മയ്യിൽ(കണ്ണൂർ): കുറ്റ്യാട്ടൂർ മാമ്പഴത്തിന് ഭൗമസൂചിക പദവി ലഭിച്ചതോടെ ഇവിടുത്തെ കർഷകർക്ക് കയറ്റുമതി വഴി മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുറ്റ്യാട്ടൂർ ഗ്രാമം. പഞ്ചായത്തിലെ മാങ്ങ കർഷകർക്കാവശ്യമായ സാമ്പത്തിക സഹായവും വർദ്ധിക്കും. ക്ലസ്റ്റർ രൂപീകരിച്ചുള്ള പ്രവർത്തനം വഴി മാങ്ങ ഉത്പാദനത്തിലും വിപണനത്തിലും വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും ഇവരുടെ പ്രതീക്ഷയാണ്.
മാങ്ങയെന്നാൽ കുറ്റ്യാട്ടൂർ കഴിഞ്ഞേയുള്ളൂ കണ്ണൂരുകാർക്ക്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 200 ഹെക്ടറിൽ പരന്നു കിടന്നിരുന്ന ആ മാമ്പഴ സമൃദ്ധിക്ക് ഭൗമ സൂചികപദവി. ജില്ലയിൽ നിന്നുള്ള ഏഴോം നെല്ലിന് ഭൗമസൂചിക പട്ടികയിൽ ഇടംനേടിയതിനു പിന്നാലെയാണ് കുറ്റ്യാട്ടൂർ മാങ്ങയും ദേശസൂചിക രജിസ്ട്രേഷനിലേക്ക് ഇടം നേടിയത്.
കുറ്റ്യാട്ടൂർ പഞ്ചായത്ത്, കൃഷി വകുപ്പ്, കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസേഴ്സ് കമ്പനി എന്നിവയുടെ നേതൃത്വത്തിൽ വർഷങ്ങളായി പദവി ലഭിക്കുന്നതിനുള്ള പരിശ്രമം തുടരുകയായിരുന്നു. കേരളത്തിന്റെ കൂടുതൽ കാർഷികോത്പന്നങ്ങൾ ഭൗമ സൂചികാ രജിസ്ട്രിയിൽ ഉൾപ്പെടുത്തുന്നതിനുള്ള ഭാഗമായാണ് കുറ്റ്യാട്ടൂർ മാങ്ങയ്ക്കും ഭൗമ സൂചിക പദവി ലഭിച്ചത്.
ഈ മാമ്പഴം കുറ്റ്യാട്ടൂർ, കൂടാളി, കുഞ്ഞിമംഗലം, മയ്യിൽ, ആറളം, മുണ്ടേരി എന്നി പഞ്ചായത്തുകളിലായി 350 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. നമ്പ്യാർ മാങ്ങ എന്നപേരിലും ഈ മാങ്ങ അറിയപ്പെടുന്നുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്ന കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് രജിസ്ട്രേഷൻ ലഭിച്ചതോടെ മറ്റ് ദേശങ്ങളിലും വിപണി ലഭ്യമാകും.
കൂടുതൽ നാരുകളുള്ള ഇനം
കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെൽ ജി.ഐ രജിസ്ട്രാർ മുഖേനയാണ് കുറ്റ്യാട്ടൂർ മാമ്പഴത്തിന് ഭൗമസൂചിക പദവി ലഭിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാങ്ങ ഉത്പാദിപ്പിക്കുന്ന ആന്ധ്രാപ്രദേശിൽ നടത്തിയ ഗവേഷണത്തിലാണ് മാങ്ങയുടെ കൂടുതൽ ഗുണഫലങ്ങൾ പുറം ലോകം അറിഞ്ഞത്. കുറ്റ്യാട്ടൂർ ഇനം മാമ്പഴം കൂടുതൽ നാരുകൾ ഉള്ളതും നല്ല മധുരമുള്ളതുമാണ്. ഒരു മാങ്ങ ഏകദേശം നാനൂറു മുതൽ 600 ഗ്രാം വരെ തൂക്കമുണ്ടാകും.
'കേന്ദ്ര ഭൗമസൂചിക രജിസ്ട്രേഷൻ കമ്മിറ്റിക്ക് മുമ്പിൽ കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ സവിശേഷതകളും പ്രത്യേകതകളും അവതരിപ്പിക്കുകയും റിപ്പോർട്ടും സമർപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ വിശദമായി പഠിക്കുകയും മാങ്ങയുടെ ഗുണമേന്മകൾ പരിശോധിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് കുറ്റ്യാട്ടൂർ മാമ്പഴത്തിനു ഭൗമ സൂചിക പദവി നൽകിയിട്ടുള്ളത്. '
കെ.കെ. ആദർശ്, കൃഷി ഓഫീസർ, കുറ്റ്യാട്ടൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |