SignIn
Kerala Kaumudi Online
Friday, 26 April 2024 9.06 AM IST

വരുന്നു,​ കുടുംബശ്രീയുടെ 2000 ആക്‌‌സിലറി യൂണിറ്റുകൾ  18- 40 പ്രായത്തിലുള്ള യുവതികളുടെ ഉന്നമനം ലക്ഷ്യം

kudumbasree

തിരുവനന്തപുരം: രൂപം കൊണ്ട് 23 വർഷം പൂർത്തിയാകുമ്പോൾ കുടുംബശ്രീക്ക് സമാനമായ രീതിയിൽ ഊർജ്ജസ്വലരായ യുവനിരയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 18 വയസിനും 40നും ഇടയിൽ പ്രായമുള്ള യുവതികളെ ലക്ഷ്യമിട്ട് ജില്ലയിൽ 2000 ആക്‌സിലറി യൂണിറ്റുകൾ കൂടി തുടങ്ങാൻ കുടുംബശ്രീ ഒരുങ്ങുന്നു.

ഒരു ലക്ഷം പേർ പങ്കാളികളാകും

പതിനെട്ടിനും 40നം ഇടയിൽ പ്രായമുള്ള യുവതികളെ ഉൾപ്പെടുത്തിയാണ് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുക. വാർഡു തലത്തിൽ ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റികളുടെ (എഡിഎസ്) നേതൃത്വത്തിലാകും ഇത്. ഒരു വാർഡിൽ ഒരു ഗ്രൂപ്പു വീതം 20,000 ഗ്രൂപ്പുകളാണ് ലക്ഷ്യമിടുന്നത്. പരമാവധി 50 പേരാണ് ഒരു ഗ്രൂപ്പിലുണ്ടാവു,ക. കൂടുതൽ പേർ മുന്നോട്ടു വരുന്ന സ്ഥിതി ഉണ്ടായാൽ ഒരു വാർഡിൽ ഒന്നിലധികം ഗ്രൂപ്പുകൾ രൂപീകരിക്കും. ജനാധിപത്യ രീതിയിലാവും ഭാരവാഹികളെ തിരഞ്ഞെടുക്കുക. ഓരോ ഗ്രൂപ്പിലും ലീഡറെ കൂടാതെ സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നിവയുടെ ചുമതലകൾ വഹിക്കുന്ന നാലു പേർ കൂടി ഉണ്ടാകും.

സ്ത്രീകൾക്ക് മുഖ്യധാരാ സമൂഹത്തിലെ ഇടപെടലിന് അവസരം ഉണ്ടാക്കുക,​ 18നും 40നും ഇടയിലുള്ള സ്ത്രീകളുടെ സാമ്പത്തിക വികാസം ഉറപ്പുവരുത്തുക,​ മാന്യമായ വരുമാനം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഒരു കുടുംബത്തിൽ നിന്ന് ഒരാളെയെങ്കിലും ആക്‌‌സിലറി ഗ്രൂപ്പിൽ അംഗമാക്കും. അടുത്തിടെ ജില്ലാ അടിസ്ഥാനത്തിൽ പരിശീലന ക്ളാസുകൾ നടത്തിയിരുന്നു. ജില്ലാ മിഷൻ ഉദ്യോഗസ്ഥർ,​ കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി ചെയർപേഴ്സ‌ൻമാർ (സി.ഡി.എസ്)​,​ അക്കൗണ്ടന്റുമാർ,​ കോസ്‌റ്റൽ വോളന്റിയർമാർ എന്നിവർക്ക് പരിശീലനം നൽകുകയും ചെയ്തു. ഗ്രൂപ്പുകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് രണ്ട് റിസോഴ്സ് പേഴ്സൻമാർക്കും പരിശീലനം നൽകി.

45 ലക്ഷം സ്ത്രീകൾ

നിലവിൽ 45 ലക്ഷത്തിലേറെ സ്ത്രീകൾ കുടുംബശ്രീ - അയൽക്കൂട്ടങ്ങളിൽ അംഗങ്ങളാണ്. എന്നാൽ ഇവരിൽ 18നും 40നും ഇടയിൽ പ്രായം ഉളളവർ 10% മാത്രമാണ്. കുടുംബശ്രീ അംഗത്വം ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം എന്ന തോതിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാൽ രണ്ടാമത് ഒരാൾക്ക് അംഗത്വവും ലഭിക്കില്ല. ഇക്കാരണങ്ങളാൽ കുടുംബശ്രീയിൽ അംഗങ്ങളല്ലാത്ത വലിയൊരു വിഭാഗം യുവതികൾക്ക് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പല പദ്ധതികളുടെയും ഗുണഫലങ്ങൾ ലഭ്യമാകുന്നില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ പരിമിതികൾ മറികടന്ന് യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാനും അവരെ പൊതുധാരയിൽ കൊണ്ടുവരാനും സാമൂഹിക സാമ്പത്തിക സ്ത്രീശാക്തീകരണ വിഷയങ്ങളെ കുറിച്ച് അവബോധം നൽകാനും ലക്ഷ്യമിട്ടാണ് ആക്‌‌സിലറി ഗ്രൂപ്പുകളുടെ രൂപീകരണം. അഭ്യസ്തവിദ്യരായ യുവതികൾക്ക് നൂതനമായ തൊഴിൽ സാദ്ധ്യതകൾ പരിചയപ്പെടുത്തുകയും വിവിധ തൊഴിൽ രംഗങ്ങളിൽ മുന്നേറാൻ കഴിയും വിധം അവരെ നൈപുണ്യമുള്ളവരാക്കി മാറ്റൻ കഴിയുമെന്നതാണ് പ്രതീക്ഷ.

പ്രചരണത്തിന് നവമാദ്ധ്യമങ്ങളും

ആക്‌സിലറി ഗ്രൂപ്പുകളുടെ പ്രചരണത്തിനായി നവമാദ്ധ്യമങ്ങളെ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗ്രൂപ്പുകളുടെ വിവരങ്ങളടങ്ങിയ പോസ്‌റ്ററുകൾ നിർമ്മിക്കുകയും അവ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിച്ച് പദ്ധതിയെ കുറിച്ച് അവബോധം ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആവശ്യാനുസരണം ആക്‌സിലറി ഗ്രൂപ്പുകൾക്ക് ഉപഗ്രൂപ്പുകൾ ഉണ്ടാക്കുകയും പ്രവർത്തിക്കുകയുമാകാം. ഇതിലൂടെ അവരുടെ സർഗാത്മകത പ്രകടപ്പിക്കുകയും തൊഴിലവസരങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും കണ്ടെത്തുകയും ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങളും നടത്താം. പ്രാദേശിക തൊഴിലവസരങ്ങൾ ലക്ഷ്യമിട്ടുള്ള പഠനവും പ്രവർത്തനങ്ങളും അനുവദനീയമാണ്. തൊഴിലവസരങ്ങളുടെ ദിശ തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ ഇവർക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴിയോ കുടുംബശ്രീ വഴിയോ ജീവിതമാർഗമായി ചെറിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള സഹായങ്ങളും പിന്തുണയും നൽകുകയും ചെയ്യും. സ്ത്രീധന പീഡനം ഉൾപ്പെടെ സ്ത്രീകൾ നേരിടുന്ന വിവിധ സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് സംവദിക്കാനും അവയെ ഫലപ്രദമായി പ്രതിരോധിക്കാനുമുള്ള കരുത്തുറ്റ വേദികളായി ആക്‌സിലറി ഗ്രൂപ്പുകളെ രൂപപ്പെടുത്താനും നടപടികളുണ്ടാവും. സ്ത്രീധന,​ ഗാർഹിക പീഡനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ പരിഹാരത്തിനായി സ‌്നേഹിത,​ ജൻഡർ റിസോഴ്സ് സെന്റർ,​ കമ്മ്യൂണിറ്റി കൗൺസിലർമാർ അടക്കമുള്ള സേവനങ്ങളും ഗ്രൂപ്പുകൾക്ക് ഉപയോഗിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUDUMBASREE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.