ബംഗളൂരു : മദ്യപിച്ച് വീട്ടിൽ വഴക്കിടുന്നത് പതിവാക്കിയ യുവാവ് മാതാവിനേയും സഹോദരിയേയും വെടിവച്ച് കൊന്നു. കർണാടകയിലെ കൊടഗോഡാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തിനാല് കാരനായ മഞ്ചുനാഥാണ് മാതാവ് പാർവതി നാരായണ ഹസ്ലാർ, സഹോദരി രമ്യ നാരായണ ഹസ്ലാർ എന്നിവർക്ക് നേരെ വെടിയുതിർത്തത്. വീട്ടിലുണ്ടാക്കിയ സാമ്പാറിന് രുചി പോര എന്ന് പറഞ്ഞാണ് സംഭവ ദിവസം മഞ്ചുനാഥ് വഴക്കാരംഭിച്ചത്. എന്നാൽ ഇതിന് മുൻപേ സഹോദരിക്ക് ഫോൺ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇയാൾക്ക് നീരസമുണ്ടായിരുന്നു. വായ്പ എടുത്ത് മൊബൈൽ വാങ്ങുന്നതിന് യുവാവ് എതിർത്തപ്പോൾ മാതാവ് സഹോദരിയുടെ പക്ഷം ചേർന്നതാണ് ഇയാളെ അസ്വസ്ഥനാക്കിയത്.
ഈ പക മനസിൽ വച്ചാണ് സാമ്പാറിന് രുചിയില്ലെന്ന കാരണമുണ്ടാക്കി വഴക്കാരംഭിക്കുകയും തോക്കെടുത്ത് വെടിയുതിർത്ത് മാതാവിനെയും സഹോദരിയേയും മഞ്ചുനാഥ് കൊലപ്പെടുത്തിത്തുകയും ചെയ്‌തത്. സംഭവ സമയത്ത് ഇയാളുടെ പിതാവ് വീട്ടിലുണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം മഞ്ചുനാഥ് ഒളിവിൽ പോയതിന് ശേഷമാണ് പിതാവ് എത്തിയത്. ഭാര്യയും മകളും മരിച്ചുകിടക്കുന്നത് കണ്ട പിതാവ് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം നാട്ടുകാരറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |