തെങ്ങമം : കല്ലടയാറ്റിൽ ആശങ്കാജനകമായ രീതിയിൽ ജലനിരപ്പുയർന്നു. ഏനാത്ത് ജംഗ്ഷന് സമീപം ഏനാത്ത് - മണ്ണടി റോഡിൽ വെള്ളം കയറി. മണ്ണടി താഴത്ത് ഏലാ വെള്ളത്തിനടിയിലായി. പള്ളിക്കലാർ കരകവിഞ്ഞ് മേക്കുന്ന്മുകൾ - തെങ്ങമം റോഡിന് ഇരുവശത്തുമുള്ള ഏലായിൽ വെള്ളം കയറി. ഏനാദിമംഗലം ചാങ്കൂർ ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് വീട്ടുകാരെ മാറ്റി പാർപ്പിച്ചു. തോട് കരകവിഞ്ഞ് കിളിവയൽ വയല റോഡിൽ വെള്ളം കയറി. പുതുവൽ ജംഗ്ഷന് സമീപം കെ.പി. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനം വഴി തിരിച്ചുവിട്ടു. സെൻട്രൽ ജംഗ്ഷനിൽ കെ.പി. റോഡിൽ വെള്ളം കയറിയതോടെ വാഹന ഗതാഗതം ബുദ്ധിമുട്ടിലായി. മണ്ണിടിച്ചിലും ഒപ്പം മരം വീണതു മൂലം കുന്നിട ചരുവിളയിൽ അമ്മിണിക്ക് (61) പരിക്കേറ്റു. മണ്ണടി വലിയമ്പലത്തിന് സമീപം പൂവറ്റൂർ തോട്ടത്തിൽ ലീലാ ഭായിയുടെ വീടിന് ഭാഗികമായി നാശം നേരിട്ടു. മണ്ണടി സൂര്യഭവനം സുദേവൻ, അജി ഭവനം ശശിധരൻ , മൊട്ടക്കുന്നിൽ സാറാ കുട്ടി, ശാന്താലയം ശാന്ത എന്നിവരുടെ പുരയിടത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് സംരക്ഷണഭിത്തി തകർന്നു. മിന്നലിനെ തുടർന്ന് ഏനാദിമംഗലം മങ്ങാട് ബഥേൽ ഹൗസിൽ റോസമ്മയുടെ വീടിന്റെ ഭിത്തിക്ക് പൊട്ടലുണ്ടായി. വയറിംഗ് സാമഗ്രികൾക്കും ഇലക്ട്രിക് ഉപകരണങ്ങൾക്കും നാശം സംഭവിച്ചു. ഏറത്ത് തുവയൂർ വടക്ക് കുഞ്ഞിരവിളയിൽ കാളിയുടെ വീട് തകർന്നു. വീട്ടുകാരെ സമീപത്തെ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. ഏഴുകുളം - പത്തനാപുരം വലിയ തോട് കരകവിഞ്ഞൊഴുകി രണ്ട് വീടുകളിൽ വെള്ളം കയറിയതോടെ ഈ വീട്ടുകാരെ മാറ്റി പാർപ്പിച്ചു. പുതുവൽ പട്ടാറ ഭാഗത്ത് വീടുകളിൽ വെള്ളം കയറിയതോടെ രണ്ട് വീട്ടുകാരെ മാറ്റി പാർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |