SignIn
Kerala Kaumudi Online
Friday, 26 April 2024 6.37 PM IST

കാശ്മീർ സന്ദർശനം തുടങ്ങി, പാക് ഭീകരതയ്‌ക്ക് ചുട്ട മറുപടി: ഷാ

shah

ന്യൂഡൽഹി: ഭീകരരെ ഇറക്കി ഫുട്പാത്ത് കച്ചവടക്കാരനെ വരെ കൊന്ന് വീണ്ടും ചോരപ്പുഴ ഒഴുക്കുന്ന പാകിസ്ഥാന്റെ ഗൂഢ നീക്കത്തിന് തിരിച്ചടി നൽകാനുള്ള തന്ത്രം മെനയാനും ജനതയ്ക്ക് ആത്മധൈര്യം പകരാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മുകാശ്‌മീരിൽ. മൂന്ന് ദിവസത്തെ ദൗത്യമാണ് അദ്ദേഹത്തിന്.

ഭീകരർ അഴിഞ്ഞാടുന്നത് അനുവദിക്കില്ലെന്നും അവർക്ക് ഒത്താശ ചെയ്യുന്നവർ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇന്നലെ സുരക്ഷാ അവലോകന യോഗത്തിൽ അമിത് ഷാ പറഞ്ഞു. സൈന്യത്തിന്റെ സുരക്ഷയും കേന്ദ്ര പിന്തുണയും ഉണ്ടായിട്ടും ഭീകരരെ തടയാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ജമ്മുകാശ്മീർ രാജ്ഭവനിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അദ്ദേഹം ചോദിച്ചു. ബീഹാർ, യു. പി തൊഴിലാളികൾക്കും പലായനത്തിന് ശേഷം തിരിച്ചെത്തിയ കാശ്മീരി പണ്ഡി​റ്റുകൾക്കും നേരെയുള്ള ആക്രമണങ്ങൾ തടയാൻ അദ്ദേഹം നിർദ്ദേശിച്ചു.

സുരക്ഷാസേന 13 ദിവസമായി തുടരുന്ന ഓപ്പറേഷനെ ചെറുക്കാൻ ഭീകരർക്ക് പാക് കമാൻഡോകൾ പരിശീലനം നൽകിയിരിക്കാമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. ഒൻപത് സൈനികരാണ് വീരമൃത്യു വരിച്ചത്. സുരക്ഷാ സന്നാഹത്തിലെ വീഴ്ചകൾ പരിശോധിക്കുമെന്ന് ജമ്മു കാശ്‌മീർ ഡി.ജി.പി ദിൽബാഗ് സിംഗ് യോഗത്തിൽ അറിയിച്ചു. അടുത്തിടെ 11പേർ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങളുടെ റിപ്പോർട്ട് അദ്ദേഹം അവതരിപ്പിച്ചു. കരസേന, ബി.എസ്.എഫ്, ഇന്റലിജൻസ് ഏജൻസികൾ എന്നിവയുടെ പ്രസന്റേഷനുകളും ഉണ്ടായിരുന്നു.

ഇന്റലിജൻസ് ബ്യൂറോ മേധാവി അർവിന്ദ് കുമാർ, സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ കുൽദീപ് സിംഗ്, എൻ.എസ്.എ മേധാവി എം.എ. ഗണപതി, ബി.എസ്.എഫ് മേധാവി പങ്കജ് സിംഗ്, ജമ്മുകാശ്‌മീർ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ധീര പോരാളിയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച്

ഇന്നലെ അമിത് ഷാ ശ്രീനഗർ-ഷാർജ വിമാന സർവീസ് ഉദ്ഘാടനം ചെയ്തു. ഭീകരർ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പർവേസ് അഹമ്മദിന്റെ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഇന്ന് ജമ്മുവിൽ റാലിയിൽ പങ്കെടുക്കും. 370ാം വകുപ്പ് റദ്ദാക്കിയ ശേഷമുള്ള അമിത് ഷായുടെ ആദ്യ സന്ദർശനമാണിത്. ഡൽഹിയിൽ നിന്നുള്ള അർദ്ധസൈനികരുടെ കനത്ത സുരക്ഷാ വലയത്തിലാണ് ജമ്മുകാശ്‌മീർ. ഷാ താമസിക്കുന്ന രാജ്ഭവന് ചു​റ്റിലും തന്ത്രപ്രധാന മേഖലകളിലും സ്‌നൈപ്പർമാരെയും ഷാർപ്പ് ഷൂട്ടർമാരെയും വിന്യസിച്ചിട്ടുണ്ട്. ഹൈവേകളിൽ വാഹന പരിശോധനയും കർശനമാക്കി. ഡ്രോൺ നിരീക്ഷണവുമുണ്ട്.

സമാധാനം തകർക്കാൻ അനുവദിക്കില്ല: ഷാ

ജമ്മുകാശ്മീരിൽ ഭീകരതയുടെ നാളുകൾ അവസാനിച്ചെന്ന് അമിത് ഷാ ജമ്മുകാശ്മീർ യൂത്ത് ക്ലബിന്റെ പരിപാടിയിൽ പറഞ്ഞു. സമാധാനം കെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. രണ്ട് വർഷങ്ങൾക്കുശേഷം ജമ്മുകാശ്മീരിൽ എത്തിയ താൻ ഇവിടത്തെ സാഹചര്യങ്ങളിൽ തൃപ്തനാണ്. കാശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ 2019 ആഗസ്​റ്റ് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SHAH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.