SignIn
Kerala Kaumudi Online
Monday, 25 October 2021 12.16 PM IST

വെള്ളത്തിന് വഴിയൊരുക്കുന്ന മുഖ്യമന്ത്രിയെ ഓർത്ത്

niyamasabha-

'അന്യൻ', 'ഇരുമുഖൻ' എന്നൊക്കെ പറയുമ്പോലെ മുഖ്യമന്ത്രി പിണറായി വിജയനിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അതിശയകരമായ മാറ്റം കണ്ടു.

മഹാപ്രളയത്തിന് ശേഷം നെതർലൻഡ്സിൽ പോയി വന്ന മുഖ്യമന്ത്രി തന്നെയാണോ ഇതെന്ന് ഒരു വേള അദ്ദേഹം മുഖ്യമന്ത്രിയോട് തന്നെയാണ് സംശയനിവൃത്തി തേടിയത്. മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല.

നെതർലൻഡ്സിൽ പോയി വന്ന മുഖ്യമന്ത്രി വെള്ളത്തിന് ഒഴുകാൻ സ്ഥലമുണ്ടാക്കി കൊടുക്കുമെന്ന് പറഞ്ഞത് സതീശൻ കേട്ടിട്ടുണ്ട്. റൂം ഫോർ ദ റിവർ ഇവിടെ നടപ്പാക്കുമെന്നൊക്കെ കേട്ടപ്പോൾ അത്യധികമായ സന്തോഷമുണ്ടായെന്ന് സതീശൻ പറഞ്ഞു. ഇന്നിപ്പോൾ കേരളത്തെ കിഴക്കും പടിഞ്ഞാറുമാക്കി വേർപ്പെടുത്തി കോട്ട കെട്ടാൻ പോകുകയും ആ പോക്കിൽ നിന്ന് അണുവിട മാറാതിരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ കണ്ടപ്പോൾ അങ്ങേയറ്റത്തെ നിരാശയും ഉത്‌ക്കണ്ഠയും പ്രതിപക്ഷനേതാവിനുണ്ടാകുന്നു.

തിരുവനന്തപുരത്ത് നിന്ന് നാല് മണിക്കൂറിൽ കാസർകോട്ടെത്തിക്കാൻ പോകുന്ന അർദ്ധ അതിവേഗ റെയിൽപാതയുടെ കാര്യത്തിലാണ് പ്രതിപക്ഷനേതാവിന്റെ ആകുലതകളത്രയും സഭയിലുയർന്നു കേട്ടത്. ഈ പദ്ധതിക്കായി നികത്തപ്പെടുന്ന നീർത്തടങ്ങളെക്കുറിച്ചോർത്തപ്പോൾ സതീശന്റെ വേദന ഇപ്രകാരം വിലാപമായി: "മഴ വന്നാൽ, പ്രളയമുണ്ടായാൽ എങ്ങോട്ട് പോകും സാർ ഇതെല്ലാം?"

അർദ്ധ അതിവേഗ റെയിൽ പദ്ധതി പരിസ്ഥിതിനാശം വരുത്തുന്നതാണെന്ന് കാട്ടി ശൂന്യവേളയിൽ ഡോ.എം.കെ.മുനീറിന്റെ നേതൃത്വത്തിലാണ് അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത്. ബംഗാളിൽ ബുദ്ധദേബ് ഭട്ടാചാര്യയെ ഉപദേശിച്ചില്ലാതാക്കിയ അക്കാഡമിഷ്യൻമാർ അങ്ങയെയും ഉപദേശിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് മുനീർ മുഖ്യമന്ത്രിക്ക് നൽകിയ മുന്നറിയിപ്പ്.

ആ മുന്നറിയിപ്പിന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. പക്ഷേ മുനീറിൽ നിന്നുയർന്ന വാദഗതികൾ മുഖ്യമന്ത്രിയെ അങ്ങേയറ്റം വിഷമിപ്പിച്ചു. പുതിയ ചില സൗഹൃദങ്ങളൊക്കെ വരുന്നതിനാലാകാമെന്ന കുത്തുവാക്കും പറഞ്ഞു. അല്പം കൂടി തെളിച്ചുപറയാനായി ഒരു കഥയും മുഖ്യമന്ത്രി ഓർത്തെടുത്തു. ഒരു യുവജന വിഭാഗത്തെയും കൂട്ടി പണ്ടൊരിക്കൽ തന്നെ കാണാനെത്തിയവരോട് ഇത് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരല്ലേയെന്ന് താൻ ചോദിച്ചുവെന്നതാണ് അക്കഥ. മുനീറിന്റെയും ലീഗിന്റെയും കൂട്ട് ഇപ്പോൾ അവരുമായിട്ടാണെന്ന് വ്യംഗ്യം.

സത്യസന്ധമായ കാര്യങ്ങൾ അവതരിപ്പിക്കുന്നവർ സാമൂഹ്യവിരുദ്ധരുമായി ബന്ധമുള്ളവരെന്ന് മുദ്രകുത്തുന്ന ജോലിയാണ് കേന്ദ്രത്തിൽ നരേന്ദ്രമോദിയും നടത്തുന്നതെന്ന് തിരിച്ചടിച്ചത് പ്രതിപക്ഷനേതാവാണ്. സ്വന്തം നിലപാടുകൾ മറ്റുള്ളവരുടെ തലയിലേല്പിക്കാൻ ശ്രമിക്കുന്നത് ഏകാധിപതികളുടെ പൊതുസ്വഭാവമാണെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു.

സംസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാളും ഗൗരവമായി കാണുന്നതാണ് സിൽവർ ലൈനെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ പാലങ്ങളും കൾവെർട്ടുകളുമുണ്ടാകുമെന്ന് വിവരിച്ച് പദ്ധതിയുടെ പരിസ്ഥിതി ദോഷമില്ലായ്മ ബോധിപ്പിക്കാനദ്ദേഹം ശ്രമിച്ചു. കേരളം നല്ലനിലയിൽ സ്വീകരിക്കാൻ പോകുന്ന, യാത്രക്കാർ നിറഞ്ഞോടുന്ന വണ്ടിയായിരിക്കും ഇതെന്നാണദ്ദേഹം കാണുന്ന സ്വപ്നം. മുഖ്യമന്ത്രി ഇല്ലെന്നു പറഞ്ഞ പരിസ്ഥിതിദോഷങ്ങൾ സർവത്ര എണ്ണിപ്പറഞ്ഞ പ്രതിപക്ഷനേതാവ് ബദൽപദ്ധതിയുണ്ടെന്ന ഓഫർ നൽകാതിരുന്നില്ല. പരിസ്ഥിതിലോല ഭൂമിയായ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളൊന്നും പരിഗണിക്കാതെയുള്ള വികസനത്തിന്റെ ബുൾഡോസർ എന്നദ്ദേഹം സിൽവർലൈൻ പദ്ധതിയെ ഒറ്റവാക്കിൽ മുദ്രകുത്തി. മുഖ്യമന്ത്രി മൗനരാഗം ആലപിച്ചിരുന്നതിനാൽ വാക്കൗട്ടല്ലാതെ പ്രതിപക്ഷത്തിന് വഴിയില്ലായിരുന്നു.

മലപ്പുറം ജില്ലാ സഹകരണബാങ്കിനെ സംസ്ഥാന സഹകരണബാങ്കിൽ ലയിപ്പിച്ച് കേരളബാങ്കിന്റെ ഭാഗമാക്കുന്നതടക്കമുള്ള വ്യവസ്ഥകളടങ്ങിയ സഹകരണസംഘം രണ്ടാം ഭേദഗതി ബില്ലും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഭേദഗതി ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ലീഗിന്റെ സ്വന്തം മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുന്നത് ലീഗുകാർക്ക് ചിന്തിക്കാൻ പോലുമാകാത്തതാണ്.

നിയമഭേദഗതിക്കെതിരായ കേസ് ഹൈക്കോടതിയിലിരിക്കുമ്പോൾ ബില്ലവതരിപ്പിക്കുന്നതേ ശരിയല്ലെന്നും അത് ഭരണഘടനാവിരുദ്ധവുമാണെന്ന് കാട്ടി യു.എ. ലത്തീഫും എൻ. ഷംസുദ്ദീനും തടസവാദമുയർത്തി. നഷ്ടത്തിലോടുന്ന കേരളബാങ്കിലേക്ക് ലാഭത്തിലുള്ള മലപ്പുറം ബാങ്കിനെ ലയിപ്പിക്കാനാണ് നീക്കമെന്ന് ഷംസുദ്ദീൻ ആക്ഷേപിച്ചു. കേരള ബാങ്കിന്റെ 62 കോടിയുടെ ലാഭക്കണക്ക് നിരത്തിയാണ് മന്ത്രി വാസവൻ ഷംസുദ്ദീനെ തിരുത്താൻ ശ്രമിച്ചത്. കേരളബാങ്കിന്റെ ഭാഗമായാൽ എ.ടി.എം, മൊബൈൽബാങ്കിംഗ്, നെഫ്റ്റ് എന്നിത്യാദി സംവിധാനങ്ങളുടെ ആകർഷകമായ ഓഫർ സൗജന്യമായി വാസവൻ നിരത്തിയെങ്കിലും ലീഗ് അംഗങ്ങൾ അതിൽ വീഴാനൊരുക്കമായിരുന്നില്ല. സഹകരണജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ബില്ലായി മാത്രം അവർ കണ്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIYAMASABHA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.