കൊച്ചി: പന്ത്രണ്ടു വർഷം മുമ്പ് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള റെയിൽപ്പാതയുടെ കൂറ്റൻ തുണുകൾ കെട്ടിപ്പൊക്കാൻ കായലിൽ ഒരുക്കിയ താത്കാലിക ബണ്ട് ഇനിയും പൊളിച്ചുനീക്കാത്തത് കൊച്ചിയെ വീണ്ടും പ്രളയത്തിൽ മുക്കുമെന്ന് ആശങ്ക. വർഷങ്ങളായി ഇവിടെ വന്നടിയുന്ന മണ്ണും ചെളിയും കൂടി ചേർന്നതോടെ മൂന്നു കിലോമീറ്ററോളം വരുന്ന തടയണപോലെയായി. ബോട്ടുകൾക്കും വളങ്ങൾക്കും കടന്നുപോകാൻ കഴിയുന്നില്ല. നീരൊഴുക്ക് പേരിനുമാത്രം.
ബണ്ട് നീക്കിയില്ലെങ്കിൽ അഴിമുഖത്ത് നിന്ന് 50 കിലോമീറ്റർ വ്യാപ്തിയിൽ ഗുരുതരമായ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടെന്ന് സർക്കാരിനും കോടതിക്കും ഈ വർഷം ജനുവരിയിൽ ജലവിഭവ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.
2018ലെ പെരിയാറിലെ പ്രളയം ആലുവ, പറവൂർ മേഖലകളെ മുക്കിയതിന് പിന്നിൽ ഈ ബണ്ടാണെന്ന് വിദഗ്ദ്ധർ വിലയിരുത്തിയിരുന്നു. എന്നിട്ടും പൊളിക്കേണ്ടത് ആരെന്ന തർക്കം തുടരുകയാണ് റെയിൽവേയും മേൽപ്പാലം കരാറുകാരായ അഫ്‌കോൺസും. റെയിൽവേയാണ് പൊളിക്കേണ്ടതെന്ന് ജലവിഭവവകുപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, നിർമ്മാണം പൂർത്തിയായാലുടൻ ബണ്ട് പൊളിക്കണമെന്ന ഉപാധിയോടെയാണ് അഫ്കോൺസിന് കരാർ കൊടുത്തതെന്ന് റെയിൽവേ ബോധിപ്പിച്ചു. റെയിൽ വികാസ് നിഗം ലിമിറ്റഡാണ് സ്വകാര്യ കമ്പനിയായ അഫ്കോൺസിന് ഉപകരാർ നൽകിയത്. ഇവരാണ് ബണ്ട് നിർമ്മിച്ചത്. ബണ്ട് നീക്കണമെന്ന് 2010ൽ കരാറുകാർക്ക് ഹൈക്കോടതി നിർദ്ദേശവും നൽകിയിരുന്നു. പക്ഷേ, യാതൊരു നടപടിയും ഉണ്ടായില്ല. ഹൈക്കോടതിയിൽ ഇപ്പോഴും കേസുണ്ട്. മാസങ്ങൾക്ക് മുമ്പ് മന്ത്രിമാരായ പി. രാജീവിന്റെയും റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിൽ ഉന്നതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ബണ്ട്
3 കിലോമീറ്റർ നീളം (വടുതല ഡോൺബോസ്‌കോ മുതൽ മുളവുകാട് വരെ).
15.6 ലക്ഷം ക്യു. മീറ്റർ: എക്കലും മണലും അടക്കം നീക്കാനുള്ള അവശിഷ്ടം
24.3 കോടി: പൊളിക്കാനുള്ള ചെലവ്
റെയിൽവേ മേൽപ്പാലം
- 4.62 കിലോമീറ്റർ: നീളം (ഇടപ്പള്ളി - വല്ലാർപാടം)
അഫ്‌കോൺസ്
ഗോശ്രീ പാലം, എൽ.എൻ.ജി ടെർമിനൽ, കൊച്ചിൻ പോർട്ടിലെ പദ്ധതികളിൽ പങ്കാളികൾ. മുംബയാണ് ആസ്ഥാനം.
വെള്ളപ്പൊക്കം
2018ലേതിന് സമാനമായ പ്രളയ സാഹചര്യമുണ്ടാക്കാൻ പോന്നതാണ് ബണ്ടെന്നും 50കിലോമീറ്ററിലേറെ വിസ്തൃതിയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ജലവിഭവ വകുപ്പിന്റെ മുന്നറിയിപ്പ്. ആയിരകണക്കിന് കുടുംബങ്ങൾ ദുരിതത്തിലാവും.
ബണ്ട് പൊളിക്കും. കോടതി വിധിക്കായി കാത്തിരിക്കുകയാണ്
- റോഷി അഗസ്റ്റിൻ,
ജലവിഭവ വകുപ്പ് മന്ത്രി
' വലിയൊരു പ്രദേശത്തെ തകർക്കാനുള്ള ശേഷി വടുതല ബണ്ടിനുണ്ട്. ഇത് അടിയന്തരമായി പൊളിക്കണം".
- സി.ആർ. നീലകണ്ഠൻ,
പരിസ്ഥിതി പ്രവർത്തകൻ
'ബണ്ട് പൊളിക്കൽ എളുപ്പമല്ല. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമുണ്ടാകണം.കോടതി, സർക്കാർ നിലപാടുകൾ അന്തിമം".
- കാർത്തിക്ക്,
റെയിൽവേ ഡിവിഷണൽ മാനേജർ (വർക്‌സ്)