SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.13 PM IST

'' ഇടിമുഴക്കം പോലൊരു ശബ്‌ദം .. എല്ലാം പെട്ടെന്ന് കഴിഞ്ഞു..''

Increase Font Size Decrease Font Size Print Page
ttt

കൂട്ടിക്കൽ: 'ഇടി മുഴങ്ങും പോലൊരു ശബ്ദം. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ മാർട്ടിന്റെ വീട് ഒലിച്ചുപോയി. ഒരു മണിക്കൂർ മുമ്പുവരെ തോട്ടിൽ ഉയർന്ന വെള്ളം കാണാൻ അവിടത്തെ പിള്ളാര് വന്നിരുന്നു... ' കൂട്ടിക്കൽ കാവാലിയിൽ ഒരു കുടുംബത്തിലെ ആറുപേരെ ഉരുളെടുത്ത സംഭവം വിവരിക്കുമ്പോൾ അയൽവാസികളായ മുണ്ടക്കൽ അപ്പച്ചനും പുളിക്കൽ തോമാച്ചനും ഭീതിയൊഴിഞ്ഞിട്ടില്ല. മാർട്ടിന്റെ വീടിന്റെ സ്ഥാനത്ത് വെറും മൺകൂനകൾ മാത്രം. അവർ വളർത്തിയിരുന്നവയിൽ ശേഷിച്ച മുപ്പതോളം ആടുകളെ അയൽവീടുകളിലേയ്ക്ക് മാറ്റി.

കൂട്ടിക്കൽ കാവാലി വട്ടാളക്കുന്നേൽ (ഒട്ടലാങ്കൽ) മാർട്ടിൻ (റോയി 48), അമ്മ ക്ലാരമ്മ (73), ഭാര്യ സിനി (37), മക്കളായ സോന (11) സ്‌നേഹ (13), സാന്ദ്ര (9) എന്നിവരാണ് ഉരുൾപൊട്ടലിൽ മരിച്ചത്. രാവിലെ ഏഴരയോടെ ആരംഭിച്ച മഴയെത്തുടർന്ന് വീടിന് താഴെയുള്ള കാവാലിത്തോട്ടിൽ വെള്ളം ഉയരുന്നത് കാണാൻ മൂന്ന് കുട്ടികളും വന്നിരുന്നെന്ന് തോമാച്ചൻ പറഞ്ഞു. ''മഴ കനത്തതോടെ കുട്ടികൾ വീട്ടിലേയ്ക്ക് കയറിപ്പോയി. പ്രദേശത്ത് ഉരുൾപൊട്ടിയതിനാൽ പാരീഷ് ഹാളിലേയ്ക്ക് മാറാൻ വികാരിയച്ചൻ നിർദേശിച്ചിരുന്നെങ്കിലും പ്രശ്നമുണ്ടാവില്ലെന്നായിരുന്നു മാർട്ടിന്റെ വിശ്വാസം. മാറിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു...'' വാക്കുകൾ മുഴുവിപ്പിക്കാൻ തോമാച്ചനായില്ല.

കാഞ്ഞിരപ്പള്ളിയിലെ പെയിന്റ് കടയിൽ ജീവനക്കാരനാണ് മാർട്ടിൻ. കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ കഴിയുമ്പോഴായിരുന്നു അമ്പത് മീറ്ററിന് മുകളിൽ നിന്ന് മണ്ണ് കുത്തിയൊലിച്ച് വന്നത്. ക്ളാരമ്മയുടേയും സിനിയുടേയും സോനയുടെയും മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇന്നലെ രാവിലെയാണ് മറ്റ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്താനായത്. പോസ്റ്റുമോർട്ടത്തിന് ശേഷം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ സംസ്കാരത്തിനായി പാലക്കാട്ടെ ബന്ധുവീട്ടിലേയ്ക്ക് കൊണ്ടുപോകും.

TAGS: FLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY