SignIn
Kerala Kaumudi Online
Wednesday, 08 December 2021 9.56 PM IST

ഇപ്പോഴാണ് ശരിക്കും 'അച്ഛാദിൻ', അഞ്ച് വർഷം കൊണ്ട് എണ്ണവില ഇരട്ടിയായി, മിണ്ടാട്ടമില്ലാതെ പഴയ പ്രതിഷേധക്കാർ

petrol

തിരുവനന്തപുരം: പാവങ്ങളെ പൊറുതിമുട്ടിച്ച് രാജ്യത്ത് ഒരുമാസത്തിനിടെ ഇന്ധന വിലയിലുണ്ടായ വർദ്ധന എട്ടുരൂപയാണ്. എണ്ണക്കമ്പനികൾക്ക് വില നിർണയിക്കാനുള്ള അവകാശം യു പി എ സർക്കാർ നൽകിയതോടെയാണ് രാജ്യത്തെ അടിക്കടി ഇന്ധനവില കൂടാൻ തുടങ്ങിയത്. ഇതിനെതിരെ അന്നത്തെ മുഖ്യ പ്രതിപക്ഷമായിരുന്ന ബി ജെ പി ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. എന്നാൽ അവർക്ക് അധികാരം ലഭിച്ചതോടെ ഇന്ധനവില കുതിച്ചുകയറുകയായിരുന്നു. വില കുറയ്ക്കാനുള്ള നടപടികൾ ഒന്നും കൈക്കൊള്ളാതെ കൊള്ളയടി തുടരാൻ എണ്ണകമ്പനികൾക്ക് കണ്ണുമട‌ച്ച് സർക്കാർ അധികാരം നൽകുകയായിരുന്നു.ഇതിനൊപ്പം കൊവിഡിന്റെ പേരിലുൾപ്പടെ സെസുകൾ കൂട്ടി ജനങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുകയും ചെയ്തു. ഇങ്ങനെ കിട്ടുന്ന പണം കൊണ്ടാണ് രാജ്യത്ത് റോഡുകൾ ഉൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പാർട്ടി നേതാക്കൾ പറഞ്ഞു..

2016ൽ കേവലം അമ്പത് രൂപയായിരുന്നു ഒരു ലിറ്റർ ഡീസലിന്റെ വില. അതിപ്പോൾ നൂറ്റിമൂന്നുരൂപയായി. പെട്രോളിന് 110 കടന്നു. കൊവിഡിന് ശേഷം പൊതു ഗതാഗതം പഴയപടി ആവാത്തതിനാൽ മിക്കവരും സ്വന്തം വാഹനങ്ങളിലാണ് ഓഫീസുകളിലേക്ക് പോകുന്നത്. ഇവരുടെയും പോക്കറ്റ് കാലിയാക്കുകയാണ് ദിനംപ്രതി വർദ്ധിക്കുന്ന എണ്ണവില.പെട്രോൾ വിലയിലെ വർദ്ധനവിനെക്കാളും കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഇടിത്തീയാവുന്നത് ഡീസലിലെ വില വർദ്ധനവാണ്. ഉത്തരേന്ത്യയിൽ നിന്നടക്കം ഭക്ഷ്യവസ്തുക്കൾ കേരളത്തിലേക്ക് എത്തുന്നത് ചരക്ക് ലോറിയിലാണ്. എണ്ണവിലയിലെ വർദ്ധനവ് സാധനങ്ങളുടെ വിലയും ഗണ്യമായി കൂടിയിട്ടുണ്ട്. ഇതിനൊപ്പം പാചക വാതകത്തിന്റെ വിലകൂടി അടിക്കടി കൂടുന്നത് ജനങ്ങളെ അക്ഷരാർത്ഥത്തിൽ പൊറുതിമുട്ടിക്കുകയാണ്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ പെട്രോളിന് ലിറ്ററിന് നാൽപ്പത് രൂപയാക്കും എന്നാണ് യു പി എ സർക്കാർ രാജ്യം ഭരിക്കുമ്പോൾ ബി ജെ പി നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഇവരൊന്നും വാ തുറക്കുന്നില്ല. പെട്രോൾ വില വർദ്ധിച്ചപ്പോൾ കാളവണ്ടിയാത്ര നടത്തിയും, സ്‌കൂട്ടർ ഉരുട്ടിയുമെല്ലാം റോഡിൽ പ്രതിഷേധിച്ചവരുടെ അവസ്ഥയും ഇതുതന്നെ. ഇന്ധനവിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചാൽ ആർക്കും മനസിലാവാത്ത ന്യായങ്ങളാവും മന്ത്രിമാർ ഉൾപ്പടെയുള്ളവർ നിരത്തുക. ചിലർ എല്ലാം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മേൽ ചാരും. ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ എല്ലാം പ്രശ്നങ്ങൾക്കും പരിഹാരമാവും എന്ന് പറയുകയും ചെയ്യും.

ഇന്ധനവിലക്കയറ്റിന്റെ പേരിൽ സോഷ്യൽ മീഡിയയിലും ബി ജെ പിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെ പ്രതിരോധിക്കാൻ നേതാക്കൾആരും രംഗത്തെത്തുന്നില്ല എന്നതാണ് ഏറെ കൗതുകരം. കഴിഞ്ഞദിവസം നൂറു കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്ത കേന്ദ്രസർക്കാറിന് ആദരം അർപ്പിച്ചുകൊണ്ട് നടത്തിയ ചടങ്ങുകളുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ഇന്ധനവിലക്കയറ്റത്തിനെതിരെ രൂക്ഷമായ കമന്റുകളാണ് ഉണ്ടായത്. എന്നാൽ ആരും ഇതിനെ പ്രതിരോധിച്ചതേ ഇല്ല.

എണ്ണവില വർദ്ധിക്കുമ്പോഴും അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ രാജ്യത്തെ പ്രതിപക്ഷത്തിന് കഴിയാത്തതും കേന്ദ്ര സർക്കാരിന് തുണയാവുകയാണ്. അടുത്ത് തന്നെ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എണ്ണവില വർദ്ധനവ് സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള മികച്ച ആയുധമാണെന്ന വസ്തുത പോലും മനസിലാക്കാൻ പ്രതിപക്ഷത്തിനാവുന്നില്ല.

ഇന്നത്തെ വിലനിലവാരം

ഇന്ന് പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം പാറശ്ശാലയിൽ പെട്രോൾ വില 110 കടന്നു. 110 രൂപ 10 പൈസയും, ഡീസലിന് 103 രൂപ 77 പൈസാണ് വില. പെട്രോളിന് 35 പൈസയും ഡീസലിന്​ 36 പൈസയും​ ഇന്നലെ വർദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 10 പൈസയും, പെട്രോളിന് 6 രൂപ 60 പൈസയുമാണ് കൂട്ടിയത്.

വില നിശ്ചയിക്കുമ്പോൾ കണക്കാക്കുന്നത്

ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ , ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ഉൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നിലവിൽ വരും. രാജ്യാന്തര ക്രൂഡോയിൽ വില, രൂപ- ഡോളർ വിനിമയ നിരക്ക് എന്നിവ കണക്കാക്കിയാണ് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില എണ്ണ കമ്പനികൾ നിശ്ചയിക്കുന്നത്.

വർദ്ധനവിന് കാരണമാവുന്ന നികുതികൾ ഇങ്ങനെ

2014ൽ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതി 9.48 രൂപയായിരുന്നു; ഇപ്പോൾ 32.90 രൂപ. ഡീസലിന്റേത് 3.56 രൂപയായിരുന്നത് 31.80 രൂപയിലെത്തി. കേരളം ഈടാക്കുന്ന നികുതി പെട്രോളിന് 27.42 ശതമാനമായിരുന്നത് 30.08 ശതമാനമായി. ഡീസലിന്റെ നികുതി 22.07 ശതമാനത്തിൽ നിന്ന് 22.76 ശതമാനത്തിലുമെത്തി.രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതിന് ആനുപാതികമായി, നികുതി കൂട്ടാനാണ് കേന്ദ്രസംസ്ഥാന സർക്കാരുകൾ മത്സരിച്ചത്. അതോടെ, ക്രൂഡ് വിലക്കുറവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കിട്ടാതെയുമായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TODAY PETROL-DIESEL-PRICE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.