വാഷിംഗ്ടൺ: പ്രമുഖ സമൂഹമാദ്ധ്യമമായ ഫേസ്ബുക്ക് പേരുമാറ്റാൻ ഒരുങ്ങുന്നതായി അമേരിക്കൻ ടെക്നോളജി ഓൺലൈൻ മാദ്ധ്യമമായ വെർജ് റിപ്പോർട്ട് ചെയ്തു. 28ന് നടക്കുന്ന വാർഷിക കണക്ട് യോഗത്തിൽ കമ്പനി മേധാവി മാർക്ക് സക്കർബർഗ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
കമ്പനിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് അമേരിക്കൻ സർക്കാർ സൂക്ഷ്മ പരിശോധന ആരംഭിച്ചതോടെണിതെന്നാണ് വിവരം. അമേരിക്കയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഫേസ്ബുക്കിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചിരുന്നു.
സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായി സിലിക്കൺവാലിയിലെ ടെക് കമ്പനികൾ പേര് മാറ്റാറുണ്ട്.
പേര് മാറ്റുന്നതോടെ ഫേസ്ബുക്ക് ആപ്പും, വാട്സാപ്, ഇൻസ്റ്റഗ്രാം, ഒക്യുലസ് എന്നിവയെപ്പോലെ മാതൃകമ്പനിക്ക് കീഴിൽ വരും. ഫേസ്ബുക്ക് പ്ലാറ്റഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാൽ പേരുമാറ്റം ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ല.