുന്നു. എന്നാൽ നിരോധനത്തിന് ശേഷം സർക്കാർ സംവിധാനങ്ങൾ ഇടുക്കി ഗോൾഡിന്റെ അടിവേരറുത്തു. മൂന്നര പതിറ്റാണ്ടുകൊണ്ട് ചെറിയ കഞ്ചാവ് ചെടി പോലും പിടികൂടുന്ന സ്ഥിതിയിലെത്തി.

എന്നാൽ ഇടുക്കിയിലെ കഞ്ചാവ് കൃഷിക്കാർ വെറുതെയിരുന്നില്ല. അവർ വളക്കൂറുള്ള മണ്ണ് തേടിപ്പിടിച്ചു. ആന്ധ്രയിലെയും ഒഡീഷയിലെയും നക്സൽ ബാധിത മേഖലകളിലെങ്ങും അവർ കഞ്ചാവ് തോട്ടം തീർത്തു. അവിടെ കൃഷി ചെയ്യുന്ന ശീലാവതി എന്ന് അറിയപ്പെടുന്ന കഞ്ചാവ് തമിഴ്നാട് വഴിയും അല്ലാതെയും കേരളത്തിലെത്തിച്ച് ഇടുക്കി ഗോൾഡാണെന്ന വ്യാജേന വില്‌പന ആരംഭിച്ചു. ഇപ്പോൾ 'ശീലാവതി" ഇടുക്കിയെ വിഴുങ്ങുന്ന സ്ഥിതിയാണുള്ളത്.

ലഹരിയൊഴുകുന്നു നിർബാധം

പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ വ്യാപകമായ റെയ്ഡുകൾ നടക്കുന്നുണ്ടെങ്കിലും കഞ്ചാവടക്കമുള്ള ലഹരികളുടെ കടത്തിനും വില്‌പനയ്ക്കും ഒരു കുറവുമില്ല. തിങ്കളാഴ്ച 43 കിലോ കഞ്ചാവാണ് തൊടുപുഴയിൽ നിറുത്തിയിട്ടിരുന്ന കാറിൽനിന്ന് പിടികൂടിയത്.

ജനുവരി ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ ജില്ലയിൽ എക്‌സൈസ് സംഘം പിടികൂടിയത് ചെറുതും വലുതുമായ 307 കേസുകളാണ്. ഇതിൽ 337 പേരോളം പിടിയിലായി. ലഹരിവസ്തുക്കളായ എം.ഡി.എം.എ, എൽ.എസ്.ഡി, ഹഷീഷ് ഓയിൽ എന്നിവയും പിടികൂടിയിട്ടുണ്ട്. തൊടുപുഴ, രാജാക്കാട്, കട്ടപ്പന, നെടുങ്കണ്ടം, കുമളി , അടിമാലി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് ജില്ലയിൽ കടത്ത് വ്യാപകമാകുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇരകൾ യുവാക്കൾ
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങൾ തൊടുപുഴ ഉൾപ്പെടെയുള്ള നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ആഡംബര കാറുകൾ ഉപയോഗിച്ചാണ് ഇവരുടെ കടത്ത്. ഒരേസമയം വിവിധ കാറുകൾ ഇവർ ഉപയോഗിക്കും. ഏതെങ്കിലും വിധത്തിൽ ലഹരി കൊണ്ടുവരുന്ന കാറിന്റെ വിവരം ചോർന്നാൽ ഉടനെ റൂട്ടിൽ മറ്റൊരു വാഹനമെത്തും. ഇതിലേക്ക് കഞ്ചാവ് മാറ്റും. വാഹനത്തിന്റെ നമ്പർ നോക്കി പിടിക്കാൻ നിൽക്കുന്ന അധികൃതരുടെ പദ്ധതി ഇതോടെ പാളും. സമാന രീതിയിൽ ബൈക്ക് മാർഗവും സംഘങ്ങൾ കഞ്ചാവ് കടത്തുന്നുണ്ട്. ലഹരിക്കൊപ്പം കൂടുതൽ പണവും വാഹനമടക്കമുള്ള സൗകര്യങ്ങളും ലഭിക്കുന്നതാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. ചിലർ മാഫിയയുടെ കണ്ണികളായി മാറുന്നു. പിടിയിലാകുന്നവരിലേറെയും ഇടനിലക്കാരാകും. പലപ്പോഴും തുടർ അന്വേഷണങ്ങളുണ്ടാകാറില്ല. അതിനാൽ തന്നെ പ്രധാന കണ്ണികൾ പിടിയിലാകാറുമില്ല.

സ്കൂൾ തുറന്നാൽ ചാകര

സ്കൂൾ തുറക്കുന്നതോടെ കച്ചവടം പൊടിപൊടിക്കാമെന്ന പ്രതീക്ഷയിലാണ് കഞ്ചാവ് മാഫിയ. വിദ്യാർത്ഥികൾ കഞ്ചാവ് വില്‌പനക്കാർക്ക് മണിചെയിൻ പോലെ നേട്ടം കൊയ്യാവുന്ന ശൃംഖലയാണ്. ഒരു പ്ലസ്ടു വിദ്യാർത്ഥിയെ വളച്ചെടുത്താൽ മതി. സ്‌കൂളിലെ മറ്റ് കുട്ടികൾ എളുപ്പം വലയിലാകും. ലഹരിക്ക് അടിമയായാൽ പിന്നെ അത് ലഭിക്കാൻ ചില്ലറ വില്‌പനക്കാരനാകാൻ അവൻ തയ്യാറാകും. അവന്റെയൊപ്പവും താഴെ ക്ലാസിലുള്ളവരുമായ കുട്ടികളെ വശീകരിക്കും. അഞ്ച് പൊതി വിറ്റാൽ ഒന്ന് അവന് ഫ്രീ. ഈ ചെയിൻ നീണ്ടുപോകും. അപ്പോഴേക്കും ആദ്യത്തെ ചില്ലറകച്ചവടക്കാരൻ മൊത്തകച്ചവടക്കാരനായിട്ടുണ്ടാകും. വിദ്യാർത്ഥികളായതിനാൽ പൊലീസ് പിടിയിലായാലും ഉപദേശിച്ച് വിടുമെന്ന് മെച്ചവുമുണ്ട്.

ലോക്ഡൗൺ മാറി അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങൾ കൂടുതൽ ഓടിത്തുടങ്ങിയതോടെ കഞ്ചാവിന്റെ വരവു കൂടിയിട്ടുണ്ടെന്നാണ് എക്‌സൈസ് അധികൃതർ പറയുന്നത്. അന്തർസംസ്ഥാന ഗതാഗതം പുനരാരംഭിച്ചതും കഞ്ചാവ് കടത്തുകാർക്ക് സഹായകരമായിട്ടുണ്ട്.

അവരും ഡിജിറ്റലായി

ഓൺലൈൻ വഴിയുള്ള ഇടപാടുകളാണ് കഞ്ചാവ് മാഫിയയും ഇപ്പോൾ കൂടുതലും നടത്തുന്നത്. ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളിലൂടെ തുക കൈമാറിയശേഷം സാധനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം അറിയിക്കും. പണം മുൻകൂർ അടച്ച ആവശ്യക്കാരൻ നേരിട്ട് പോയി ഇവ എടുക്കും. ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശം വച്ചതിന് പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം ലഭിക്കുമെന്നത് മുതലാക്കി പലപ്പോഴും ചെറിയ അളവുകളിലാകും വിൽപ്പനക്കാർ കഞ്ചാവ് കൈവശം വയ്ക്കുക. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഭൂരിഭാഗം പ്രതികളും തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുന്നതാണ് പതിവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY, IDUKKI GOLD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.