SignIn
Kerala Kaumudi Online
Friday, 26 April 2024 1.57 PM IST

വാക്കുകളുടെ ശക്തിരൂപം

vakku

കൊച്ചു കുട്ടിയായിരിക്കെ മതിലിനു മുകളിലിരുന്നു മറ്റു കുട്ടികളോടൊപ്പം കളിയ്ക്കുകയായിരുന്നു ഞാൻ. പെട്ടെന്നു താഴേയ്ക്കു വീണുപോയി. അമ്മായി ഓടിവന്ന് എന്നെ എടുത്തു പൊക്കി ഒരൊറ്റ അടിവച്ചു തന്നു. വീണ കാര്യമൊക്കെ പാടെ മറന്ന് അമ്മായി എന്നെ അടിച്ചതെ‌ന്തിനെന്ന് ശങ്കിച്ച് കരഞ്ഞുകൊണ്ട് എന്നെ എന്തിനാ അടിച്ചതെന്നു ചോദിച്ചു. അപ്പോഴേക്കും ഇതു മുൻപരിചയമുള്ള ഏതോ കുട്ടി ചിരിച്ചുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു 'അതു മോളു പേടിയ്ക്കാതിരിയ്ക്കാനാണ് '. അന്നത് എനിയ്ക്കു മനസിലായില്ല. വീണതിന്റെ വേദന അറിഞ്ഞതേയില്ലെങ്കിലും അമ്മായി അടിച്ച കാര്യം ഇന്നും ഓർമ്മയുണ്ട്. ഒരു പക്ഷേ മതിലിന്മേലെ നിന്നു വീണിട്ടും അത്തരം വീഴ്ചകളോടു പ്രത്യേകിച്ചു 'ഫോബിയ' ഒന്നും ഉണ്ടാകാതിരുന്നത് അമ്മായിയുടെ 'അടിപ്രയോഗം' കൊണ്ടാണോ? ഈ സംശയം എനിയ്ക്കുണ്ടായത് ഈയിടെ ഒരു ഗവേഷണപഠനം വായിച്ചപ്പോഴാണ്. മനുഷ്യനിലെ പേടി അകറ്റാനായി ചിത്രങ്ങളും വാക്കുകളും ഉപയോഗിയ്ക്കുന്നതിനെ പറ്റിയുള്ളതാണ് ലേഖനം. [ ‘The Lasting Effect of Words on Feelings: Words May Facilitate Exposure Effects to Threatening Images’ By Golnaz Tabibnia, Matthew D. Lieberman, Michelle G. Craske ] ചിലന്തിയെ പേടിയുള്ള ആളുകളെ ചിലന്തിയുടെ ചിത്രം തുടർച്ചയായ ദിവസങ്ങളിൽ കാണിച്ച പരീക്ഷണമാണ് ലേഖനത്തിൽ വിവരിയ്ക്കുന്നത്. എട്ടാം ദിവസമാകുമ്പോഴേക്കും ചിലന്തിയുടെ ചിത്രം കാണുമ്പോഴുണ്ടാകുന്ന പേടി കുറയുന്നതായി കണ്ടു. അതിഭീകരനായ ചിലന്തി എന്നോ മറ്റോ ഉള്ള നിഷേധാത്മകമായ (negative) വാക്കുകൊണ്ടുള്ള അടിക്കുറിപ്പോടെ ചിത്രം കാണിച്ചാൽ പേടിയുടെ തോത് നന്നായി കുറയുന്നു. നിഷേധാത്മാകമായ വാക്കുകളും ഭീകരചിത്രങ്ങളും നിരന്തരമായി കാണിയ്ക്കുമ്പോൾ അതിനോടുള്ള പേടി നന്നായി കുറയുന്നു എന്നു പരീക്ഷണ ഫലം. ഒരു ഭീകരസംഭവത്തിനിരയായ ആൾ അതിനെക്കുറിച്ച് വിവരിയ്ക്കുന്നത് സംഭവത്തിന്റെ ഭീകരതയും വേദനയും മനസിൽ നിന്നകറ്റാൻ സഹായിക്കുമെന്ന് മന:ശാസ്ത്രജ്ഞർ പറയാറുണ്ടല്ലോ.

തലച്ചോറിന്റെ പീഠത്തിലുള്ള ബദാം ആകൃതിയിലുള്ള കോശക്കൂട്ടമാണ് അമിഗ്ഡാല (amygdala) പേടി, ദേഷ്യം തുടങ്ങിയവയിൽ ഓട്ടോമാറ്റിക്കായി ഉണ്ടാകുന്ന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് സിസ്റ്റത്തിന്റെ ഭാഗമാണിത്. ഒരു ഭീഷണമായ ചിത്രം കാണുമ്പോൾ പെട്ടെന്നുള്ള പ്രതികരണമുണ്ടാകുന്നത് അമിഗ്ഡാലയിലാണ്. എന്നാൽ ഒരു വാക്ക് കാണുമ്പോൾ അതിനെ മനസിലാക്കുന്നത് Ventrolateral prefrontal cortex എന്ന തലച്ചോറിന്റെ ഭാഗമാണ്. ഈ ഭാഗത്തിന്റെ പ്രവർത്തനത്തിന് അമിഗ്ഡാലയുടെ പ്രവർത്തനത്തെ തടയിട്ട് പ്രവർത്തിക്കാൻ സാധിയ്ക്കും. ഒരു ചിത്രത്തിന്റെ ഭീഷണതയെ കുറയ്ക്കാനോ കൂട്ടാനോ വാക്കുകൾക്കു സാധിയ്ക്കുമെന്നർത്ഥം. ഭീഷണമായ വാക്കുകൾ ഭീഷണരൂപത്തോടുള്ള ഭയം കാലക്രമേണ കുറയ്ക്കും. 'പാമ്പിനെ എനിയ്ക്കു പേടിയില്ല' എന്നു പറഞ്ഞുകൊണ്ട് പാമ്പിനെ തൊടാൻ ജംഗിൾ ട്രെയിനിംഗിൽ ജവാന്മാരെ പരിശീലിപ്പിക്കുന്നത് വെറുതേയല്ല. ഒരിയ്ക്കൽ കഞ്ചാവുവെട്ടാനായി കാട്ടിൽ കയറിയ ഞങ്ങൾക്ക് വഴിതെറ്റി അലയേണ്ടിവന്നു. കുറ്റാക്കുറ്റിരുട്ട്... കത്തിച്ച ടയറാണ് ആകെയുള്ള വെളിച്ചം. വള്ളിയാണെന്നു കരുതി ഞങ്ങളിലൊരാൾ തൂങ്ങിക്കിടന്ന ഒരു പാമ്പിന്റെ വാലിൽ പിടിച്ച് ഒരു ചാലു ചാടിക്കടക്കുകയും ചെയ്തു. അതു പിന്നാലെ വന്നവർ തിരിച്ചറിഞ്ഞു... പിന്നെ അവർ ഉറക്കെ ശരണം വിളിയ്ക്കാൻ തുടങ്ങി. ആ വാക്കുകളാണ് പ്രതിസന്ധിയിൽ ഭയക്കാതെ മുന്നോട്ടു നടക്കാൻ അവർക്ക് ധൈര്യം നൽകിയത്. വിശന്നു വലഞ്ഞും ദാഹിച്ചും അറിയാത്ത വഴികളിലൂടെ ഇരുട്ടിൽ നടക്കാൻ. വാക്കുകളുടെ ശക്തിരൂപമാണു കവിത. അന്ത:രംഗത്തെ പ്രകമ്പനം കൊള്ളിയ്ക്കുന്ന വാക്കുകളെഴുതിയ കവികളെ മനുഷ്യകുലം ആരാധിച്ചതു വെറുതെയല്ല.

ശ്രീനാരായണ ഗുരുവിന്റെ കാളീനാടകമോ കടമ്മനിട്ടയുടെ കാട്ടാളനോ ചൊല്ലിക്കേട്ടാൽ വാക്കുകൾ അനുഭവമായി മാറുന്നതിൽ അത്ഭുതമില്ല. Werner Heisenberg എന്ന നോബൽ സമ്മാനിതനായ ഭൗതിക ശാസ്ത്രജ്ഞൻ പറയുന്നത് പ്രപഞ്ചവും ജീവിതവും ഖരവസ്തുക്കൾ നിറഞ്ഞതല്ല. മറിച്ച് ഊർജ്ജപ്രവാഹമാണ് എന്നാണ്. ഊർജ്ജപ്രവാഹത്തിന്റെ സ്വഭാവമനുസരിച്ച് അതിനു മനസിൽ ചെലുത്താവുന്ന സ്വാധീനവും വിവിധതരത്തിലുള്ളതായിരിക്കും. കൂടുതൽ ക്രിയാത്മകമായ ഊർജ്ജപ്രവാഹം സൃഷ്ടിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ കൂടുതൽ നന്മകൾ സൃഷ്ടിയ്ക്കാം. ഒരേ തെറ്റുകൾ ആവർത്തിയ്ക്കാതെ പുതിയൊരു ജീവിതവീക്ഷണം തന്നെ നമുക്കു സൃഷ്ടിക്കാം. ‘The Hidden Messages in Water’ എന്ന പുസ്തകത്തിൽ ജാപ്പനീസ് ശാസ്ത്രജ്ഞൻ Masaru Emoto പറയുന്നത് അദ്ദേഹം ജലത്തിൽ നടത്തിയ ചില പരീക്ഷണങ്ങളാണ്. 'ഞാൻ നിന്നെ വെറുക്കുന്നു' എന്നെഴുതിയ പാത്രങ്ങളിൽ ശുദ്ധജലം നിറച്ച് ശീതീകരിച്ചപ്പോൾ അവ ക്രിസ്റ്റലുകളാകാതെ ചാരനിറമുള്ള ഉരുളകളായി മാറി. ഞാൻ നിന്നെ സ്‌നേഹിയ്ക്കുന്നു എന്നു പറഞ്ഞ് അങ്ങനെ എഴുതിയ പാത്രത്തിൽ വെള്ളം ഉറഞ്ഞപ്പോൾ അതു ക്രിസ്റ്റലുകളായി മാറി. ഒരു ജാറിൽ അരി നിറച്ച് 'നീ വിഡ്ഢി' എന്നെഴുതി ഒരു ക്ലാസ്സിൽ വച്ചശേഷം അദ്ദേഹം കുട്ടികളോട് ആ ജാറിനെ നോക്കി 'നീ വിഡ്ഢി' എന്നു പറയാൻ ചട്ടംകെട്ടി. മുപ്പതു ദിവസം കഴിഞ്ഞപ്പോൾ അരി കറുത്ത കുഴമ്പായി മാറി. മറ്റൊരു ജാറിൽ 'നന്ദി' എന്നെഴുതി അതുതന്നെ ഉച്ചരിയ്ക്കാൻ കുട്ടികളോടു പറഞ്ഞു. ജാറിലെ അരി വെളുത്തുതന്നെ നിലകൊണ്ടുവത്രേ. പരീക്ഷണം ശരിയാവട്ടെ, തെറ്റാവട്ടെ നമ്മുടെ കുട്ടികളോടു (മുതിർന്നവരോടും) നാം എന്തു നിരന്തരം പറയുന്നു എന്നതിനെ ആശ്രയിച്ച് അവർ വളരുകയോ തളരുകയോ ചെയ്യും എന്ന സന്ദേശമാണിതു നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.