SignIn
Kerala Kaumudi Online
Saturday, 27 April 2024 4.34 AM IST

100 കോടി ഡോസ് വാക്സിനേഷൻ ; കരുത്തിന്റെ കൈയൊപ്പുമായി ടീം ഇന്ത്യ

vaccination

അതിവേഗം പരിവർത്തനത്തിന് വിധേയമാകുന്ന അജ്ഞാത ശത്രുവിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണ് ഇന്നലെ 100 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി ഇന്ത്യ കൈവരിച്ച നേട്ടം. 100 വർഷത്തിന് ശേഷം 2020 ന്റെ തുടക്കത്തിൽ മനുഷ്യൻ പകർച്ചവ്യാധിയെ നേരിട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്.

വൈറസ് അജ്ഞാതവും അദൃശ്യവുമായി തുടരുമ്പോഴും ലോകത്തിലെ ഏ​റ്റവും വലിയ പ്രതിരോധ കുത്തിവയ്പ് പദ്ധതിയിലൂടെ ഉത്കണ്ഠകളെ വകഞ്ഞുമാറ്റി നാം മുന്നോട്ടു കുതിച്ചു. വാക്‌സിനേഷൻ ആരംഭിച്ച് ഏകദേശം ഒൻപത് മാസത്തിനുള്ളിൽ 100 കോടി ഡോസുകൾ പൂർത്തിയാക്കിയത് കൊവിഡ് പ്രതിരോധത്തിൽ നിർണായകമാണ്. സമൂഹത്തിലെ നിരവധി വിഭാഗങ്ങൾ കൂട്ടായി നടത്തിയ യഥാർത്ഥ ഭഗീരഥ പ്രയത്നമാണിത്. അവിശ്വാസവും പരിഭ്രാന്തിയും സൃഷ്ടിക്കാൻ പലരും ശ്രമിച്ചിട്ടും വാക്‌സിനിൽ ജനങ്ങൾക്കുള്ള വിശ്വാസവും ആരോഗ്യപ്രവർത്തകരുടെ കൂട്ടായ ശ്രമവുമാണ് വിജയം കൈവരിക്കാൻ തുണയായത്.

വിദേശബ്രാൻഡുകളെ വിശ്വസിക്കുന്നവർ പോലും കൊവിഡ് വാക്സിന്റെ കാര്യം വന്നപ്പോൾ ഏകകണ്ഠമായി 'മെയ്ഡ് ഇൻ ഇന്ത്യ' വാക്‌സിനുകളെ വിശ്വസിച്ചു. ഇതു നിർണായക പരിവർത്തനമാണ്. പൊതുലക്ഷ്യത്തിനായി പൗരന്മാരും സർക്കാരും ഒത്തുചേർന്നാൽ ഇന്ത്യയ്‌ക്ക് ഏതു ലക്ഷ്യവും കൈവരിക്കാനാകുമെന്ന് തെളിഞ്ഞു. വാക്സിനേഷൻ തുടങ്ങിയപ്പോൾ 130 കോടി ഇന്ത്യക്കാർക്ക് അതു നൽകാൻ 34 വർഷം എടുക്കുമെന്ന് സംശയിച്ചവരുണ്ട്. ആളുകൾ മുന്നോട്ട് വരില്ലെന്ന് മ​റ്റു ചിലർ പറഞ്ഞു. വാക്‌സിനേഷൻ പ്രക്രിയയിൽ ഗുരുതരമായ കെടുകാര്യസ്ഥതയും അരാജകത്വവും ആരോപിച്ചവരുമുണ്ട്. വാക്സിൻ വിതരണ ശൃംഖലകൾ കൈകാര്യം ചെയ്യാനാകില്ലെന്നും ചിലർ പറഞ്ഞു. ജനതാ കർഫ്യൂവും തുടർന്നുള്ള ലോക്ക്ഡൗണുകളും പോലെ ജനങ്ങളെ വിശ്വാസത്തിലെടുത്താൽ നല്ല ഫലം കിട്ടുമെന്നതിന് വാക്സിനേഷനും തെളിവായി.

എല്ലാവരും സ്വയം ഉത്തരവാദിത്തം ഏ​റ്റെടുക്കുമ്പോൾ, ഒന്നും അസാദ്ധ്യമല്ല. ആരോഗ്യ പ്രവർത്തകർ കുന്നുകളും നദികളും താണ്ടിയാണ് കുത്തിവയ്‌പ് നൽകിയത്. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്സിനോടുള്ള സംശയം ഇന്ത്യയിൽ കുറവാണെന്നത് വലിയ കാര്യമാണ്. മുൻഗണന നൽകണമെന്ന് പലദിക്കിൽ നിന്നും സമ്മർദ്ദങ്ങളുണ്ടായെങ്കിലും സർക്കാരിന്റെ മ​റ്റ് പദ്ധതികളെപ്പോലെ കുത്തിവയ്‌പിലും വി.ഐ.പി സംസ്‌കാരം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുവരുത്തി.

2020 ൽ ലോകമെമ്പാടും കൊവിഡ് ആഞ്ഞടിച്ചപ്പോൾ വാക്‌സിനുകളുടെ അനിവാര്യത മനസിലാക്കി ഞങ്ങൾ നേരത്തെ തയ്യാറെടുപ്പ് തുടങ്ങി. വിദഗ്ദ്ധ ഗ്രൂപ്പുകൾ രൂപീകരിച്ച് 2020 ഏപ്രിൽ മുതൽ ഒരു രൂപരേഖ തയ്യാറാക്കി. ഏതാനും രാജ്യങ്ങൾ മാത്രമാണ് നിലവിൽ സ്വന്തമായി വാക്‌സിൻ വികസിപ്പിച്ചത്. 180 ലധികം രാജ്യങ്ങൾ മറ്റുള്ളവരെ ആശ്രയിക്കുന്നു. വാക്‌സിനുകളുടെ വിതരണത്തിനായി ഇപ്പോഴും കാത്തിരിക്കുന്ന രാജ്യങ്ങളുണ്ട്.

ഇന്ത്യയ്ക്ക് സ്വന്തമായി ഒരു വാക്‌സിൻ ഇല്ലായിരുന്നെങ്കിൽ വലിയ ജനസംഖ്യയ്ക്ക് ആവശ്യമായ കുത്തിവയ്പ് നൽകാൻ കഴിയുമായിരുന്നില്ല. ഇവിടെയാണ് അവസരത്തിനൊത്ത് ഉയർന്ന ഇന്ത്യൻ ശാസ്ത്രജ്ഞരും സംരംഭകരും അഭിനന്ദനം അർഹിക്കുന്നത്. വാക്‌സിനുകളിൽ ഇന്ത്യ ശരിക്കും ആത്മനിർഭർ ആകുന്നത് അവരുടെ കഴിവും കഠിനാദ്ധ്വാനവും കാരണമാണ്. വലിയ ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേ​റ്റാനാകുമെന്ന് വാക്‌സിൻ നിർമ്മാതാക്കളും തെളിയിച്ചു.

സർക്കാരുകൾ പുരോഗതിയെ തടസപ്പെടുത്തുന്നവർ എന്ന ആരോപണം നേരിട്ട രാജ്യത്ത് കുതിപ്പും പ്രാപ്തിയും ഉണ്ടാക്കുന്ന സർക്കാരാണ് ഇന്നുള്ളത്. സർക്കാർ ആദ്യ ദിവസം മുതൽ വാക്‌സിൻ നിർമ്മാതാക്കളുമായി പങ്കാളിത്തം സ്ഥാപിച്ച് ഗവേഷണം, ധനസഹായം തുടങ്ങിയ പിന്തുണ ഉറപ്പാക്കി. എല്ലാ മന്ത്രാലയങ്ങളും ഒത്തുചേർന്ന് തടസങ്ങൾ ഒഴിവാക്കി.

ഉത്പാദിപ്പിക്കുന്ന വാക്സിനുകൾ ഇന്ത്യയെ പോലുള്ള വലിയൊരു രാജ്യത്ത് കൃത്യമായി എത്തിക്കാനും അതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. വാക്‌സിൻ വയലുകൾ( ചെറുകുപ്പികൾ ) പൂനെയിലോ ഹൈദരാബാദിലോ ഉള്ള ഒരു പ്ലാന്റിൽ നിന്ന് സംസ്ഥാനത്തെ ഒരു ഹബ്ബിലേക്ക് അയയ്ക്കുന്നു, അവിടെ നിന്ന് ജില്ലാ ഹബ്ബിലും പിന്നീട് ഒരു വാക്‌സിനേഷൻ കേന്ദ്രത്തിലും എത്തും. വിമാനങ്ങളും ട്രെയിനുകളും ആയിരക്കണക്കിന് ട്രിപ്പുകൾ നടത്തിയാണ് ഇതു സാദ്ധ്യമാക്കുന്നത്. ഈ യാത്രയിലുടനീളം, താപനില ക്രമീകരിച്ച് നിലനിറുത്താൻ ഒരു ലക്ഷത്തിലധികം കോൾഡ് ചെയിൻ ഉപകരണങ്ങൾ ഉപയോഗിച്ചു. വാക്‌സിനുകളുടെ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളെ മുൻകൂട്ടി അറിയിച്ചു. അങ്ങനെ അവർക്ക് മുൻകൂട്ടി ആസൂത്രണം ചെയ്യാനും വാക്സിനുകൾ എത്തിക്കാനും കഴിഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അത്യപൂർവമായ ഒരു നടപടിയാണിത്.

കോവിൻ പോർട്ടലിലെ കരുത്തു​റ്റ സാങ്കേതിക പ്ലാ​റ്റ്‌ഫോം വാക്‌സിനേഷൻ നടപടികളുടെ ഗതി കൃത്യമായി ട്രാക്ക് ചെയ്തു. തുല്യത ഉറപ്പാക്കി. പക്ഷപാതിത്വം ഒഴിവാക്കാനും മുൻഗണന ഉറപ്പാക്കാനും സാധിച്ചു. ഒരു പാവപ്പെട്ട തൊഴിലാളിക്ക് സ്വന്തം ഗ്രാമത്തിൽ ആദ്യത്തെ ഡോസും ജോലി ചെയ്യുന്ന നഗരത്തിൽ രണ്ടാമത്തെ ഡോസും എടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കി. ക്യൂആർ കോഡ് സർട്ടിഫിക്ക​റ്റുകൾ പരിശോധനാക്ഷമത ഉറപ്പുവരുത്തി. ലോകത്തിന് തന്നെ ഇതൊരു മാതൃകയാണ്.

നമ്മുടെ രാജ്യം മുന്നേറുന്നത് '130 കോടി ജനങ്ങൾ അടങ്ങിയ ടീം ഇന്ത്യ' മൂലമാണെന്ന് 2015 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഞാൻ പറഞ്ഞിരുന്നു. ജനങ്ങളുടെ പങ്കാളിത്തമാണ് ജനാധിപത്യത്തിന്റെ ഏ​റ്റവും വലിയ ശക്തി. 130 കോടി ഇന്ത്യക്കാർ ഒന്നിച്ചു നീങ്ങിയാൽ രാജ്യം ഓരോ നിമിഷവും 130 കോടി ചുവടുകൾ മുന്നോട്ട് വയ്‌ക്കും. കൊവിഡ് കുത്തിവയ്പ് ഈ 'ടീം ഇന്ത്യയുടെ' ശക്തി വീണ്ടും തെളിയിച്ചു. ജനാധിപത്യ രാജ്യത്തിന് ഇതും സാധിക്കുമെന്നും നാം കാണിച്ചു കൊടുത്തു. ലോകത്തിലെ ഏ​റ്റവും വലിയ വാക്‌സിനേഷൻ നടപടിയിലൂടെ നേടിയ വിജയം ജനസേവനത്തിന്റെ പുതിയ മുഖങ്ങൾ സൃഷ്ടിക്കാൻ പ്രേരകമാകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINATION 100 CRORE IN INDIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.