SignIn
Kerala Kaumudi Online
Saturday, 27 April 2024 2.20 AM IST

ഇൻസൾട്ടാണ് മുരളീ, ഇൻവെസ്റ്റ്‌മെന്റ് !

dronar

തലശ്ശേരി കാസ്ട്രോയാണോ കോടിയേരി ഏംഗൽസാണോ ഷംസീർ സഖാവെന്ന് ചോദിച്ചാൽ ആരും ഉടനൊരു തീർപ്പിലെത്തില്ലെന്നുറപ്പ്. മാർക്സിന്റെയും ഏംഗൽസിന്റെയും ചിന്താശേഷിയും കാസ്ട്രോയുടെ കരുത്തും ചെഗുവേരയുടെ വീര്യവും സമ്മേളിച്ചിരിക്കുന്നത് ഷംസീർ സഖാവിലാണെന്ന് പറയുന്നതാണ് ശരി. ചിന്താശേഷി ഒരു കഴഞ്ച് കൂടിയെങ്കിലേയുള്ളൂ.

പക്ഷേ ഷംസീർ സഖാവിന്റെ മാഹാത്മ്യം റിയാസ് സഖാവോ മഹാസാധു പിണറായി സഖാവോ തിരിച്ചറിയുന്നില്ലെന്നതാണ് അതീവ സങ്കടകരം. താനൊരു വലിയവനാണെന്ന തോന്നൽ ഷംസീർ സഖാവിനില്ല. ആനയ്ക്ക് ആനയുടെ മാഹാത്മ്യം അറിയില്ലെന്നതു പോലെ ഷംസീർ സഖാവിന് സ്വന്തം മാഹാത്മ്യം തിരിച്ചറിയാനാവുന്നില്ലെന്ന് കരുതരുത്. അദ്ദേഹം അത് പ്രകടിപ്പിക്കാറില്ലെന്നു മാത്രം.

പ്രകടനപരത സഖാവിന്റെ സ്വഭാവത്തിലില്ലെന്ന് കരുതി എന്തും ചെയ്യാമെന്ന് റിയാസ് സഖാവ് കരുതിയോ എന്നിപ്പോൾ പലരും ചോദിക്കുന്നു. ഷംസീർ സഖാവും വ്യാകുലചിത്തനാണ്. നിയമസഭയിൽ റിയാസ് സഖാവ് കരാറുകാരോടുള്ള അയിത്തം പ്രഖ്യാപിച്ചത് ഷംസീർ സഖാവിനെ വല്ലാതെ ഉലച്ചുകളഞ്ഞു. അയിത്തത്തിനും അനാചാരത്തിനുമെതിരെ സന്ധിയില്ലാ പോരാട്ടം നടത്തിയ പ്രകൃതമുള്ള ഷംസീർ സഖാവിന് അതൊരിക്കലും ഉൾക്കൊള്ളാനാവില്ല. ഉള്ളത് ഉള്ളതുപോലെ തുറന്നുപറയുന്ന ശീലമായതിനാൽ, റിയാസ് സഖാവിന്റെ നിലപാടിനോടുള്ള വിയോജിപ്പ് ഷംസീർ സഖാവ് സി.പി.എമ്മിന്റെ നിയമസഭാകക്ഷി യോഗത്തിൽ മുഖത്ത് നോക്കി തുറന്നു പറഞ്ഞത്രേ. കരാറുകാരെയും കൂട്ടി എം.എൽ.എമാർ മന്ത്രിയെ കാണാൻ വരരുതെന്ന് പറഞ്ഞാലത് ഉൾക്കൊള്ളാൻ പ്രയാസമാണ്. തലശ്ശേരിയിൽ മാത്രമല്ല, കപ്പലണ്ടിമുക്കിലോ കണ്ടക്കോരൻമുക്കിലോ പോലും എം.എൽ.എയായി ജീവിച്ചുപോകാനുള്ള പാട് ചില്ലറയല്ല. കൂടെ വരുന്നയാൾ കരാറുകാരനെങ്കിൽ കടക്ക്, പുറത്തെന്ന് കല്പിക്കാനുള്ള ത്രാണിയൊന്നും ഷംസീർ സഖാവിനില്ല. ആ ഉച്ചനീചത്വമില്ലായ്മയാണ് സഖാവിന്റെ കരുത്തും ദൗർബല്യവും. കടക്ക് പുറത്തെന്ന് പറഞ്ഞാൽ തലശ്ശേരിയിലെ എമ്മെല്ലെപ്പണിയോടും കടക്ക് പുറത്തെന്ന് കല്പിക്കേണ്ടിവരും!

ഷംസീർ സഖാവിന്റെ മാനസികനില ഉൾക്കൊള്ളാനുള്ള നിലവാരമില്ലാത്തവർ വല്ലാതെ തെറ്റിദ്ധരിക്കുകയും സഖാവിനെ വെടക്കാക്കി തനിക്കാക്കുകയും ചെയ്യുന്നു എന്നതാണ് അതീവ ദു:ഖകരം. ഇൻസൾട്ടാണ് മുരളീ, ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് ഷംസീർ സഖാവിനെക്കൊണ്ട് പറയിച്ചതും ഈയൊരവസ്ഥയായിരുന്നു. ഷംസീർ സഖാവിന് പല മുരളിമാരെ അറിയാം. പക്ഷേ ഒരു മുരളിയും റിയാസ് സഖാവിനെ പോലെ ക്രൂരമുഖമുള്ളവരോ കരാറുകാരോട് ചാതുർവർണ്യ ചിന്താഗതിയുള്ളവരോ അല്ല.

ഷംസീർ സഖാവിന്റെ വേദന പലരൂപത്തിലും ഭാവത്തിലും പുറത്തുവരാനുള്ള സാദ്ധ്യതകളുണ്ട്. പക്ഷേ, ചെകുത്താനോട് വേദമോതിയിട്ട് കാര്യമുണ്ടോയെന്ന മനോനില മറ്റുള്ളവർക്കുണ്ടായാൽ വേദനിച്ചിട്ടെന്ത് പ്രയോജനം!

കോഴിക്കോട്ടെ ബസ് ടെർമിനലിന്റെ ഭാവിയെ ഓർത്തപ്പോൾ കെ.എസ്.ആർ.ടി.സിയും മരാമത്ത് വകുപ്പും പരസ്പരം നെടുവീർപ്പിട്ടെന്നാണ് പറയുന്നത്. കൂറ്റനൊരു വാണിജ്യ സമുച്ചയം, 30 കൊല്ലത്തേക്ക് ലേലത്തിൽ നല്‌കി 257 കോടിയുടെ വരുമാനം, പിന്നെ കെ.എസ്.ആർ.ടി.സിക്ക് വച്ചടിവച്ചടി കയറ്റം... ദാസാ ഈ ബുദ്ധി നമുക്കെന്താ നേരത്തേ തോന്നാതിരുന്നതെന്ന് ട്രാൻസ്പോർട്ട് വകുപ്പ് മരാമത്തിനോട് ചോദിച്ചപ്പോൾ, മരാമത്തിന്റെ മറുപടി എല്ലാത്തിനും അതിന്റേതായ സമയമുണ്ട്, വിജയാ എന്നായിരുന്നു.

എന്നാലിപ്പോൾ കോഴിക്കോട്ടെ ടെർമിനിലിലേക്ക് ആളിന് പോയിട്ട് ബസിന് പോലും കയറാനാവാത്ത നിലയാണെന്നാണ് പറയുന്നത്. നിർമാണത്തിനെടുത്ത വായ്പ പലിശയടക്കം ഏതാണ്ട് 150 കോടിയായി. ബലക്ഷയം പരിഹരിക്കാൻ വീണ്ടുമൊരു 30കോടി കടമെടുക്കണമെന്ന് പറയുന്നു. എന്നാലേ ഒരു ബസെങ്കിലും അകത്തേക്ക് കയറുകയുള്ളൂവത്രെ. കരാറുകാരെയും കൂട്ടി ഇങ്ങോട്ട് വരേണ്ടെന്ന് റിയാസ് സഖാവ് പറഞ്ഞില്ലെങ്കിലല്ലേ അദ്ഭുതപ്പെടേണ്ടതുള്ളൂ!

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISHESHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.