SignIn
Kerala Kaumudi Online
Wednesday, 08 December 2021 3.23 PM IST

വീണ്ടും താലിബാൻ വിദ്യാഭ്യാസാക്രമണം

afganഒരട്ടിമറിയിലൂടെ അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ പിടിച്ചടക്കിയതോടു കൂടി, രണ്ട് പതിറ്റാണ്ട് മുമ്പ് നിലനിന്ന ഒരു യാഥാസ്ഥിതിക വിദ്യാഭ്യാസക്രമത്തിലേക്ക് രാജ്യം വീണ്ടും മടങ്ങുന്നതായാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ. 'സ്ത്രീകൾ കുഞ്ഞുങ്ങളെ പ്രസവിക്കുകയും വളർത്തുകയും ചെയ്യട്ടെ. ക്യാബിനറ്റിൽ അവരുടെ പങ്കാളിത്തം ആവശ്യമില്ല ' എന്നതാണ് ഒരു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോട് താലിബാൻ വക്താവിന്റെ മറുപടി. താലിബാൻ ഭരണകൂടം സ്ത്രീകളോടും പെൺകുട്ടികളോടും പുലർത്താൻ പോകുന്ന സമീപനം എന്തെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രതികരണം. ഇതിന്റെ പ്രതിഫലനങ്ങൾ വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകുമെന്ന് ഉറപ്പിക്കാൻ സമയമായിരിക്കുന്നു. ' ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കാൻ ഞങ്ങൾ അനുവദിക്കില്ല.' അവിടുത്തെ ആക്ടിംഗ് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രിയായ അബ്ദുൾ ബാഖി ഹഖാനിയുടെ ഈ പ്രസ്താവന ഇതിന്റെ ഏറ്റവും പ്രകടമായ തെളിവാണ്.

പെൺകുട്ടികൾ വിദ്യാഭ്യാസ മേഖലയ്ക്കു പുറത്ത്

മതാധിഷ്ഠിതവും ലിംഗവിവേചനാധിഷ്ഠിതവുമായ വിദ്യാഭ്യാസം തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ താലിബാൻ ഭരണകൂടം തുടങ്ങിക്കഴിഞ്ഞു. ആൺ കുട്ടികളും പെൺകുട്ടികളും ഒരു ക്ലാസ് മുറിയിലിരുന്ന് പഠിക്കുന്നരീതി ഉന്നതവിദ്യാഭ്യാസ മേഖലയിൽ അവസാനിപ്പിച്ചിരിക്കുന്നു. അവർക്കായി പ്രത്യേകം ക്ലാസ്സുകൾ തുടങ്ങിക്കഴിഞ്ഞു. അതിനു സൗകര്യമില്ലാത്ത ഇടങ്ങളിൽ ഒരു കർട്ടൻ കൊണ്ട് ക്ലാസ് മുറി രണ്ടായിതിരിച്ച് ക്ലാസ് നടത്തും. കർട്ടന്റെ ഇരുവശങ്ങളിലുമിരിക്കുന്ന വിദ്യാർത്ഥികൾ കാണത്തക്കവിധം അദ്ധ്യാപിക തന്റെ സ്ഥാനം ക്രമീകരിച്ച് പഠിപ്പിക്കും. ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം കാണാനോ ആശയ വിനിമയം നടത്താനോ യാതൊരു കാരണവശാലും അനുവദിക്കില്ല.
മാത്രമല്ല, പെൺകുട്ടികളായ വിദ്യാർത്ഥികൾക്ക് വനിതാ അദ്ധ്യാപകർ മാത്രമാകും ഇനി മുതൽ ക്ലാസുകളെടുക്കുക. ഇപ്പോൾ മതിയായ വനിതാ അദ്ധ്യാപകർ ഇല്ലെങ്കിൽ വേണ്ടത്ര നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കും. സഹപഠനത്തിന് അവസരമൊരുക്കിയ അദ്ധ്യാപികയ്ക്കു നേരെയുണ്ടായ വധഭീഷണിയും അവർക്കെതിരെ നടത്തിയ കുറ്റവിചാരണയും ഭരണാധികാരികൾക്ക് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള സമീപനം വ്യക്തമാക്കുന്നു. ആൺ കുട്ടികൾക്കു മാത്രമായി സെക്കൻഡറി സ്‌കൂളുകൾ തുറക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കണ്ട് പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും വിങ്ങിപ്പൊട്ടുകയാണ്. ഇത് താത്കാലികമായാണ് ചെയ്തതെന്ന് അധികാരികൾ പറയുന്നുണ്ടെങ്കിലും ആരും അത് വിശ്വസിച്ചിട്ടില്ല. സെക്കൻഡറി വിദ്യാഭ്യാസത്തിൽ നിന്നും ക്രമേണ അവരെ അകറ്റാനുള്ള തന്ത്രമാണ് ഇതെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?

പെൺകുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട നിയമാവലിയിലും തികച്ചും മതാധിഷ്ഠിത യഥാസ്ഥിതിക തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്. പാദം മുതൽ തലവരെ ശരീര ഭാഗങ്ങൾ പൂർണമായും മൂടത്തക്കവിധം കറുത്ത വസ്ത്രം ധരിക്കാനാണ് നിർദേശം. കാഴ്ച മറയാതിരിക്കാൻ കറുത്തതും നേർത്തതുമായ തുണികൊണ്ട് മുഖം മൂടുകയും വേണം. പൊക്കം കൂടിയ പാദരക്ഷകൾ ഇനി മുതൽ ധരിക്കാൻ പാടില്ല. പെൺകുട്ടികളും സ്ത്രീകളും സ്‌പോർട്സിലും കായിക ഇനങ്ങളിലും പങ്കെടുക്കുന്നത് തടഞ്ഞിരിക്കുന്നു. പെൺകുട്ടികൾക്കുള്ള നിലവിലെ പാഠ്യവിഷയങ്ങളും അതിന്റെ ഉള്ളടക്കവും പരിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് താലിബാൻ ഭരണാധികാരികൾ. വനിതകളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയത്തിന്റെ കോമ്പൗണ്ട് മതധാർമ്മികതാ പൊലിസിന്റെ ഓഫീസായി മാറ്റിയിരിക്കുന്നു എന്ന വസ്തുത സ്ത്രീ പുരുഷസമത്വവാദികളും പെൺപക്ഷ വാദികളും ഞെട്ടലോടെയാണ് കേട്ടത്. 1990 മുതൽ 2001 വരെ നിലവിലുണ്ടായിരുന്ന മതതീവ്ര താലിബാൻ ഭരണകൂടത്തിന്റെ യാഥാസ്ഥിതിക വിശ്വാസത്തിലൂന്നിയ പ്രവർത്തനങ്ങൾക്ക് വീണ്ടും ശക്തിപകരാനുള്ള ശ്രമങ്ങളാണ് അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ ആരംഭിച്ചിട്ടുള്ളത് എന്ന് വ്യക്തം.

2001 ലെ താലിബാൻ ഭരണത്തിന്റെ അന്ത്യത്തിനു ശേഷം, നീണ്ട 20 വർഷത്തെ പുതിയ ഭരണത്തിൻ കീഴിൽ തികച്ചും മതനിരപേക്ഷമായ വിദ്യാഭ്യാസമാണ് നിലനിന്നിരുന്നത് എന്ന് ഇപ്പറഞ്ഞതിന് അർത്ഥമില്ല. നിലവിലിരുന്ന താലിബാൻ ഭരണത്തിൽ നിന്നും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചു എന്നത് തർക്കമറ്റ സംഗതിയാണ്. മതപരമായ നിയന്ത്രണങ്ങൾ അത്ര തീവ്രമല്ലായിരുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും വിദ്യാഭ്യാസ പ്രക്രിയയുടെ മുഖ്യധാരയിൽ എത്തിക്കുന്നതിൽ രാജ്യം വളരെ മുന്നോട്ടു പോയി. വിദ്യാഭ്യാസ വകുപ്പു മന്ത്രി തന്നെ വനിതയായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇക്കാലയളവിൽ വിദ്യാലയങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചു. സ്ത്രീ സാക്ഷരത ഏതാണ്ട് രണ്ടിരട്ടിയായി വർദ്ധിച്ച് 30ശതമാനത്തിലെത്തി. ( വർദ്ധനവ് പട്ടണപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നെങ്കിലും.) മതവിശ്വാസത്തിൽ അധിഷ്ഠിതമായ രാഷ്ട്രമാണെങ്കിൽ കൂടി, വിദ്യാർത്ഥികളുടെ സഹപഠനം, അദ്ധ്യാപന വൃത്തിയിലെ ലിംഗവിവേചനം, പെൺകുട്ടികളുടെ വസ്ത്രധാരണത്തിന്മേലുള്ള നിയമാവലി എന്നിവയിലൊക്കെ ഉദാരസമീപനമാണ് സ്വീകരിച്ചു പോന്നത്. ലോകത്തിലെ ഇതര മുസ്ലീം രാഷ്ട്രങ്ങൾ ചെയ്യുന്നതു പോലെ, ലിംഗപരമായ തുല്യത കൈവരിക്കാനുള്ള ചില ശ്രമങ്ങൾ അഫ്ഗാനിസ്ഥാനിലും നടന്നുവരികയായിരുന്നു. താലിബാന്റെ വരവോടു കൂടി അതിനെല്ലാം വിരാമമാകാൻ പോകുന്നു.

വിദ്യാഭ്യാസാക്രമണത്തിനെതിരെ

അന്താരാഷ്ട സമൂഹം

കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നതും, അദ്ധ്യാപകരുടെ മേൽ മാനസിക സമ്മർദം ചെലുത്തുന്നതും, പൊലിസും പട്ടാളവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിച്ചടക്കുന്നതും നശിപ്പിക്കുന്നതും, അക്രമത്തിന്റെയും ഭീതിയുടെയും അന്തരീക്ഷത്തിൽ പഠിക്കുന്നതും പഠിപ്പിക്കുന്നതുമെല്ലാം വിദ്യാഭ്യാസാക്രമണമാണ് എന്നാണ് യുനെസ്‌കോ പറഞ്ഞിട്ടുള്ളത്. അങ്ങനെയെങ്കിൽ, ഇതൊക്കെ തന്നെയാണ് താലിബാൻ ഭരണത്തിൽ കീഴിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 'പെൺകുട്ടികൾ വീട്ടിൽത്തന്നെ ഇരിക്കുക; അല്ലെങ്കിൽ മദ്രസകളിലേക്കു പോകുക' എന്ന താലിബാൻ മുദ്രാവാക്യം വീണ്ടും ഉയിർത്തെഴുന്നേൽക്കുകയാണ്. 'പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തങ്ങൾ തിരിച്ചറിയുന്നു' എന്ന് താലിബാൻ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി പറയുമ്പോഴും അവർ പ്രാവർത്തികമാക്കുന്നത് വിരുദ്ധമായ നിലപാടാണ്. കാബിനെറ്റിലെ ഭൂരിഭാഗം മന്ത്രിമാരും പഠിച്ചത് പാകിസ്ഥാനിലെ മദ്രസകളിലാകുമ്പോൾ എങ്ങനെയാണ് അവർക്ക് മറിച്ചു ചിന്തിക്കാനാകുക!

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെൺകുട്ടികളും കടുത്ത നിരാശയിലാണിപ്പോൾ. മതനിരപേക്ഷ സ്‌കൂളുകൾ അടച്ചുപൂട്ടുമോ എന്ന് അവർ ആശങ്കപ്പെടുന്നു. വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശവും അവസരവും ക്രമേണ നിഷേധിക്കപ്പെടുമെന്ന് അവർ ഭയപ്പെടുന്നു. ഇസ്ലാം ജനാധിപത്യവാദികളും സ്ത്രീപക്ഷവാദികളും ഇത്തരം വിദ്യാഭ്യാസാക്രമണത്തിനെതിരെ അതിശക്തമായി രംഗത്തുവരികയുണ്ടായി. പക്ഷേ അതെല്ലാം അടിച്ചമർത്തപ്പെടുകയാണ് അവിടെ. പത്തിലധികം പ്രക്ഷോഭകാരികൾ മരിക്കുകയും നൂറിൽപരം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് അവിടെനിന്നുള്ള ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറ് ജേർണലിസ്റ്റുകളെ അറസ്റ്റു ചെയ്തു. ലോകത്തിലെ ഇതര മുസ്ലീം രാഷ്ടങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും താലിബാന്റെ 'വിദ്യാഭ്യാസാക്രമണ'ത്തിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസാവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിനെതിരെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ശബ്ദം ഇനിയും ഉയരേണ്ടതുണ്ട്.


(റിട്ട. ഡയറ്റ് പ്രിൻസിപ്പൽ, പത്തനംതിട്ട)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TALIBAN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.