SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.12 AM IST

പ്ളസ് വൺ പ്രവേശനത്തിൽ തുല്യനീതി വേണം

vellapally

യോഗനാദം എഡിറ്റോറിയൽ 2021 ഒക്ടോബർ 15 ലക്കം

പ്ളസ് വൺ അഡ്മിഷൻ ലഭിക്കാൻ കണ്ണീരും കൈയ്യുമായി മക്കളെയും കൂട്ടി മാതാപിതാക്കൾ നെട്ടോട്ടമോടുന്ന ദു:ഖകരമായ അവസ്ഥാവിശേഷത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കൊവിഡിന്റെയും ഓൺലൈൻ ക്ളാസുകളുടെയുമൊക്കെ പശ്ചാത്തലത്തിൽ ഉദാരസമീപനം സ്വീകരിച്ചതോടെ ഇക്കുറി​ പത്താംക്ളാസ് വിജയശതമാനം 99.47 ആയി. കഴിഞ്ഞവർഷം ഇത് 98.28 ആയിരുന്നു. 0.65 ശതമാനത്തിന്റെ വർദ്ധന. പക്ഷേ പ്രശ്നം ഫുൾ എ പ്ളസുകാരുടെ എണ്ണം 1,21,318 ആയി ഉയർന്നതാണ്. മുൻവർഷത്തേക്കാൾ മൂന്നി​രട്ടി​യാണി​ത്. 4,21,887 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,19,651 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. നി​ലവി​ൽ സംസ്ഥാനത്ത് ലഭ്യമായത് 3,61,307 സീറ്റുകളാണ്. ആദ്യ അലോട്ട്മെന്റി​ന് ശേഷം തി​രുവനന്തപുരത്തും ആറ് വടക്കൻ ജി​ല്ലകളി​ലും സീറ്റുകൾ വർദ്ധി​പ്പിച്ചപ്പോൾ മൊത്തം സീറ്റുകളുടെ എണ്ണം 3,94,457 ആയി​. ഇതി​ൽ കുറച്ചെണ്ണം സി​.ബി​.എസ്.ഇ, ഐ.സി​.എസ്.ഇ വി​ദ്യാർത്ഥി​കൾക്കും അന്യസംസ്ഥാനത്ത് നി​ന്നുള്ളവർക്കും മാറ്റി​വയ്ക്കേണ്ടി വരും.

ആഗ്രഹിച്ച കോഴ്സിനും സ്കൂളിലും പ്രവേശനം ലഭിക്കാൻ ഫുൾ എ പ്ളസുകാർക്ക് പോലും സാധിക്കാത്തത് കഷ്ടമെന്നേ പറയാനാകൂ. വീടി​നടുത്തുള്ള നല്ല സ്കൂളി​ൽ പ്രവേശനം കി​ട്ടുന്നവർ ഭാഗ്യമുള്ളവരുമാകും.

മക്കൾക്ക് വിദ്യാഭ്യാസം നൽകണമെന്ന ഭ്രാന്തമായ ആവേശം മലയാളികളുടെ രക്തത്തിലുള്ളതാണ്. വിദ്യയാണ് എല്ലാ സമ്പത്തിനെക്കാളും ഉയർന്നതെന്ന് തിരിച്ചറിയാൻ നമുക്ക് പണ്ടേ കഴിഞ്ഞതാണ് അതിന് കാരണം. നി​ലവി​ലെ പ്രതിസന്ധി​ പരി​ഹരി​ക്കപ്പെടണമെങ്കി​ൽ സീറ്റ് കുറവുള്ള മേഖലകളി​ൽ സർക്കാർ കൂടുതൽ ബാച്ചുകൾ അനുവദി​ക്കണം. ഇക്കൊല്ലം താത്കാലികമായി ഇത് അനുവദിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും നടപ്പാകുന്നില്ല. വിജയശതമാനവും മാർക്കും കൂടാനിടയാക്കിയ മാർഗരേഖ തയ്യാറാക്കിയ സർക്കാരിന് ഉന്നതപഠനത്തിന് ഈ കുഞ്ഞുങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കേണ്ട ബാദ്ധ്യതയുമുണ്ട്. സയൻസ് ആഗ്രഹിച്ചിട്ട് കൊമേഴ്സിലോ ഹ്യുമാനിറ്റീസിലോ മറിച്ചോ ഒക്കെ സ്ഥിരപ്രവേശനം നേടാൻ നിർബന്ധിതരായ വളരെയേറെ കുട്ടികളുണ്ട്. അവർക്ക് ഒക്ടോബർ 26 ന് പ്രസിദ്ധീകരിക്കുന്ന, ഒഴിവുണ്ടാകുന്ന സീറ്റുകളിലേക്ക് അപേക്ഷിക്കാനുമാവില്ല. ഇതുപോലുള്ള ബോണസ് മാർക്ക് തുടങ്ങി​ നിരവധി സാങ്കേതിക പ്രശ്നങ്ങൾ പ്രവേശന പ്രക്രിയയിൽ ഉണ്ടായി​ട്ടുണ്ട്. ഇവയെല്ലാം ഇനി ഒറ്റയടിക്ക് പരിഹരിക്കുക എളുപ്പമല്ല. അപേക്ഷകർ അധി​കമുള്ളി​ടത്ത് കൂടുതൽ

ബാച്ചുകൾ അനുവദിക്കുക എന്ന മാർഗമാണ് ഫലപ്രദം. അടി​സ്ഥാന സൗകര്യമുള്ള സർക്കാർ സ്കൂളുകൾക്ക് ഇക്കാര്യത്തി​ൽ പ്രഥമ പരി​ഗണനയും നൽകണം.

പ്ളസ് വൺ പ്രവേശനത്തിൽ മലപ്പുറത്തും മലബാറിലും മാത്രമാണ് വലിയ പ്രതിസന്ധിയെന്ന രീതിയിൽ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നത് നീതിയല്ല. കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും വേദനയെ മേഖല തിരിച്ചു കാണുന്നത് ദു:ഖകരമാണ്. കേരളത്തിന്റെ മറ്റുഭാഗങ്ങളിലും വിശേഷിച്ച് തീരദേശങ്ങളിലും ഇതിലും ഗുരുതരമായ അവസ്ഥയുണ്ട്. അവർക്ക് വേണ്ടി ശബ്ദമുയർത്താൻ നിയമസഭയിൽ ആളില്ലാത്തതുകൊണ്ട് അവരെ അവഗണിക്കുന്ന സമീപനം ശരിയല്ല. ഈ കണ്ണീരു കൂടി കാണാൻ കാണാൻ സർക്കാരും ജനപ്രതിനിധികളും തയ്യാറാകണം.

സുപ്രധാനമായ ഈ പ്രശ്നത്തിൽ ഏറ്റവും വിഷമിക്കുന്നതും കഷ്ടപ്പെടുന്നതും നിരാശരാകാൻ പോകുന്നവരും കേരളത്തിലെ പിന്നാക്ക, ഭൂരിപക്ഷ വിഭാഗങ്ങളാണെന്ന യാഥാർത്ഥ്യവും സർക്കാർ മനസിലാക്കണം.

കേരളത്തിൽ ആകെ 2,078 സ്കൂളുകളിലായി 7,236 ബാച്ചുകളാണ് ലഭ്യം. ഇതി​ൽ 819 സ്കൂളുകളും 2,821 ബാച്ചുകളും മാത്രമാണ് സർക്കാരി​ന്റെ പക്കലുള്ളത്. ബാക്കി​യുള്ളവയി​ൽ ബഹുഭൂരി​ഭാഗവും ന്യൂനപക്ഷ വി​ഭാഗങ്ങളുടെ എയ്ഡഡ് / അൺ​എയ്ഡഡ് മേഖലകളി​ലാണ്. ന്യൂനപക്ഷങ്ങൾക്കാകട്ടെ മാനേജ്മെന്റ് ക്വാട്ടയ്ക്ക് പുറമേ സമുദായ ക്വാട്ടയും ഉണ്ട്. അതി​നർത്ഥം അവസരം നി​ഷേധി​ക്കപ്പെടുന്നവരി​ൽ ഭൂരിഭാഗവും പി​ന്നാക്ക ഹി​ന്ദുക്കളാണെന്ന് പറയേണ്ടി​വരും.

പ്ളസ് വൺ​ പ്രവേശനത്തി​ൽ എയ്ഡഡ് സ്കൂളുകളി​ൽ പി​ന്നാക്കസംവരണം പാലിക്കപ്പെടുന്നി​ല്ലെന്ന വസ്തുത കൂടി​ പരി​ഗണി​ക്കുമ്പോൾ പി​ന്നാക്ക വി​ഭാഗങ്ങൾ നേരി​ടുന്ന പ്രതി​സന്ധി​ ഗുരുതരമായി​ മാറുകയാണ്. ഇത് ഇനി​ കണ്ടി​ല്ലെന്ന് നടി​ക്കാനാവി​ല്ല. ഇക്കാര്യത്തിൽ സർക്കാർ എത്രയും വേഗം ഇടപെടുകയും വേണം.

പ്ളസ് വൺ​ സീറ്റു തേടി​ അലയുന്ന കുട്ടി​കളും രക്ഷിതാക്കളും അനുഭവിക്കുന്ന മനോവിഷമവും കഷ്ടപ്പാടുകളും സർക്കാർ ഗൗരവമായി കാണണം.

പണവും സ്വാധീനവുമില്ലാത്ത കുടുംബങ്ങൾ കണ്ണീരുമായി സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അത് ഇനി​യും വൈകി​പ്പി​ക്കരുത്.

ഇക്കാര്യത്തിൽ ന്യായവും സത്യസന്ധവുമായ സമീപനം അടിയന്തരമായി കൈക്കൊള്ളുകയാണ് ഭംഗി​. ആരു പറഞ്ഞു എന്നതല്ല, എന്തുപറഞ്ഞു എന്ന കാര്യമാണ് പരിഗണിക്കേണ്ടത്.

തീരുമാനം വൈകുന്തോറും അതിന്റെ ഗുണമില്ലാതാകും. കുറഞ്ഞ മാർക്കു കിട്ടിയവർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിച്ചുതുടങ്ങി. ഇല്ലാത്ത പണം സംഘടിപ്പിച്ച് നൽകി ഇവിടങ്ങളിൽ ചേർന്നുകഴിഞ്ഞശേഷം സർക്കാർ സീറ്റ് വർദ്ധിപ്പിച്ചിട്ട് എന്തുകാര്യം.

വിദ്യാഭ്യാസ വകുപ്പ് ഈ പ്രതിസന്ധി പരിഹരിക്കാൻ അവസരത്തിനൊത്ത് ഉയരണം. കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും ആശങ്കകളെ സ്വന്തം വേദനയായി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കരുതുമെന്ന് പ്രതീക്ഷിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPALLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.