SignIn
Kerala Kaumudi Online
Wednesday, 18 May 2022 12.34 PM IST

മോഹമുക്തനാണോ ചെറിയാൻ ഫിലിപ്പ് ?

vivadavela

കാൽനൂറ്റാണ്ട് എന്ന കേരള രാഷ്ട്രീയ ചരിത്രഗ്രന്ഥം രചിച്ച് രാഷ്ട്രീയ, ചരിത്ര വിദ്യാർത്ഥികളുടെയാകെ മനസിലിടം നേടിയ രാഷ്ട്രീയക്കാരനാണ് ചെറിയാൻ ഫിലിപ്പ്. ഇതേ ചെറിയാൻ ഫിലിപ്പ്, ഒരു കാലത്ത് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു പ്രബലഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ച വ്യക്തിയുമായിരുന്നു.

അദ്ദേഹത്തിന്റെ 'കാൽനൂറ്റാണ്ട് ' എന്ന ഗ്രന്ഥത്തെ ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകമെന്ന് വിശേഷിപ്പിച്ചത് കമ്മ്യൂണിസ്റ്റ് താത്വികാചാര്യൻ സാക്ഷാൽ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടാണ്. ഈ കൃതി ചെറിയാൻ തന്നെ വിലയിരുത്തിയിട്ടുള്ളത് പോലെ കേരളത്തിലെ രാഷ്ട്രീയ, ചരിത്ര, മാദ്ധ്യമ വിദ്യാർത്ഥികൾക്ക് ഒരു റഫറൻസ് ഗ്രന്ഥമാണെന്നതിൽ തർക്കമില്ല. കാൽനൂറ്റാണ്ടിന്റെ പ്രകാശനച്ചടങ്ങിൽ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരുമായ പ്രഗല്‌ഭമതികൾ പങ്കെടുത്തിട്ടുണ്ടായിരുന്നു. ആ ചടങ്ങിൽ വച്ചാണെന്ന് തോന്നുന്നു ഇ.എം.എസ് ചെറിയാൻ ഫിലിപ്പിനെ മോഹമുക്തനായ കോൺഗ്രസുകാരനെന്ന് വിശേഷിപ്പിച്ചത്. എന്നാൽ, ശരിക്കും ചെറിയാൻ ഫിലിപ്പ് മോഹമുക്തനായ കോൺഗ്രസുകാരനായിരുന്നോ? അങ്ങനെയായിരുന്നെങ്കിൽ 2001ൽ ജയിക്കുന്ന സീറ്റ് നൽകിയില്ലെന്നാരോപിച്ച് അദ്ദേഹം കോൺഗ്രസിനെയും ഗുരുനാഥൻ എ.കെ. ആന്റണിയെയും ഉപേക്ഷിച്ച് ഇടതുസഹയാത്രികനാവാൻ തീരുമാനിച്ചതിന്റെ പൊരുളെന്തായിരിക്കാം?

ചെറിയാൻ ഫിലിപ്പിന്റെ രാഷ്ട്രീയം

വിദ്യാർത്ഥികാലം തൊട്ട് കോൺഗ്രസ് രാഷ്ട്രീയത്തോടൊപ്പം സഞ്ചരിച്ച പ്രവർത്തകനാണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹം കെ.എസ്.യു പ്രസിഡന്റൊക്കെ ആകുന്നത് എഴുപതുകളിലാണ്. എൺപതുകളുടെ മദ്ധ്യത്തിൽ അദ്ദേഹം എ.കെ. ആന്റണിയുടെ വലംകൈയായി കെ.പി.സി.സി സെക്രട്ടറിയായി. ചെറിയാൻ ഫിലിപ്പ് തന്നെ ഈ ലേഖകനോട് കഴിഞ്ഞദിവസം പറഞ്ഞതനുസരിച്ച്, താൻ കെ.പി.സി.സി സെക്രട്ടറിയായിരിക്കുമ്പോൾ ഇന്നത്തെ പ്രതിപക്ഷനേതാവായ വി.ഡി. സതീശൻ കോളേജ് യൂണിയൻ നേതാവ് മാത്രമാണ്. ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരൻ ഡി.സി.സി സെക്രട്ടറി മാത്രവും. ശരിയാണ്, അദ്ദേഹം കാൽനൂറ്റാണ്ട് രചിക്കുന്ന കാലത്തും ഇപ്പറഞ്ഞ നേതാക്കളൊക്കെ 'ചെറിയ നേതാക്കളാ'യിരുന്നു.

പക്ഷേ, അക്കാലത്തെല്ലാം ചെറിയാൻ ഫിലിപ്പിന് വേണമെങ്കിൽ ഗ്ലാമറസ് ആയ പാർലമെന്ററി പദവികൾ മോഹിക്കാമായിരുന്നു. അതദ്ദേഹം മോഹിച്ചില്ല. അന്ന് കോൺഗ്രസിനെ സേവിക്കുകയെന്ന ആദർശാത്മക നിലപാടിൽ അടിയുറച്ചുനിന്ന് പോരാടി. എ.കെ. ആന്റണിയുടെ അരുമശിഷ്യന് (ഇന്നും ആന്റണിയോടുള്ള ആദരവ് അതേപടിയുണ്ടെന്ന് ചെറിയാൻ പറയും) മോഹമുക്തനായ കോൺഗ്രസുകാരൻ എന്ന വിശേഷണം ഇ.എം.എസ് സമ്മാനിച്ചത് അങ്ങനെയാണ്. കോൺഗ്രസുകാരിൽ സ്ഥാനമോഹികൾ അന്നും ഇന്നും കുറവായിരുന്നില്ല. ചെറിയാൻ അന്ന് അതിനൊരു അപവാദമായിരുന്നു.

എ ഗ്രൂപ്പ് കോൺഗ്രസിനകത്ത് ലീഡർ കെ. കരുണാകരനെ തളയ്ക്കാനുള്ള അവസാനത്തെ അടവുകൾ പയറ്റുന്ന വേളയിൽ ഗ്രൂപ്പിനകത്ത് ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും വലംകൈയായി നിന്നിട്ടുള്ള നേതാവാണ് ചെറിയാൻ ഫിലിപ്പ്. തൊണ്ണൂറുകളായിരുന്നല്ലോ കേരളത്തിലെ കോൺഗ്രസിനകത്ത് ഗ്രൂപ്പ് രാഷ്ട്രീയം ഏറ്റവും തീക്ഷ്ണമായി കത്തിപ്പടർന്നത്.

കേരളത്തിൽ തുടർഭരണം പ്രതീക്ഷിച്ച് നേരത്തേ നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്ത ഇടതുമുന്നണിക്ക് ആ പ്രതീക്ഷ അട്ടിമറിക്കപ്പെട്ടത്, 1991ലെ തിരഞ്ഞെടുപ്പിലായിരുന്നു. രാജീവ് ഗാന്ധി ശ്രീപെരുംപുത്തൂരിൽ വെടിയേറ്റ് മരിച്ചതും അതിനൊരു കാരണമായി. അന്ന് യു.ഡി.എഫ് തരംഗമുണ്ടായി. ലീഡർ കെ. കരുണാകരന്റെ പ്രതാപകാലമായിരുന്നതിനാൽ അദ്ദേഹം തന്നെയാണ് നയിച്ചത്.

പക്ഷേ, ലീഡറുടെ യുഗം അവസാനിപ്പിക്കാനുള്ള കരുനീക്കങ്ങൾ എ ഗ്രൂപ്പ് ശക്തിപ്പെടുത്തിയതും ആ സർക്കാരിന്റെ കാലത്തുതന്നെയാണ്. അധികാരമേറ്റ് താമസിയാതെ കോൺഗ്രസിൽ ആഭ്യന്തരകലാപം ശക്തിപ്പെട്ടു. 1991ൽ എ ഗ്രൂപ്പിന്റെ ആശീർവാദത്തോടെയാണ് ആദർശധീരനായിരുന്ന ചെറിയാൻ ഫിലിപ്പ് ദേശീയവാദി പ്രസ്ഥാനം രൂപീകരിച്ചത്. ഐ ഗ്രൂപ്പ് കെ.പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ സംസ്കാരയ്ക്ക് രൂപം കൊടുത്തതും ഇക്കാലത്താണ്. രണ്ട് ഗ്രൂപ്പുകളും ഇവ്വിധവും ഏറ്റമുട്ടി.

94 ൽ കരുണാകരഭരണം അട്ടിമറിക്കപ്പെട്ട് എ.കെ. ആന്റണിയെ ഡൽഹിയിൽ നിന്ന് അനന്തപുരിയിലേക്കെത്തിച്ച് അധികാരവാഴ്ച നടത്തിയെടുക്കുന്നതിൽ വിജയിച്ചത് എ ഗ്രൂപ്പിന്റെ കരുനീക്കങ്ങളായിരുന്നു. കരുണാകര ശിഷ്യരെ തിരുത്തൽവാദികളായി അടർത്തിമാറ്റുന്നതിലും അട്ടിമറിസംഘം വിജയിച്ചു. ഐ ഗ്രൂപ്പിൽ ഇടർച്ചയുണ്ടായി. മുഖ്യമന്ത്രി പട്ടത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ആന്റണിയെ സ്വീകരണമൊരുക്കി ആനയിച്ചവരുടെ മുൻനിരയിലായിരുന്നു ചെറിയാൻ ഫിലിപ്പ്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ

ചെറിയാൻ ഫിലിപ്പും പാർലമെന്ററി രാഷ്ട്രീയത്തിന്റെ പളപളപ്പിലേക്ക് ആകൃഷ്ടനായത് ഒരുപക്ഷേ, 1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതോടെ ആയിരിക്കാം. പഴയ കോട്ടയം നിയമസഭാ മണ്ഡലത്തിൽ ചെറിയാൻ ഏറ്റുമുട്ടിയത് തൊട്ടുമുമ്പുണ്ടായിരുന്ന ഇടതുമന്ത്രിസഭയിൽ സാംസ്കാരികമന്ത്രിയായിരുന്ന സി.പി.എമ്മിന്റെ മുതിർന്ന നേതാവ് അന്തരിച്ച ടി.കെ. രാമകൃഷ്ണനോടായിരുന്നു. അന്നത്തെ യു.ഡി.എഫ് തരംഗത്തിലും കോട്ടയത്ത് പക്ഷേ ചെറിയാന് അടിതെറ്റി. പാർലമെന്ററി രാഷ്ട്രീയം ചെറിയാന് വഴങ്ങിയില്ല.

പിന്നീട് 1996 ൽ ചെറിയാൻ ഫിലിപ്പ് മത്സരിച്ചില്ല. 2001ൽ അദ്ദേഹം സീറ്റ് മോഹിച്ചു. എ.കെ. ആന്റണി തന്റെ വിശ്വസ്തന് അന്ന് കരുതിവച്ചത് തിരുവനന്തപുരം നോർത്ത് മണ്ഡലമാണ്. ഇന്നത്തെ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ ഭാഗങ്ങൾ ചേർന്ന മണ്ഡലം. അവിടെ അപ്പോഴത്തെ സിറ്റിംഗ് എം.എൽ.എ, അതുവരെ നിയമസഭാ സ്പീക്കറായിരുന്ന എം. വിജയകുമാറാണ്. അദ്ദേഹം വീണ്ടും മത്സരിക്കാനൊരുങ്ങുന്നു. രാഷ്ട്രീയസാഹചര്യങ്ങളും മറ്റും വിജയകുമാറിന് അനുകൂലമായി നിന്നിരുന്നു. സ്വീകാര്യതയുള്ള ജനകീയമുഖം അന്ന് വിജയകുമാറിനുണ്ടായിരുന്നു.

ചെറിയാനിൽ ശങ്കയുണർത്തിയത് വിജയകുമാറിന്റെ ആ സ്വീകാര്യതയായിരുന്നു. തനിക്ക് ജയസാദ്ധ്യതയുള്ള സീറ്റ് നൽകിയില്ലെന്ന ചെറിയാന്റെ പരിഭവം പ്രതിഷേധത്തിലേക്കെത്തിയത് സ്വാഭാവികം. ആന്റണി സ്വതസിദ്ധമായ മൗനത്തിലായി. ചെറിയാൻ കലാപമുയർത്തി. തിരുവനന്തപുരം നോർത്തിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് വിട്ട് ഇടതു സഹയാത്രികനാവാൻ തീരുമാനിച്ചു. വിധിവൈപരീത്യമെന്ന് പറയട്ടെ, തിരഞ്ഞെടുപ്പ് പ്രചരണകാലത്തെ ചില വിഷയങ്ങളിൽ അക്കുറി നോർത്ത് മണ്ഡലം വിജയകുമാറിനെ കൈവിടുകയും ചെറിയാന് പകരം അവിടെ മത്സരിച്ച കെ. മോഹൻകുമാർ വിജയിക്കുകയും ചെയ്‌തു .

ചെറിയാൻ സി.പി.എമ്മിനൊപ്പം ചേർന്നപ്പോഴേക്കും ഇ.എം.എസൊക്കെ കഥാവശേഷനായിക്കഴിഞ്ഞിരുന്നു. സി.പി.എമ്മിനകത്ത് വിഭാഗീയതയുടെ പുതിയ കനൽ കത്തിത്തുടങ്ങിയിരുന്നു. നാലാംലോക വിവാദവും പാഠം മാസികയിലൂടെ എം.എൻ. വിജയൻ ഉയർത്തിവിട്ട സൈദ്ധാന്തിക വിമർശനങ്ങളും സി.പി.എമ്മിനകത്ത് ക്രമേണ വി.എസ്. അച്യുതാനന്ദൻ- പിണറായി വിജയൻ പോര് എന്ന നിലയിലേക്ക് പരിവർത്തിപ്പിക്കപ്പെട്ടതൊക്കെ ചരിത്രം. വിജയൻ മാഷിന്റെ അരവും കത്തിയും ലേഖനം 2005 ലെ മലപ്പുറം സമ്മേളനത്തിന് തൊട്ടുമുമ്പ് പിണറായി വിജയന്റെ നേതൃത്വത്തിനെതിരെ ശക്തമായ കടന്നാക്രമണമായി വ്യാഖ്യാനിക്കപ്പെട്ടപ്പോൾ, പിണറായി കാസർകോട്ട് വച്ച് ആദ്യമായി തന്റെ പ്രിയപ്പെട്ട ഗുരുനാഥനെ അതിശക്തമായി വിമർശിച്ച് രംഗത്തെത്തി.

സി.പി.എമ്മിനകത്തെ ഈ സൈദ്ധാന്തികപ്പോരിന്റെ മൂർദ്ധന്യദശയിൽ ഒരു ഘട്ടത്തിൽ ചെറിയാൻ ഫിലിപ്പിനെ ഔദ്യോഗികനേതൃത്വം മലബാർ ജില്ലകളിലടക്കം സാംസ്കാരിക സമ്മേളനങ്ങളിലുൾപ്പെടെ എഴുന്നെള്ളിച്ചിരുന്നു. ചെറിയാൻ ഫിലിപ്പിന് ഇടതുബുദ്ധിജീവിയുടെ മുഖം അറിയാതെ വന്നുചേർന്നു. അദ്ദേഹം പിണറായി വിജയന്റെ വിശ്വസ്തനായി. വിഭാഗീയതയിൽ വി.എസിനെ അദ്ദേഹം തള്ളി.

2001ലെ തിരഞ്ഞെടുപ്പിൽത്തന്നെ സി.പി.എം ചെറിയാൻ ഫിലിപ്പിനെ ഉമ്മൻ ചാണ്ടിയെന്ന ജയന്റ് കില്ലറിനെതിരെ മത്സരിപ്പിച്ചിരുന്നു. സി.പി.എം പാളയത്തിലേക്കെത്തിയ ഒരു കോൺഗ്രസ് പ്രമുഖന്റെ വരവിനെ ആഘോഷിക്കാൻ രാഷ്ട്രീയമായി സി.പി.എമ്മിന് അതാവശ്യമായിരുന്നു. ആ ഘട്ടത്തിൽ കോൺഗ്രസ് എ ഗ്രൂപ്പിന്റെ പ്രബലമുഖം ഉമ്മൻ ചാണ്ടിയായിക്കഴിഞ്ഞിരുന്നു. മുഖ്യമന്ത്രിസ്ഥാനാർത്ഥി ആന്റണിയായിരുന്നെങ്കിലും പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിക്കെതിരായ മത്സരമായിരുന്നു പ്രധാനം. ചെറിയാനും അതാഗ്രഹിച്ചു.

2001ൽ പരാജയപ്പെട്ട ചെറിയാൻ ഫിലിപ്പ്, 2006ലെ വി.എസ് തരംഗത്തിലും മദ്ധ്യതിരുവിതാംകൂറിൽ കല്ലൂപ്പാറയിലോ മറ്റോ മത്സരിച്ച് പരാജയമടഞ്ഞു. കോൺഗ്രസിലായിരുന്നപ്പോൾ ലീഡറുടെ പ്രഖ്യാപിത ശത്രുവായിരുന്ന ചെറിയാൻ ഫിലിപ്പ്, കോൺഗ്രസ് വിട്ടശേഷം ഏറ്റവും അടുപ്പത്തിലായത് കരുണാകരനോടാണ് എന്നതും ശ്രദ്ധേയം. 2001-06 ഭരണകാലത്തെ കോൺഗ്രസിനകത്തെ കലാപം കരുണാകരന്റെ പാർട്ടി വിട്ടുപോകലിലേക്ക് തന്നെയെത്തി. പിന്നീട് അവസാനകാലത്ത് അദ്ദേഹം മടങ്ങിയെത്തിയെങ്കിലും. 2001ൽ കെ.പി.സി.സി പ്രസിഡന്റായ കെ. മുരളീധനെയും കരുണാകരനെയും ഒരുമിച്ച് പുകച്ചുചാടിച്ചതിൽ ഉമ്മൻ ചാണ്ടി - ആര്യാടൻ പ്രഭൃതികളുടെ കരുനീക്കങ്ങളാണ് വിജയം കണ്ടത്. കോൺഗ്രസിലേക്ക് ലീഡറുടെ മകൻ കെ. മുരളീധരന്റെ മടങ്ങിവരവിന് പിന്നെയും സമയമെടുത്തു. കരുണാകരനും മുരളിയും മറ്റും രൂപീകരിച്ച ഡമോക്രാറ്റിക് ഇന്ദിര കോൺഗ്രസിനെ, ലീഡറുടെ തിരിച്ചുപോക്കിന് ശേഷം എൻ.സി.പിയിൽ ലയിപ്പിച്ച് ഇടതുപ്രവേശനം ആഗ്രഹിച്ച മുരളിക്ക് അതിന് വിലങ്ങായി നിന്നത് വി.എസിന്റെ ഉടക്കാണ്. അങ്ങനെ കോൺഗ്രസിലേക്ക് മടങ്ങിപ്പോകാനാഗ്രഹിച്ച മുരളീധരന് ലീഡറുടെ മരണത്തിന് ശേഷവും കാത്തുനിൽക്കേണ്ടി വന്നിട്ടുണ്ട്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിലേക്കുള്ള മുരളിയുടെ തിരിച്ചുപോക്ക്. തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ മുരളി, മണ്ഡലപുനർവിഭജനത്തോടെ തിരുവനന്തപുരം നോർത്ത് രൂപം മാറിയെത്തിയ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി. ആ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി അവിടെ മത്സരിപ്പിച്ചത് ചെറിയാൻ ഫിലിപ്പിനെ. മുരളീധരൻ സുന്ദരമായി വിജയിച്ചു.

2006 ലെ വി.എസ് ഭരണത്തിൽ ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്നത് കോടിയേരി ബാലകൃഷ്ണനാണ്. ആ വകുപ്പിന് കീഴിലെ കെ.ടി.ഡി.സിയുടെ അദ്ധ്യക്ഷപദത്തിൽ ചെറിയാൻ ഫിലിപ്പിനെ അവരോധിച്ചു. ആ അവസരം നല്ല നിലയിൽ ചെറിയാൻ വിനിയോഗിച്ചു.

2016 ലെ തിരഞ്ഞെടുപ്പ് കാലം മുതൽ ചെറിയാനെ മത്സരിപ്പിക്കുന്നത് സി.പി.എം ഉപേക്ഷിച്ചു. പക്ഷേ ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ചെറിയാനെ നവകേരള മിഷൻ കോ-ഓർഡിനേറ്റർ സ്ഥാനത്ത് പിണറായി വിജയൻ ഇരുത്തിയത്, ചെറിയാന്റെ കൂറ് തിരിച്ചറിഞ്ഞിട്ടായിരുന്നു. രാജ്യസഭാ സീറ്റ് മോഹം ചെറിയാന്റെ ഉള്ളിൽ മൊട്ടിട്ട് തുടങ്ങിയിരുന്നു. എളമരം കരിമിനെ രാജ്യസഭയിലേക്കയച്ച തിരഞ്ഞെടുപ്പിൽ സീറ്റ് തനിക്ക് വാഗ്ദാനം ചെയ്തതാണെന്ന് ചെറിയാൻ പലരോടും പറഞ്ഞിരുന്നു. പക്ഷേ സി.പി.എം പോളിറ്റ്ബ്യൂറോ പാർട്ടി അംഗം തന്നെ മത്സരിക്കണമെന്ന നിലപാടിലായിരുന്നു.

നവകേരള മിഷൻ കോ-ഓർഡിനേറ്റർ പദവി ചെറിയാൻ ഒഴിഞ്ഞത് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. ആ ഏപ്രിലിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കും ചെറിയാൻ പരിഗണിക്കപ്പെട്ടില്ല. അതദ്ദേഹത്തിൽ വലിയ നിരാശയുണ്ടാക്കിയെന്ന് കരുതണം.

ഇടതും വലതും എന്ന പേരിൽ കേരള രാഷ്ട്രീയത്തിലെ പല വിഭാഗീയതകളുടെയും അണിയറ രഹസ്യങ്ങൾ ചികയുന്ന പുസ്തകരചനയിലേക്ക് കടക്കുന്നതായി അപ്പോൾ ചെറിയാൻ ഫേസ്ബുകിൽ കുറിപ്പിട്ടു. തിരഞ്ഞെടുപ്പ് പ്രചരണവേദികളിലൊന്നും ഇടതുമുന്നണിക്കായി ചെറിയാന്റെ സാന്നിദ്ധ്യമുണ്ടായിട്ടില്ല.

സ്വാതന്ത്ര്യപൂർവ കേരളത്തിൽ കെ.പി.സി.സി ഭാരവാഹിയായിരുന്ന ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് പിന്നീട് കമ്മ്യൂണിസ്റ്റായ ശേഷം,​ കോൺഗ്രസ് വിട്ട് സി.പി.എം പാളയത്തിലേക്ക് പോകുന്ന ആദ്യത്തെയാൾ താനാണെന്ന് ചെറിയാൻ ഫിലിപ്പ് ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. അത് ശരിയാണ്.

അങ്ങനെ വന്ന ചെറിയാൻ ഫിലിപ്പിനെ സി.പി.എം പാടേ തഴഞ്ഞുവോ? തഴഞ്ഞിട്ടില്ലെന്ന് പ്രഖ്യാപിക്കാനാണ് രണ്ടാം പിണറായി സർക്കാരിൽ ചെറിയാന് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം വച്ചുനീട്ടിയത്. ഒരുകാലത്ത് സി.പി.എമ്മിന്റെ സംസ്ഥാനകമ്മിറ്റി അംഗങ്ങൾ വരെ കൈകാര്യം ചെയ്തിരുന്ന സ്ഥാനമായിരുന്നു അത്. പക്ഷെ, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, ആ ഉപതിരഞ്ഞെടുപ്പിൽ ഇന്നത്തെ മന്ത്രി സജി ചെറിയാന്റെ വിജയത്തിന് സഹായകമായി പ്രവർത്തിച്ചതിനുള്ള പാരിതോഷികമായി ശോഭന ജോർജിന് ആ പദവി സമ്മാനിച്ചു.

കോൺഗ്രസ് പാരമ്പര്യം ചികയുമ്പോൾ ശോഭന ജോർജൊക്കെ ചെറിയാനേക്കാൾ എത്ര താഴെയാണ്. ഖാദിബോർഡ് ഉപാദ്ധ്യക്ഷന് ഇരുപതിനായിരം രൂപയാണ് പ്രതിമാസ ഓണറേറിയം കിട്ടുക. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ, സെക്രട്ടേറിയറ്റ് നോർത്ത്ബ്ലോക്കിൽ പ്രത്യേകം ക്യാബിനിൽ വലിയ ആറക്കശമ്പളം പറ്റി കഴിഞ്ഞിരുന്നയാൾ ഒതുക്കപ്പെട്ടെന്ന് ചിന്തിച്ചാൽ, ചിന്തിക്കുന്നയാളെ കുറ്റപ്പെടുത്താനാവില്ല.

അതുകൊണ്ടാണ് ഖാദി ബോർഡ് ഉപാദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്. വ്യവസായവകുപ്പ് അദ്ദേഹത്തിന്റെ നിയമന ഉത്തരവിറക്കി യതിന്റെ അടുത്ത ദിവസമായിരുന്നു ഈ നിരസിക്കൽ. അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്ര പുസ്തകരചനയിൽ വ്യാപൃതനായതിനാൽ പദവി ഏറ്റെടുക്കാനില്ലെന്നാണ് വിശദീകരണം.

സമീപകാലത്തായി മുഖ്യമന്ത്രി പിണറായി വിജയനോട്, പ്രത്യേകിച്ച് രാജ്യസഭാ സീറ്റിലേക്ക് ജോൺ ബ്രിട്ടാസിനെ പറഞ്ഞയച്ചശേഷം, ചെറിയാൻ മാനസികമായി അല്പം അകന്നുനില്പാണെന്ന് കരുതുന്നവർ സി.പി.എമ്മിനകത്ത് പോലുമുണ്ട്. ഖാദിബോർഡിലെ ഉപാദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കരുതെന്ന് അദ്ദേഹത്തെ വിളിച്ചുപറഞ്ഞവരിൽ സി.പി.എമ്മിന്റെ നേതാക്കൾ പോലുമുണ്ടെന്നും പ്രചാരണമുണ്ട്.

സ്ഥാനത്തേക്കാൾ ആത്മാഭിമാനമാണ് വലുതെന്ന് ചെറിയാൻ അടുപ്പമുള്ളവരോട് വ്യക്തമാക്കിയതായാണ് വിവരം. എന്നാൽ, സി.പി.എമ്മിനെയോ നേതാക്കളെയോ തള്ളിപ്പറയാനില്ലെന്നും പാർട്ടി തന്റെ സേവനമാഗ്രഹിക്കുന്നെങ്കിൽ അതുണ്ടാകുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾമാർക്സ് തന്റെ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചതെന്നും തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്‌റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹദ്ഗ്രന്ഥം രചിച്ചതെന്നും ഇതെല്ലാം തനിക്ക് ആത്മവിശ്വാസമേകുന്നതാണെന്നുമുള്ള ചെറിയാന്റെ ഫേസ്ബുക് പോസ്റ്റിലെ പരാമർശത്തിന് രാഷ്ട്രീയമാനമേറുന്നതും ഇതൊക്കെ കൊണ്ടാണ്. മോഹമുക്തി ഏത് ചെറിയാൻ ഫിലിപ്പിനും അസാദ്ധ്യം തന്നെ!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIVADAVELA, CHERIAN PHILIP
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.