SignIn
Kerala Kaumudi Online
Thursday, 26 May 2022 3.26 AM IST

മരണമോ തടവോ കഠിനം ?

sooraj

ആസൂത്രണത്തിലെ വൈദഗ്ദ്ധ്യം കൊണ്ട് വ്യത്യസ്തവും അതിക്രൂരവുമായ ഒരു കൊലപാതകക്കേസിൽ കേരളം കാതോർത്തിരുന്ന വിധിയാണ് ഒക്ടോബർ 14 വ്യാഴാഴ്ച കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ നിന്നുണ്ടായത്. അഞ്ചൽ സ്വദേശിനി ഉത്രയെന്ന 25 കാരിയെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയും ഭർത്താവുമായ സൂരജ് (28) 17 വർഷത്തെ കഠിനതടവും തുടർന്ന് ഇരട്ട ജീവപര്യന്തവും അനുഭവിക്കണമെന്നും 5.85 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും ശിക്ഷ വിധിച്ചത് കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജി എം. മനോജാണ്. 17 വർഷത്തെ കഠിനതടവ് അനുഭവിച്ച ശേഷമാകും ഇരട്ട ജീവപര്യന്തം ആരംഭിക്കുക. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നുണ്ടെങ്കിലും ഫലത്തിൽ സൂരജിന് ജീവിതാന്ത്യം വരെ ജയിലിൽ കഴിയേണ്ടിവരും. പ്രതിയ്‌ക്ക് വധശിക്ഷ തന്നെ നൽകേണ്ടിയിരുന്നെന്ന് ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും പൊതുസമൂഹത്തിലെ വലിയൊരു ശതമാനവും അഭിപ്രായപ്പെട്ടു. എന്നാൽ സൂരജിന് ലഭിച്ച ശിക്ഷ മരണശിക്ഷയെക്കാൾ ഭയാനകമെന്ന് കാര്യകാരണങ്ങൾ സഹിതം വിശദീകരിക്കുന്നവരുമുണ്ട്. സമാനമായ കേസുകൾ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെങ്കിലും ഒരു കൊലപാതകക്കേസിൽ പ്രതിയ്ക്ക് ഇത്തരമൊരു ശിക്ഷ ലഭിക്കുന്നതും അത്യപൂർവമാണ്.

കാപ്പിറ്റൽ പണിഷ്മെന്റും

സുപ്രീം കോടതിയും

കേരളം ഒന്നടങ്കം ഉത്‌കണ്ഠയോടെ കാത്തിരുന്ന കേസിന്റെ വിധി സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്. അത്യന്തം ക്രൂരമായി നടത്തിയ കൊലപാതകത്തിലെ പ്രതിക്ക് കാപ്പിറ്റൽ പണിഷ്മെന്റായ വധശിക്ഷ തന്നെ നൽകേണ്ടിയിരുന്നുവെന്നാണ് സമൂഹത്തിലെ നല്ലൊരു വിഭാഗവും ഉത്രയുടെ കുടുംബവും ആഗ്രഹിച്ചത്. അതേസമയം ലഭിച്ച ശിക്ഷ വധശിക്ഷയെക്കാൾ ഭയാനകമെന്നാണ് നിയമവൃത്തങ്ങൾ പ്രതികരിച്ചത്. പ്രതി സൂരജിന് വധശിക്ഷ നൽകണമെന്ന് കോടതിയിൽ വാദിച്ച പ്രോസിക്യൂഷനും വിധിയിൽ സംതൃപ്തി പ്രകടിപ്പിച്ചു. ഭാര്യയെ കൊല്ലുകയെന്ന നിന്ദ്യവും ഭയാനകവുമായ കുറ്റകൃത്യം നിർവഹിക്കാൻ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയെന്ന ക്രൂരവും ഗൂഢവുമായ മാർഗം തിരഞ്ഞെടുത്തു. സമാനതകളില്ലാത്ത ദുഷ്ടതയാണ് സൂരജിന്റെ പ്രവൃത്തിയെന്നാണ് ഉത്ര വധക്കേസിന്റെ വിധിന്യായത്തിൽ ജഡ്ജി എം. മനോജ് ചൂണ്ടിക്കാട്ടിയത്.

അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും വാദിച്ച പ്രോസിക്യൂഷൻ ഇങ്ങനെയൊരു പ്രതിക്ക് മാനസാന്തരത്തിന് സാദ്ധ്യതയില്ലെന്നും വാദിച്ചു. എന്നാൽ വധശിക്ഷ വിധിക്കാനുള്ള സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് സുപ്രീം കോടതി വിധികൾ ചൂണ്ടിക്കാട്ടിയാണ് കോടതി വിശദീകരിച്ചത്. സൂരജിന് 28 വയസ് പ്രായമേ ഉള്ളുവെന്നും മുൻപ് ക്രിമിനൽ കേസുകളിലൊന്നും ഉൾപ്പെട്ടിരുന്നില്ലെന്നതും വധശിക്ഷ ഒഴിവാക്കാനുള്ള കാരണമായി കോടതി പരിഗണിച്ചു. അപൂർവങ്ങളിൽ അപൂർവമെന്ന സാഹചര്യമില്ല. പ്രതിയെ തൂക്കിലേറ്റിയില്ലെങ്കിൽ സമൂഹത്തിനാകെ ഭീഷണിയാകുമെന്ന സാഹചര്യമില്ല. പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള സാദ്ധ്യത ഇല്ലെന്ന് പറയാനുമാകില്ല. ഹീനമായ കുറ്റകൃത്യമാണെങ്കിലും ജീവപര്യന്തം തടവാണ് നീതിയോട് ഏറ്റവും ചേർന്നു നിൽക്കുന്നതെന്നും വിലയിരുത്തി.

ഉത്രയ്ക്ക് നീതി ലഭിച്ചോ ?​

അഞ്ചൽ ഏറം 'വിഷു" വിൽ (വെള്ളശ്ശേരിൽ) വിജയസേനൻ- മണിമേഖല ദമ്പതികളുടെ മകൾ ഉത്രയെ അടൂർ പറക്കോട് കാരയ്ക്കൽ 'ശ്രീസൂര്യ"യിൽ സൂരജ് എസ്. കുമാർ വിവാഹം ആലോചിക്കുമ്പോൾ ഉത്രയ്ക്ക് അല്പം ഭിന്നശേഷിയുള്ള കാര്യം വീട്ടുകാർ സൂരജിനെയും കുടുംബത്തെയും അറിയിച്ചിരുന്നു. ആവശ്യത്തിലധികം സ്വർണവും പണവും സ്ത്രീധനമായി നൽകിയപ്പോൾ മകളുടെ സന്തോഷം മാത്രമാണ് വീട്ടുകാർ ആഗ്രഹിച്ചത്. എന്നാൽ സൂരജിന് പണത്തിനും സ്വത്തിനോടുമുള്ള അത്യാർത്തി മൂത്തു. എന്തിനും ഏതിനും ഉത്രയുടെ വീട്ടുകാരോട് സൂരജ് പണം ആവശ്യപ്പെട്ടപ്പോൾ മകളുടെ നല്ലജീവിതത്തെ കരുതി അവർ അതെല്ലാം നൽകി. ഭാരിച്ച സ്വത്ത് കൈവശപ്പെടുത്താൻ ഭാര്യയെ ഇല്ലാതാക്കി പുതിയൊരു വിവാഹം ചെയ്യാനുള്ള ‌വഴിവിട്ട ചിന്തയും പ്രവ‌ൃത്തികളുമാണ് ഒരു പാവം പെൺകുട്ടിയുടെ ജീവൻ പാമ്പിനെ ഉപയോഗിച്ച് കവർന്നെടുക്കുന്നതിൽ കലാശിച്ചത്. ആദ്യം അണലിയെക്കൊണ്ട് കടിപ്പിച്ചെങ്കിലും ഉത്ര മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്നാണ് തന്ത്രപരമായി ഉത്രയുടെ വീട്ടിൽവച്ചു തന്നെ ഉത്രയെ മൂർഖനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. മാപ്പർഹിക്കാത്ത കൊടുംക്രൂരതയാണിതെന്നാണ് സൂരജിന് വധശിക്ഷ തന്നെ നൽകേണ്ടിയിരുന്നുവെന്ന് വാദിക്കുന്നവരുടെ നീതിശാസ്ത്രം. പ്രതിയ്‌ക്ക് വധശിക്ഷ നല്‌കുന്നതിലൂടെ മാത്രമേ ഉത്രയ്ക്ക് നീതി ലഭിക്കൂ എന്ന് വിശ്വസിക്കുന്നവരാണവർ.

വധശിക്ഷയാണ് തങ്ങൾ പ്രതീക്ഷിച്ചതെന്നും ഇപ്പോഴത്തെ വിധിയിൽ തങ്ങൾ തൃപ്തരല്ലെന്നും വിധിയ്ക്കെതിരെ അപ്പീൽ നൽകണമെന്നുമാണ് ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും പ്രതികരിച്ചത്.

വധശിക്ഷയെക്കാൾ ഭീകരം

പ്രതിയ്‌ക്ക് ലഭിച്ച ശിക്ഷ വധശിക്ഷയെക്കാൾ ഭീകരമെന്നാണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് അഭിപ്രായപ്പെട്ടത്. നിയമത്തിന്റെ പരിധിയിൽ നിന്ന് ചിന്തിച്ചാൽ വധശിക്ഷയെക്കാൾ കഠിനമായ ശിക്ഷയാണ് പ്രതി അനുഭവിക്കേണ്ടി വരിക. വധശിക്ഷ ഒഴികെയുള്ള എല്ലാ വകുപ്പുകൾ പ്രകാരവും പ്രതിയെ ശിക്ഷിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം 328 (വിഷവസ്തു ഉപയോഗിച്ചുള്ള കൊലപാതകം. 10 വർഷം തടവും 25,000 രൂപ പിഴയും), 201 (തെളിവ് നശിപ്പിക്കൽ. ഏഴ് വർഷം തടവും 10,000 രൂപ പിഴയും) പ്രകാരം 17 വർഷത്തെ ശിക്ഷ ആദ്യം അനുഭവിക്കണം. ഇതിനു ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. 302 (കൊലപാതകം. ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷവും പിഴയും.) 307 (വധശ്രമം. ജീവപര്യന്തം ശിക്ഷയും 50,000 രൂപ പിഴയും) ജീവപര്യന്തമെന്നാൽ ജീവിതാവസാനം വരെ തടവാണെന്ന് സുപ്രീം കോടതി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ സർക്കാർ ഇളവ് നൽകിയാൽ മാത്രമേ ശിക്ഷയിൽ ഇളവ് ലഭിക്കൂ. പരോൾ ലഭിക്കാനും പൊലീസിന്റെ സമ്മതപത്രം വേണം. ജീവിതകാലം മുഴുവൻ ജയിലറയ്ക്കുള്ളിലെ അസ്വാതന്ത്ര്യം അനുഭവിച്ച് ഇഞ്ചിഞ്ചായി മരിക്കുന്നതും ഒരു നിമിഷം കൊണ്ട് ജീവനെടുക്കുന്ന തൂക്കിക്കൊലയും തമ്മിൽ വ്യത്യാസമുണ്ട്. ചെയ്ത തെറ്റിന്റെ ആഴവും കാഠിന്യവും അറിഞ്ഞ് പശ്ചാത്തപിക്കാനുള്ള അവസരം കൂടിയാണ് ജീവപര്യന്തം ശിക്ഷയിലൂടെ പ്രതിക്ക് നൽകുന്നത്. കീഴ് കോടതി വധശിക്ഷയ്ക്ക് വിധിച്ചാൽ അപ്പീൽ കോടതികൾ അത് ശരിവയ്ക്കണമെന്നില്ല. ഇതുകൂടി മുൻകൂട്ടി കണ്ടുള്ളതാകാം ജില്ലാ അഡിഷണൽ സെഷൻസ് ജഡ്ജിയുടെ വിധിന്യായമെന്നാണ് താൻ കരുതുന്നതെന്നും മോഹൻരാജ് പറഞ്ഞു. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്ക് വിധിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അയാളെ ഇതുവരെ തൂക്കിലേറ്റിയിട്ടില്ലെന്നതും എടുത്തു പറയേണ്ടതാണ്. ഇത്തരം കേസുകളിലെ പ്രതികൾക്ക് ജയിലിൽ മറ്റു പ്രതികൾക്ക് നൽകുന്ന ഇളവുകൾ നൽകരുതെന്ന അഭിപ്രായമുള്ളവരും ഏറെയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOLLAM DIARY, UTHRA CASE
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.