പാലക്കാട്: മാലിന്യനീക്കം സുഗമമാക്കാൻ 'സ്മാർട്ട് ഗാർബേജ് ' മൊബൈൽ ആപ്പുമായി ഹരിത കേരള മിഷൻ. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മസേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനായാണ് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സ്മാർട്ട് ആപ്പ് തയ്യാറാക്കിയത്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും അതിലെ ഓരോ വാർഡുകളിൽ നിന്നും അതിലെ ഓരോ വീട്ടിൽ നിന്നും ശേഖരിച്ച അജൈവ പാഴ്വസ്തുക്കൾ എത്രയെന്നും, അവയുടെ സംസ്കരണം എങ്ങനെയെന്നുമുള്ള കാര്യം ഇതിലൂടെ മനസിലാക്കാം. ആപ്പ് ഇൻസ്റ്റാൾ ചെയ്തശേഷം വീടുകളിൽ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ക്യൂ ആർ കോഡുകളുടെ സഹായത്തോടെയാണ് വിവരം ശേഖരിക്കുക. ഓരോ വീടുകളിൽ എത്തുന്ന ഹരിത കർമ്മസേനാ അംഗങ്ങൾ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് വിവരം ശേഖരിക്കും.
ഓരോ സ്ഥലത്തുനിന്നും ശേഖരിച്ച പാഴ് വസ്തുക്കളുടെ അളവ്, ശേഖരിച്ച തീയതി, സംസ്കരണം, യൂസർ ഫീ തുടങ്ങിയ വിവരങ്ങൾ ആപ്പിലൂടെ കൃത്യമായി രേഖപ്പെടുത്തും. ഈ പ്രക്രിയ വഴി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട സംസ്ഥാനതല ജില്ലാതല സർക്കാർ സംവിധാനങ്ങൾക്കും പാഴ്വസ്തുശേഖരണ സംസ്കരണ പ്രവർത്തനങ്ങളുടെ പുരോഗതി കൃത്യമായി അറിയാൻ കഴിയും.
ദിവസേനയുള്ള കണക്ക് ആപ്പിൽ രേഖപ്പെടുത്തും
ഓരോ പ്രദേശത്തും ഉണ്ടാകുന്ന മാലിന്യം, ശേഖരിച്ചത്, സംസ്കരിക്കുകയും നിർമ്മാർജനം ചെയ്തത് എന്നിവയുടെ കണക്ക് അതത് ദിവസങ്ങളിൽ ആപ്പിൽ രേഖപ്പെടുത്തും. ഇതുവഴി ജില്ലയിലെ മാലിന്യ സംസ്കരണത്തിന്റെ പുരോഗതി കൃത്യമായി അറിയാൻ അധികൃതർക്ക് കഴിയും.
ആപ്പിന്റെ ഗുണം
1.മാലിന്യ സംസ്കരണ പുരോഗതി വിലയിരുത്താം
2.മാലിന്യ ശേഖരണം കൃത്യമായി നടക്കും
3.ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഏകോപിപ്പിക്കാം
4.മാലിന്യം നൽകാത്ത വീടുകളെ തിരിച്ചറാം
ജില്ലയിൽ 2022 പുതുവർഷത്തിൽ തന്നെ ആപ്പ് പ്രവർത്തനക്ഷമമാക്കും. സർക്കാരിന്റെ അംഗീകാരത്തോടെ ശുചിത്വ പദവിനേടിയ തദ്ദേശഭരണ സ്ഥാപനങ്ങളിലും, ഒ.ഡി.എഫ്. പ്ലസ് പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലുമാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങൾക്കുവേണ്ടി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ഹരിത കർമ്മസേനകൾക്ക് ആവശ്യമായ സ്മാർട്ട്ഫോണുകൾ, സ്പ്രിംഗ് ബാലൻസ്, ലാപ്ടോപ്പുകൾ എന്നിവ ഉടൻ വിതരണം ചെയ്യും.
- വൈ. കല്ല്യാണകൃഷ്ണൻ, ഹരിത കേരളം മിഷൻ, ജില്ലാ കോ- ഓഡിനേറ്റർ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |